ഹൃത്വിക് റോഷനും എൻടിആർ ജൂനിയറും ഒന്നിക്കുന്ന വൈആർഎഫ് സ്പൈ യൂണിവേഴ്സ് ചിത്രം 'വാർ 2'വിൽ നിന്നുള്ള പുതിയ അപ്ഡേറ്റ് മെയ് 20 ന് പ്രതീക്ഷിക്കാം.
മുംബൈ: വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ്. ഹൃത്വിക് റോഷനും എൻടിആർ ജൂനിയറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് പുറത്തുവരാന്‍ ഇരിക്കുന്നത്. മെയ് 20ന് പുതിയ അപ്ഡേറ്റ് എത്തും എന്നാണ് സൂചന.
അതിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ താരങ്ങളായ ഹൃത്വിക് റോഷനും എൻടിആർ ജൂനിയറും തമ്മില്‍ പോര്‍വിളി നടത്തുകയാണ്. ഹേയ് ജൂനിയർ എൻടിആർ മെയ് 20 ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നിങ്ങൾക്ക് അറിയാമെന്ന് ഞാൻ കരുതുന്നു? എന്താണ് വരാന്‍ പോകുന്നത് നിങ്ങൾക്ക് ഒരു ധാരണയുമില്ല, റെഡിയാണോ? എന്നാണ് ഹൃത്വിക് പോസ്റ്റ് ഇട്ടത്.
പിന്നാലെ ജൂനിയര്‍ എന്‍ടിആര്‍ ഇങ്ങനെ പറഞ്ഞു, മുൻകൂട്ടി നന്ദി അറിയിക്കുന്നു ഹൃത്വിക് റോഷൻ സാർ!
നിങ്ങളെ വേട്ടയാടി വീഴ്ത്തി ആ പ്രത്യേക സമ്മാനം നല്‍കാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ, കബീര്‍ എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ എഴുതിയത്.
വാര്‍ സിനിമയില്‍ സ്പെഷ്യല്‍ ഏജന്‍റ് കബീറാണ് ഹൃത്വിക് റോഷന്‍ ചെയ്യുന്ന വേഷം. സിനിമാ തിയേറ്ററുകളിൽ വന്‍ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ അയാന്‍ മുഖര്‍ജിയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമാണ് വാര്‍ 2.
എന്നാല്‍ മെയ് 20ന് ചിത്രത്തിന്‍റെ ടീസറോ ഫസ്റ്റ് ലുക്കോ എത്തും എന്നാണ് കരുതപ്പെടുന്നത്. 2025 ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ എന്ത് തരംഗം സൃഷ്ടിക്കും എന്നത് ബോളിവുഡ് ഉറ്റുനോക്കുന്ന കാര്യമാണ്.