ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ആദ്യമായി ഒന്നിക്കുന്ന വൈആർഎഫ് സ്പൈ യൂണിവേഴ്സ് ചിത്രം 'വാർ 2' ന്റെ ആക്ഷൻ പായ്ക്ക്ഡ് ടീസർ പുറത്തിറങ്ങി.
മുംബൈ: വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ്. ഹൃത്വിക് റോഷനും എൻടിആർ ജൂനിയറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനമായ മെയ് 20നാണ് ടീസര്‍ ഇറങ്ങിയിരിക്കുന്നത്.
ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങുന്ന കാര്യം താരങ്ങള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ ചാരനായിരുന്ന കബീറിന് പുതിയ എതിരാളിയായി ജൂനിയര്‍ എന്‍ടിആറിന്‍റെ കഥാപാത്രം എത്തുന്നു എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അതി ഗംഭീര ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.
'നിനക്ക് എന്നെ അറിയില്ല, ഇനി അറഞ്ഞോളും' എന്ന ഡയലോഗോടെയാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ എന്‍ട്രി. അതേ സമയം ഹൃത്വിക് റോഷന്‍റെ കബീര്‍ എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ ഡയലോഗ് ഒന്നും ഇല്ല. കിയരാ അദ്വാനി ഹൃത്വിക്കിന്‍റെ ജോഡിയാണ് എന്ന സൂചനയും 1.34 മിനുട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ നല്‍കുന്നത്.
സിനിമാ തിയേറ്ററുകളിൽ വന്‍ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ അയാന്‍ മുഖര്‍ജിയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമാണ് വാര്‍ 2. ചിത്രം ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ഇറങ്ങും.
2025 ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ മറ്റ് താരങ്ങളായ സല്‍മാന്‍റെ ടൈഗറോ, ഷാരൂഖിന്‍റെ പഠാനോ ക്യാമിയോ ആയി എത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒപ്പം ചിത്രം ആഗോള ബോക്സ് ഓഫീസിൽ എന്ത് തരംഗം സൃഷ്ടിക്കും എന്നത് ബോളിവുഡ് ഉറ്റുനോക്കുന്ന കാര്യമാണ്.