ദില്ലി: ദില്ലിയില്‍ നിന്ന് ഇസ്താംബുളിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പറന്നവര്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഞെട്ടി. യാത്രക്കാരെല്ലാം സുരക്ഷിതര്‍, പക്ഷേ പെട്ടിയും സാധനങ്ങളും ദില്ലിയില്‍ തന്നെ. യാത്രക്കാരുടെ ലഗേജ് എടുക്കാന്‍ മറന്ന ഇന്‍ഡിഗോ വിമാനത്തിന് പറ്റിയ അബദ്ധത്തം ചര്‍ച്ചയാക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ . 

സെപ്തംബര്‍ 15 -ന് ദില്ലിയില്‍ നിന്നും ഇസ്താംബുളിലേക്ക് പറന്ന ഇന്‍ഡിഗോ 6ഇ 11 വിമാന ജീവനക്കാരാണ് യാത്രക്കാരുടെ ലഗേജ് ദില്ലിയില്‍ തന്നെ മറന്നത്. വിമാനത്തിലെ യാത്രക്കാരനായ ചിന്മയ് ദബ്കെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ലഗേജ് മറന്ന വിമാന ജീവനക്കാരുടെ അശ്രദ്ധ യാത്രക്കാര്‍ക്ക് സൃഷ്ടിച്ച ബുദ്ധമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.

പ്രമേഹരോഗിയായ പിതാവിന്‍റെ മരുന്നുകള്‍ ഉള്‍പ്പെടെ ബാഗിനുള്ളിലായിരുന്നെന്ന് അറിയിച്ച അദ്ദേഹം യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ക്ക് ക്ഷമ പറഞ്ഞ് ഇന്‍ഡിഗോ അധികൃതര്‍ കൈമാറിയ കുറിപ്പും  ട്വീറ്റിനൊപ്പം പങ്കുവെച്ചു. എന്നാല്‍ ഇസ്താംബുള്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ യാത്രക്കാരെ സംയമനത്തോടെ കൈകാര്യം ചെയ്തെന്നും പിന്നീട് ലഗേജുകള്‍ തിരിച്ചറിഞ്ഞ് എടുക്കുന്നതിനും സഹായിച്ചെന്നും ദബ്കെ കുറിച്ചു.