ദില്ലി:  മദ്യലഹരിയില്‍ വിമാനത്തിന്‍റെ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. ദില്ലിയില്‍ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.  ഡ്യൂട്ടിയില്‍ അല്ലാതിരുന്നിട്ടും വിമാനത്തില്‍ അധികജീവനക്കാരനായി ഇയാള്‍ കയറിക്കൂടുകയായിരുന്നു. 

വിമാനത്തില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ അധികജീവനക്കാരനായി യാത്ര ചെയ്യാന്‍ ഇയാള്‍ വിമാന ജീവനക്കാരുടെ അനുവാദം തേടി. കോക്പിറ്റില്‍ യാത്ര ചെയ്യണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

എന്നാല്‍ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യാത്ര നിഷേധിക്കുകയും ഇയാളെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. വിമാനജീവനക്കാരനായ ഇയാള്‍ മദ്യപിച്ച് യാത്ര ചെയ്തതിനാണ് മൂന്നുമാസത്തേക്ക് വിമാനം പറത്തുന്നതില്‍ നിന്നും വിലക്കിയതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

മദ്യപിച്ച് വിമാനം പറത്താന്‍ ശ്രമിക്കുന്ന പൈലറ്റുമാരെ മൂന്നുമാസത്തേക്ക് ജോലിയില്‍ നിന്ന് വിലക്കണമെന്നതാണ് നിയമം. രണ്ടാമതും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ വിലക്ക് മൂന്ന് വര്‍ഷത്തേക്ക് നീളും. മൂന്നാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഫ്ലൈയിങ് ലൈസന്‍സും റദ്ദാക്കുമെന്നാണ് നിയമം.