ടെഹ്‌റാൻ  : ലോകമെമ്പാടും കൊവിഡ് മഹാമാരി അതിന്റെ തേരോട്ടം നടത്തുകയാണ്. രോഗബാധയുടെ കഷ്ടതകൾ അനുഭവിക്കുന്ന ഒരു പ്രധാന മേഖല ഗൾഫ് ആണ്. ഇവിടെ കൊവിഡ് പടർന്നു പിടിക്കാൻ കാരണം എന്ന നിലയ്ക്ക് ഇപ്പോൾ ആരോപണത്തിന്റെ മുനകൾ നീളുന്നത് ഇറാന്റെ നേർക്കാണ്. കൃത്യമായിപ്പറഞ്ഞാൽ ഇറാനിലെ ഒരു സ്വകാര്യവിമാനക്കമ്പനിയായ മഹാൻ എയറിന്റെ നേർക്ക്. ഫ്ലൈറ്റ് ഡാറ്റയും, ഓപ്പൺ സോഴ്സ് വീഡിയോ ദൃശ്യങ്ങളും വിശകലനം ചെയ്തുകൊണ്ട് ബിബിസി അറേബ്യ ആണ് ഏറെ നിർണായകമായ ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. 

കൊവിഡ് ബാധ പടർന്നു പിടിക്കാൻ തുടങ്ങിയ സമയത്ത് കൊവിഡ് പോസിറ്റീവ് ആയ ഒരു കൂട്ടം യാത്രക്കാരെയും കൊണ്ട് മഹാൻ എയറിന്റെ വിമാനങ്ങൾ ഇറാനിൽ നിന്ന് ഇറാഖിലേക്കും ലെബനനിലേക്കും പറന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്നും ഏർപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ തങ്ങളിൽ ഓരോരുത്തരും ഗൾഫിൽ കൊവിഡ് ബാധ പരത്താൻ കാരണക്കാരാകുന്നു എന്ന് എയർലൈൻ മേധാവികളോട് ക്യാബിൻ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടപ്പോൾ അവർക്ക് വേണ്ട സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി നൽകുന്നതിന് പകരം, പരാതിപ്പെട്ട തങ്ങളുടെ ജീവനക്കാരുടെ വായടപ്പിക്കുകയാണ് കമ്പനി ചെയ്തത്. 

 

 

കൊറോണവൈറസിന് ബ്രേക്കിടാൻ വേണ്ടി ഇറാൻ ജനുവരി 21 മുതൽ ചൈനയിലേക്കും അവിടെന്നു തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഗ്രൗണ്ട് ചെയ്തിരുന്നു. എന്നാൽ ഈ നിയന്ത്രണങ്ങളെ മാനിക്കാതെ, അല്ലെങ്കിൽ നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് നേടിക്കൊണ്ട്  ഒരു എയർലൈൻ മാത്രം ഓപ്പറേഷൻ നിർബാധം തുടർന്നുകൊണ്ടിരുന്നു. അത് ഇറാനിലെ ഏറ്റവും വലുതും, സ്വകാര്യമേഖലയിലെ ഏറ്റവും ആദ്യത്തേതുമായ മഹാൻ എയർ ആയിരുന്നു.  ദീർഘകാലമായി അമേരിക്കയുടെ ഉപരോധം നേരിടുന്ന വിമാനക്കമ്പനിയാണ് മഹാൻ എയർ. ഇറാനിലെ റെവല്യൂഷനറി ഗാർഡ്‌സുമായി അടുത്ത ബന്ധങ്ങളുള്ള ഈ സ്ഥാപനത്തിന് നേർക്കുള്ള അമേരിക്കൻ ഉപരോധങ്ങൾ അമേരിക്ക ഇറാനുമായി നടത്തുന്ന നിഴൽയുദ്ധങ്ങളുടെ തുടർച്ച തന്നെയാണ്.

ഫ്ലൈറ്റ് ഡാറ്റയുടെ വിശകലനത്തിൽ ബിബിസി കണ്ടെത്തിയത് ജനുവരി 21 മുതൽ ഏപ്രിൽ 20 വരെ ഇറാൻ മഹാൻ എയർ വിമാനങ്ങളെ ചൈനയിലെ നാല് നഗരങ്ങളിലേക്ക്, ഷാങ്ഹായി, ബെയ്ജിങ്, ഗ്വാങ്ങ്സു, ഷെൻസെൻ എന്നീ നാലു സുപ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താൻ അനുവദിച്ചു.

 

 

157 സർവീസുകൾ ഈ കാലയളവിൽ മഹാൻ എയർ നടത്തി. ഇത് ചൈനയുടെ പേരിൽ ഇറാൻ ഏർപ്പെടുത്തി എന്ന് നടിച്ചിരുന്ന യാത്രാവിലക്കുകളുടെ നഗ്നമായ ലംഘനമായിരുന്നു. സഹായങ്ങൾ എത്തിക്കാനും ഇറാനിലെ പൗരന്മാരെ തിരിച്ചെത്തിക്കാനും എന്ന പേരിൽ പത്തു വിമാനങ്ങൾ വേറെയും പറത്തുകയുണ്ടായി. ഫെബ്രുവരി മധ്യത്തോടെ ചൈനയിൽ  കൊവിഡ് ബാധ അതിന്റെ പാരമ്യത്തിലായിട്ടുണ്ടായിരുന്നു. ഇറാനിലും വളരെ പെട്ടെന്ന് അത് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഫെബ്രുവരി അവസാനത്തോടെ ചുരുങ്ങിയത് 210 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും ഇറാനിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 34 മരണങ്ങൾ മാത്രമാണ്  കൊവിഡ് കാരണം നടന്നു എന്ന് സമ്മതിച്ചിട്ടുണ്ടായിരുന്നത്. 

