Asianet News MalayalamAsianet News Malayalam

വെക്കേഷന് തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ സൂക്ഷിക്കുക!

തമിഴ്‌നാട്ടില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായിട്ടുള്ള സിനിമാപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്

Cinema workers viral face book post about police atrocity in Ootty trip
Author
Trivandrum, First Published Mar 30, 2019, 7:30 PM IST

കോഴിക്കോട്: വേനല്‍ അവധിക്കാലം എത്തിക്കഴിഞ്ഞു. പലരും യാത്രകളുടെ പ്ലാനിങ്ങിലായിരിക്കും. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായിട്ടുള്ള സിനിമാപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാടാണ് ഊട്ടിയാത്രയ്ക്കിടയിലെ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നത്. ഒരുപക്ഷേ സഞ്ചാരികളില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്രദമായേക്കും ഈ പോസ്റ്റിലെ വിവരങ്ങള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


പ്രിയ സുഹൃത്തുക്കളെ,

വെക്കേഷന്‍ കാലമാണ്. കുടുംബത്തോടൊപ്പവും മറ്റും തമിഴ്‌നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. ഷൂട്ടിങ്ങ് ആവശ്യാര്‍ഥം കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ഞങ്ങള്‍ ഊട്ടിയിലാണുള്ളത്. ഇലക്ഷനോടാനുബന്ധിച്ചുള്ള പൊലീസ് ചെക്കിങ്ങിന്റെ ഭാഗമായി കോയമ്പത്തൂര്‍ മുതല്‍ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

പ്രത്യേകിച്ചും കേരള രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍. ഊട്ടിയിലേക്കുള്ള എല്ലാ പാതയോരങ്ങളിലും ഇരുപത്തിനാല് മണിക്കൂറും ഇതു തന്നെയാണ് അവസ്ഥ. എല്ലാ ദിവസവും ഷൂട്ടിങ്ങിന് വേണ്ടി ലൊക്കേഷനിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും നീണ്ട പരിശോധനയുണ്ടാവാറുണ്ട്. നാലു ദിവസങ്ങള്‍ക്ക് മുന്‍പു ഷൂട്ട് കഴിഞ്ഞു താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന ഞങ്ങളുടെ കാര്‍ പരിശോധിക്കുകയും പ്രൊഡ്യൂസറുടെ കൈവശമുണ്ടായിരുന്ന നാല്‍പത്തി രണ്ടായിരം രൂപയും, മാനേജറുടെ കയ്യില്‍ ഉണ്ടായിരുന്ന മുപ്പത്തിഒന്നായിരം രൂപയും ഡ്രൈവറുടെ കയ്യില്‍ ഉണ്ടായിരുന്ന പതിനായിരം രൂപയും പരിശോധനയുടെ ഭാഗമായി പൊലീസ് പിടിച്ചെടുത്തു.

പ്രൊഡ്യൂസറുടെ കൈവശമുണ്ടായിരുന്ന പണം എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച സ്ലിപ്പ് കാണിച്ചിട്ടും അവര്‍ പണം തിരികെ നല്‍കാന്‍ സമ്മതിച്ചില്ല. അന്‍പതിനായിരം രൂപ വരെ ഒരാള്‍ക്ക് കൈവശം വെക്കാമെന്നിരിക്കെ മൂന്നു പേരില്‍ നിന്നായിട്ടാണ് എണ്‍പത്തിമൂന്നായിരം രൂപ അവര്‍ പിടിച്ചെടുത്തത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഒരേ വാഹനത്തില്‍ നിന്നാണ് തുക മുഴുവന്‍ പിടിച്ചത് എന്നാണവര്‍ പറഞ്ഞത്.പേടിക്കേണ്ട ആവശ്യമില്ലെന്നും നാളെ ആര്‍.ടി.ഒ ഓഫീസില്‍ വന്നു അതാത് രേഖകള്‍ ഹാജരാക്കിയാല്‍ പണം തിരികെ ലഭിക്കുമെന്നും പറഞ്ഞ് ഞങ്ങളുടെ പണം അവര്‍ സീല്‍ ചെയ്തു കൊണ്ടുപോയി.

പിറ്റേ ദിവസം ആര്‍.ടി.ഒ ഓഫീസില്‍ ചെന്ന ഞങ്ങളോട് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ പോകാന്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയ ഞങ്ങള്‍ കണ്ടത് നീണ്ട ക്യൂവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചെക്കിങ്ങില്‍ ഞങ്ങളെ പോലെ തന്നെ പണം നഷ്ടപെട്ടവരാണ് അവരെല്ലാവരും. അതില്‍ തൊണ്ണൂറു ശതമാനവും മലയാളികളായിരുന്നു. ഒരു ദിവസത്തിനും, രണ്ട് ദിവസത്തിനുമായി കുടുംബത്തോടൊപ്പം യാത്ര വന്നവരും, പച്ചക്കറിയും മറ്റും എടുക്കാന്‍ വന്ന കച്ചവടക്കാരുമായിരുന്നു ഇവരില്‍ അധികവും.

ഓഫീസില്‍ ഡോക്യുമെന്റ്‌സ് എല്ലാം കാണിച്ച ഞങ്ങളോട് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ട്രഷറിയില്‍ പോയാല്‍ പണം അവിടെ നിന്നും കൈപ്പറ്റാമെന്നും പറഞ്ഞു ഒരു സ്ലിപ്പും തന്നു. പുറത്തിങ്ങിയ ഞങ്ങള്‍ കണ്ടത് വിദേശത്തു നിന്നും നാട്ടില്‍ വന്നു ഊട്ടിയിലേക്ക് യാത്ര വന്ന ഒരു മലയാളി കുടുംബത്തെയാണ്. നാട്ടിലെ എ.ടി.എം കാര്‍ഡ് ഇല്ലാത്തത് കൊണ്ട് ബാങ്കില്‍ നിന്നും ആവശ്യത്തിനുള്ള പണം പിന്‍വലിച്ച് കയ്യില്‍ സൂക്ഷിച്ചിരുന്നു. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ പണവും പൊലീസ് പിടിച്ചെടുത്തു. ചെറിയ കുട്ടികള്‍ അടക്കമുള്ള ആ കുടുംബത്തിന് ഒരു നേരത്ത ഭക്ഷണത്തിനു പോലുമുള്ള പണം കയ്യില്‍ ബാക്കി ഇല്ലായിരുന്നു.

ഇത് അവരോട് പറഞ്ഞിട്ടും ഒരു മനഃസാക്ഷിയുമില്ലാതെ എല്ലാം അവര്‍ കൊണ്ടുപോയി. കുറച്ചധികം ദിവസങ്ങള്‍ ഷൂട്ടിംങ്ങ് ആവശ്യാര്‍ഥം ഊട്ടിയില്‍ തങ്ങുന്ന ഞങ്ങള്‍ക്ക് താല്‍കാലികമായി ആ കുടുംബത്തെ സഹായിക്കാന്‍ സാധിച്ചുവെങ്കിലും ഇതുവരെയും ആ പണം തിരിച്ചു ലഭിക്കാത്തത് കൊണ്ട് ഞങ്ങളുടെ കൂടെ തങ്ങിയിരിക്കുകയാണ്.

അത് കൊണ്ട് കേരളത്തില്‍ നിന്നും റോഡുമാര്‍ഗ്ഗം പുറത്തു പോകുന്ന എല്ലാവരും ഒന്നു കരുതിയിരിക്കുക: കൂടുതല്‍ പണം കയ്യില്‍ കരുതാതിരിക്കുക. ഈ വിവരം നിങ്ങള്‍ ഷെയര്‍ ചെയ്തു നിങ്ങളുടെ മറ്റു കൂട്ടുകാരേയും കുടുംബക്കാരേയും അറിയിക്കുക. ഈ വെക്കേഷന്‍ യാത്രകള്‍ ദുരിത പൂര്‍ണമാകാതിരിക്കട്ടെ. 

 

 

Follow Us:
Download App:
  • android
  • ios