Asianet News MalayalamAsianet News Malayalam

ടിക്കറ്റ് റദ്ദാക്കിയോ? പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി റെയില്‍വേ

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ

Indian Railways introduced a new OTP based refund system for ticket cancellation
Author
Delhi, First Published Oct 30, 2019, 10:26 AM IST

ദില്ലി : ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. അംഗീകൃത ഏജന്റുമാര്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം തിരികെ കിട്ടാനാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആര്‍സിടിസി) പുതിയ സംവിധാനം ഒരുക്കുന്നത്. 

ടിക്കറ്റെടുകുന്ന സമയത്ത് യാത്രക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഇനി മുതല്‍ ഒറ്റത്തവണ പാസ്‌വേഡ് എത്തും. ടിക്കറ്റ് റദ്ദാക്കുകയോ വെയ്റ്റിംഗ് ലിസ്റ്റില്‍ തന്നെ തുടരുകയോ ചെയ്‍താലാണ് ഒടിപി ലഭിക്കുക. ഇത് ഏജന്റിന് നല്‍കിയാല്‍ റീഫണ്ട് തുക ലഭിക്കും. പണം താമസമില്ലാതെ ലഭിക്കാനും എത്രരൂപ തിരികെ ലഭിക്കുമെന്നത് അറിയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

നിലവില്‍ ചാർട്ടുകൾ തയ്യാറാക്കുന്നതിന് മുമ്പ് വരെ ട്രെയിൻ ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം ഐആർസിടിസി നല്‍കുന്നുണ്ട്. അതത് ട്രെയിൻ ക്ലാസുകൾ അനുസരിച്ച് റദ്ദാക്കൽ ചാർജ് നൽകി ഐആർസിടിസി വെബ്സൈറ്റ് വഴി ഇ-ടിക്കറ്റുകൾ റദ്ദാക്കാം. സ്ഥിരീകരിച്ച ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയും ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ് റദ്ദാക്കുകയും ചെയ്താൽ ഓരോ ക്ലാസ്സിനും നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയ്ക്ക് വിധേയമായി 25 ശതമാനം നിരക്ക് ഐആർസിടിസി ഈടാക്കും. സ്ഥിരീകരിച്ച ടിക്കറ്റ് 12 മണിക്കൂറിൽ താഴെയും ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പും റദ്ദാക്കിയാൽ ടിക്കറ്റ് റദ്ദാക്കൽ നിരക്ക് 50 ശതമാനമായി വർദ്ധിക്കും.

ഏറ്റവും പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം എസി ഫസ്റ്റ് ക്ലാസ് / എക്സിക്യൂട്ടീവ് ക്ലാസിന് 240 രൂപയാണ് നിരക്ക്, എസി 2 ടയർ / ഫസ്റ്റ് ക്ലാസിന് 200 രൂപ, എസി 3 ടയർ / എസി ചെയർ കാർ / എസി 3 ഇക്കോണമിക്ക് ഇവയ്ക്ക് 180 രൂപ, സ്ലീപ്പറിന് 120 രൂപ എന്നിങ്ങനെയാണ് നിരക്ക്. എന്നാൽ റിസർവേഷൻ ചാർ‌ട്ടുകൾ‌ തയ്യാറാക്കിയതിനുശേഷം ഇ-ടിക്കറ്റുകൾ‌ റദ്ദാക്കാൻ അനുവദിക്കില്ല. സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റുകൾക്കും പണം തിരികെ ലഭിക്കില്ല. മാത്രമല്ല, ടിക്കറ്റ് റദ്ദാക്കാതിരിക്കുകയോ അല്ലെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് വരെ ടിഡിആർ ഓൺലൈനിൽ ഫയൽ ചെയ്യാതിരിക്കുകയോ ചെയ്‍താലും ഇ-ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കില്ല.

Follow Us:
Download App:
  • android
  • ios