മഹാൻ എയർ സർവീസ് നടത്തിയിരുന്നത് ചൈനയിലേക്ക് മാത്രമായിരുന്നില്ല. റെവലൂഷനറി ഗാർഡ്‌സുമായി നല്ല ബന്ധമുണ്ടായിരുന്ന ലെബനൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും അവർ തങ്ങളുടെ വിമാനങ്ങൾ പറത്തിക്കൊണ്ടിരുന്നു. ഇത് സാഹചര്യം വല്ലാതെ വഷളാക്കി. ഫെബ്രുവരി പാതിയോടെ  കൊവിഡ് ബാധിതമായ ഇറാനിൽ നിന്നുള്ള വിമാനങ്ങളെ ബെയ്‌റൂട്ട് എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ അനുവദിക്കുന്നതിനെ വിമർശിച്ചുകൊണ്ട്  നിന്ന് സോഷ്യൽ മീഡിയയിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നു.  ആ പ്രതിഷേധസ്വരങ്ങളിൽ പ്രതിഫലിച്ചിരുന്ന ആശങ്കകൾ ശരിയായിരുന്നു എന്ന് ഫെബ്രുവരി 21 -ന് തെളിഞ്ഞു. അന്നാണ് ലബനനിലെ ആദ്യ രോഗിക്ക്  കൊവിഡ് സ്ഥിരീകരിക്കുന്നത്. തീർത്ഥാടനത്തിന് പോയി തിരികെ നാട്ടിലേക്കു വന്ന ഒരു നാല്പത്തൊന്നുകാരി. അവരുടെ പാസ്‌പോർട്ടിലെ ചിത്രം അന്ന് ട്വിറ്ററിൽ പ്രചരിച്ചു. പിന്നാലെ ഇറാഖിലെ ആദ്യ കേസ് ഫെബ്രുവരി 24 -ന് പുറത്തുവന്നു. അത് ഇറാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി ആയിരുന്നു. ഈ രണ്ടു പേരും മഹാൻ എയറിൽ കയറി ഇറാനിൽ നിന്ന് അതാതു രാജ്യങ്ങളിൽ എത്തിയവരായിരുന്നു എന്നതും സ്ഥിരീകരിക്കപ്പെട്ടു.

സർവീസുകൾ നടന്നുകൊണ്ടിരുന്നപ്പോൾ കാബിൻ ക്രൂവിൽ അമ്പത് ശതമാനത്തിലധികം പേർക്ക് കൊവിഡിന്റേതിന് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് പേരുവെളിപ്പെടുത്താത്ത ഒരു എയർലൈൻ സ്റ്റാഫ് ബിബിസിയോട് വെളിപ്പെടുത്തുകയുണ്ടായി. സർവീസ് നടത്തണം എന്ന് നിര്ബന്ധമുണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം വേണ്ട മാസ്കും സാനിറ്റൈസറുമെങ്കിലും അനുവദിക്കണം എന്ന കാബിൻ ക്രൂവിന്റെ ആവശ്യവും അവർ അവഗണിച്ചു. അവരെക്കൊണ്ട് കോൺഫിഡഷ്യാലിറ്റി എഗ്രിമെന്റിൽ ഒപ്പിടീച്ചു. എന്തെങ്കിലും വെളിയിൽ പറഞ്ഞാൽ അച്ചടക്ക നടപടികൾ സ്വീകരിക്കും എന്നും താക്കീതു ചെയ്തു..

 

 

ഗൾഫ് മേഖലയിൽ കൊവിഡ് വ്യാപനമുണ്ടാവുന്നതിന്റെ തുടക്കത്തിൽ വേറെയും എയർലൈനുകൾ ചുരുക്കം ചില സർവീസുകളിൽ ഏർപ്പെട്ടുകൊണ്ട് ഇറാനിൽ രംഗത്തുണ്ടായിരുന്നു എങ്കിലും ഇത്രയും വലിയ തോതിൽ ഓപ്പറേഷൻ നടത്തിയിരുന്നത് മഹാൻ എയർ മാത്രമായിരുന്നു. എന്നുമാത്രമല്ല, സ്വന്തം ജീവനക്കാരിൽ  കണ്ടെത്തിയ രോഗലക്ഷണത്തെ അവഗണിച്ച് അവരെക്കൊണ്ട് നിർബന്ധിച്ച് പിന്നെയും സർവീസുകൾ നടത്തിയും, വേണ്ട സുരക്ഷാ ഉപകരണങ്ങൾ നൽകാതെ അവരെയും യാത്രക്കാരെയും അപകടത്തിലാക്കിയും മഹാൻ എയർ ചെയ്തത് കൊവിഡ് സംബന്ധിച്ച് എയർലൈനുകൾക്കുള്ള മാർഗ്ഗനിർദേശങ്ങളുടെ  നഗ്നമായ ലംഘനവുമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഗൾഫിൽ ഇന്നുള്ള ഈ അതിസങ്കീർണ്ണവസ്ഥയ്ക്ക് ഒരളവുവരെ അവരെത്തന്നെയാകും മറ്റുരാജ്യങ്ങൾ പഴിചാരുന്നതും.