ഒന്‍പത് ജില്ലകളില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തൃശൂര്‍: കടലിൽ ഒഴുകി നടക്കാന്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് എത്തിയ സന്തോഷത്തിലാണ് ചാവക്കാട്ടുകാർ. തൃശൂർ ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് കാണാനും കയറാനും ചാവക്കാട് ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്.

നവീനമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ജനങ്ങള്‍ എപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നിലവില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂരിലും തുടങ്ങി. ഒന്‍പത് ജില്ലകളില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് തുടങ്ങാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 

കേരളത്തിൽ ആരാധനാലയങ്ങളിൽ ഉയരുന്നത് സ്നേഹത്തിന്‍റെ ശബ്ദം; ആഴിമല തീർഥാടന ടൂറിസം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ്

ചാവക്കാട്ടെ ടൂറിസത്തിന് ഫ്ലോട്ടിങ് ബ്രിഡ്ജ് പുത്തൻ ഉണർവ് നൽകുമെന്നാണ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും പ്രതീക്ഷ. അഡ്വഞ്ചർ ടൂറിസത്തിൽ താല്പര്യമുള്ളവര്‍ക്ക് ചാവക്കാട് ബീച്ചിലേക്ക് പോകാം.

നേരത്തെ തിരുവനന്തപുരം ആഴിമല ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവളത്തിന്റെ മുഖച്ഛായ മാറ്റാൻ ടൂറിസം വകുപ്പ് 96 കോടി രൂപ ചെലവഴിക്കുന്ന മാസ്റ്റർ പദ്ധതിയിൽ ആഴിമലയ്ക്കടുത്തുള്ള അടിമലത്തുറ ബീച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടർ സ്പോർട്സ്, സാഹസിക വിനോദ സഞ്ചാര സാധ്യതകൾ എന്നിവയുടെ സാധ്യതാ പഠനങ്ങൾ നടന്നു വരികയാണെന്നാണ് മന്ത്രി പറഞ്ഞത്.

കീശ കാലിയാകാതെ ട്രിപ്പ് പോകാം; 7500 ഉല്ലാസ യാത്രകള്‍ പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസി