നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രത്തിന്‍റെ സംവിധാനം

മലയാള സിനിമയുടെ തുടക്കകാലം മുതല്‍ കഥയില്‍ ഇടംപിടിക്കാറുള്ളവയാണ് കോടതി രംഗങ്ങള്‍. എന്നാല്‍ അവ പലപ്പോഴും യാഥാര്‍ഥ്യവുമായി കാര്യമായി ബന്ധം പുലര്‍ത്തുന്നവയല്ലെന്ന് നിയമ രംഗത്ത്രം പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തിയറ്ററുകളിലുള്ള ടൊവിനോ തോമസ്- കീര്‍ത്തി സുരേഷ് ചിത്രം വാശിയിലെ കോടതി രംഗങ്ങളെക്കുറിച്ച്, അവ യാഥാര്‍ഥ്യവുമായി അടുത്തു നില്‍ക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലടക്കം അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കോടതി രംഗത്തിലെ ചില നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രൊമോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന അഡ്വ. മാധവിയാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ മാധവി നിരത്തുന്ന വാദമുഖങ്ങളിലെ ഒരു ഭാഗമാണ് പ്രൊമോയില്‍ ഉള്ളത്. "സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്നൊരു സ്ത്രീ പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ആഘോഷിച്ചു. പക്ഷേ അത് ഒരു പുരുഷന്‍ പറഞ്ഞാലോ? ഇതേ ചോദ്യം തന്നെയാണ് ഈ കേസിലും നിലനില്‍ക്കുന്നത്", എന്നാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഡയലോഗ്. അഡ്വ. എബിന്‍ എന്നാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കോടതിമുറിയിലെ ഇരുവരുടെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് വാശിയെ രസകരമാക്കുന്നത്. ഇരുവരുടെയും പ്രകടനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

ALSO READ : ഒടിടി റൈറ്റ്സില്‍ മികച്ച തുക നേടി 'വാശി'; വാങ്ങിയത് നെറ്റ്ഫ്ലിക്സ്

നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ജാനിസ് ചാക്കോ സൈമണിന്‍റെ കഥക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമാതാക്കൾ. അച്ഛൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യമായാണ് കീർത്തി അഭിനയിക്കുന്നത്. കീർത്തിയും ടൊവിനോയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നീൽ ഡി കുഞ്ഞ ഛായാഗ്രാഹണം നിർവ്വഹിച്ച ചിത്രത്തിന് അർജു ബെന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്. സിതാര കൃഷ്ണകുമാർ, അഭിജിത്ത് അനിൽകുമാർ, ഗ്രീഷ്മ തറവത്ത്, കേശവ് വിനോദ്, ശ്രുതി ശിവദാസ് എന്നിവര്‍ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

"