വിസ്മയ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' എന്ന ചിത്രത്തിന്‍റെ പുതിയ ബിടിഎസ് വീഡിയോ പുറത്തിറങ്ങി.

വിസ്മയ മോഹന്‍ലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിന്‍റെ പുതിയ ബിടിഎസ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലെ ചില ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം വീഡിയോയില്‍ കാണാം. വിസ്മയയുടെ അരങ്ങേറ്റ ചിത്രം എന്ന ഹൈപ്പില്‍ എത്തിയ ചിത്രമാണിത്. ഭേദപ്പെട്ട അഭിപ്രായങ്ങളും ചിത്രത്തിന് ലഭിച്ചു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 44 കോടിയാണ് ചിത്രം നേടിയത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 28 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 17 കോടിയും.

വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷം ഉണ്ട് എന്നതും റിലീസിന് മുന്‍പ് പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിരുന്നു. ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗിലും ഈ ഘടകം പോസിറ്റീവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വന്‍ വിജയം നേടിയ 2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്ത ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം ഓഗസ്റ്റ് ഏഴാം തീയതിയാണ് തിയറ്ററുകളില്‍ എത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിഷിന്‍റെ പ്രകടനത്തിനും കൈയടി ലഭിച്ചിരുന്നു. മുന്‍പ് എമ്പുരാനില്‍ ഒരു ചെറു വേഷത്തിലും ആശിഷ് എത്തിയിരുന്നു.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ.

Thudakkam - Behind The Scenes | Vismaya Mohanlal | Aashish Joe Antony | Jude Anthany Joseph