റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണ് ഇതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു

തിരുവനന്തപുരം: ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം മേഖലയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്കാരം. ഈ വര്‍ഷം സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാര നേട്ടമാണിത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ പുരസ്കാരത്തിന് കേരളം അര്‍ഹമാകുന്നത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്പോണ്‍സിബിള്‍ ടൂറിസം പാര്‍ട്ണര്‍ഷിപ്പും ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസവും(ഐസിആര്‍ടി) സംയുക്തമായായാണ് പുരസ്കാരം നല്കുന്നത്. ലോക്കല്‍ സോഴ്സിംഗ്-ക്രാഫ്റ്റ് ആന്‍ഡ് ഫുഡ് വിഭാഗത്തിലാണ് കേരളം പുരസ്കാരം നേടിയത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന കാര്‍ഷിക ടൂറിസം പ്രവര്‍ത്തനമായ കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക്, പ്രാദേശിക ഭക്ഷണം ടൂറിസ്റ്റുകള്‍ക്കായി ഒരുക്കുന്ന എക്സ്പീരിയന്‍സ് എത്നിക്ക് ക്യുസീന്‍ പ്രോജക്റ്റ്, പരമ്പരാഗത തൊഴില്‍ , കലാ പ്രവര്‍ത്തനങ്ങള്‍, രുചി വൈവിധ്യങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍ എന്നിവ പ്രമേയമാക്കുന്ന എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജുകള്‍, പ്രാദേശിക കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഒരുക്കല്‍, തദ്ദേശീയ ജനസമൂഹത്തിനായി നല്‍കി വരുന്ന പരിശീലനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുരസ്കാരത്തിനായി പരിഗണിച്ചു.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്‍റെ തനതുല്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്ന കേരളീയം ആഘോഷപൂര്‍വം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പുരസ്കാരം നേടാനായത് അഭിമാനകരമാണ്. ഉത്തരവാദിത്ത ടൂറിസം വിജയകരമായി നടപ്പാക്കുന്നതിലൂടെ മറ്റ് രാജ്യങ്ങള്‍ക്കും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാകുകയാണ്. അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന്‍റെ ഖ്യാതി ഉയര്‍ത്തുന്നതാണ് ഇത്തരം അംഗീകാരങ്ങള്‍. കൂടുതല്‍ അനുഭവവേദ്യ ടൂറിസം പദ്ധതികള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിയേയും പൈതൃകത്തേയും സംരക്ഷിക്കാന്‍ പദ്ധതി സഹായകമാകുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങള്‍ക്ക് നേട്ടമുണ്ടാകും. കേരള ആര്‍ടി മിഷന്‍ സംസ്ഥാനത്ത് സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കി വരികയാണ്. വ്യത്യസ്ത പദ്ധതികളിലൂടെ ടൂറിസം ജനകീയമാക്കുന്നതിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ തനതു വിഭവങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഉറപ്പു വരുത്തുന്നതിനുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിച്ച പദ്ധതിയാണ് എക്സ്പീരിയന്‍സ് എത്നിക്ക് ക്യുസീന്‍ പ്രോജക്റ്റ്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരള ടൂറിസത്തിന് ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തില്‍ നടപ്പിലാക്കിയ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയ്ക്കും പുരസ്കാരം ലഭിച്ചിരുന്നു. നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2023 ലെ ഗോള്‍ഡ് പുരസ്കാരം. ഉത്തരവാദിത്ത മിഷന്‍റെ സ്ട്രീറ്റ് പദ്ധതി വിജയകരമായി നടപ്പിലാക്കിയ കാന്തല്ലൂര്‍ പഞ്ചായത്തിന് ലഭിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് ഗോള്‍ഡ് പുരസ്കാരം എന്നിവയും കേരള ടൂറിസത്തിന്‍റെ തിളക്കം കൂട്ടുന്നു.

പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്നതിനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 25,000 കുടുംബങ്ങള്‍ക്ക് ആര്‍ടി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഗ്രാമീണ പ്രാദേശിക സാമൂഹിക വികസനത്തിന് വിനോദ സഞ്ചാരത്തെ ഉപയോഗിക്കുന്നതിനൊപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസനവും ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ലക്ഷ്യങ്ങളാണ്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകള്‍ക്കും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ സഹായങ്ങളൊരുക്കുക, മികച്ച സാമൂഹ്യ-പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

'കുരുടൻ' പ്രയോഗം അവരുടെ നിലവാരം, സ്വന്തം സ്ഥാനാർത്ഥിയെ പരിഹസിക്കുന്നത് കെഎസ്‍യു അവസാനിപ്പിക്കണം: ലിന്‍റോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്