Asianet News MalayalamAsianet News Malayalam

'കൊടുംവനത്തിലൂടെ കുംഭാവുരുട്ടിയിലേക്ക്, നിരക്ക് തുച്ഛം'; യാത്രാസംവിധാനമൊരുക്കി കെഎസ്ആര്‍ടിസി

കൊല്ലത്ത് നിന്ന് രാവിലെ ആറ് മണിക്ക് പോയി രാത്രി എട്ടരയോടെ തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി.

kollam ksrtc trip to Kumbhavurutty Waterfalls joy
Author
First Published Oct 4, 2023, 6:00 PM IST

കൊല്ലം: കൊല്ലം ഡിപ്പോയില്‍ നിന്ന് കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര ആരംഭിച്ചെന്ന് കെഎസ്ആര്‍ടിസി. എട്ടാം തീയതിയാണ് കോന്നി കുംഭാവുരുട്ടി യാത്ര ആരംഭിക്കുന്നത്. കൊല്ലത്ത് നിന്ന് രാവിലെ ആറ് മണിക്ക് പോയി രാത്രി എട്ടരയോടെ തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അടവി ഇക്കോ ടൂറിസ്റ്റ് സെന്റര്‍, കോന്നി ആന താവളം, ആന മ്യൂസിയം എന്നിവ കണ്ടതിന് ശേഷമാണ് കുംഭാവുരുട്ടിയില്‍ എത്തുക. ഒരാള്‍ക്ക് 600 രൂപയാണ് യാത്രാനിരക്കെന്നും കാലാവസ്ഥ സാഹചര്യം അനുസരിച്ച് യാത്രകളുടെ തീയതികള്‍ക്ക് മാറ്റം ഉണ്ടാകാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ അറിയിപ്പ്: കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ഒക്ടോബര്‍ എട്ടാം തീയതി രാവിലെ 6 മണിക്ക് 'കോന്നി -കുംഭാവുരുട്ടി 'ഉല്ലാസയാത്ര ആരംഭിക്കും. കോന്നിയിലെ കല്ലാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അടവി. ഇക്കോ ടൂറിസം സെന്റെറിലെത്തി പ്രഭാത ഭക്ഷണം (അവിടുത്തെ കുടുംബശ്രീകാരാണ് ഭക്ഷണം നല്‍കുന്നത്.) അടവിയിലെ പ്രധാന ആകര്‍ഷണം കല്ലാര്‍ നദിയുടെ തീരത്ത് സ്ഥാപിച്ചിരിക്കുന്ന കോറക്കിള്‍ റൈഡിംഗ്, ബാംബൂ ഹട്ടുകള്‍ എന്നിവയാണ്. കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസ്റ്റ് സെന്റെര്‍ സന്ദര്‍ശിച്ച് കുട്ടവഞ്ചി സവാരി നടത്തിയതിന് ശേഷം കോന്നി ആന താവളത്തിലേക്ക് പോകും. ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച കോന്നി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ സവിശേഷതകള്‍ കൊണ്ട് തന്നെയാണ്. ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും സാധിക്കുന്ന ഒരു പാഠശാല എന്നുവേണമെങ്കില്‍ കോന്നിയെ വിളിക്കാം.

ചരിത്രാതീതകാലം മുതല്‍ കോന്നിയില്‍ ആനവളര്‍ത്തലും പരിശീലനവും ഉണ്ടായിരുന്നുവത്രേ. അതിന്റെ ശേഷിപ്പുപോലെ ഒരു പുരാതന ആനക്കൂട് ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആനക്കൂട് ഇവിടുത്തെ മുഖ്യ ആകര്‍ശണങ്ങളിലൊന്നാണ്. അതും കണ്ട് അവിടത്തെ ഫിലിം പ്രദര്‍ശനവും ആന മ്യൂസിയവും കണ്ടതിനുശേഷം അച്ചന്‍കോവില്‍ വനത്തിലൂടെ കുംഭാവുരുട്ടിയില്‍ പോകും. പൈതല്‍ മലയില്‍ നിന്ന് ഉത്ഭവിക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് കുംഭാവുരുട്ടി. കുംഭത്തിന്റെ ആകൃതിയില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന പാറക്കെട്ടുകളുടെ ഇടയില്‍നിന്ന് താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ കുളിര് ആസ്വദിച്ചു കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ ഒരു കുളിയും കഴിഞ്ഞ്. മടങ്ങി വരുന്ന വഴിക്ക് അച്ചന്‍കോവില്‍ ക്ഷേത്രദര്‍ശനം നടത്തേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും നല്‍കുന്നതാണ്. തിരികെ അച്ചന്‍കോവില്‍ വനത്തിലൂടെയുള്ള യാത്രയില്‍ സന്ധ്യാ സമയത്ത് ധാരാളം മൃഗങ്ങളെ കാണാനുള്ള സാധ്യത ഉള്ളതിനാല്‍ ഈ യാത്രയെ ശരിക്കും ഒരു 'ജംഗിള്‍ സഫാരി 'എന്നു തന്നെ  പറയാം... രാത്രി 8- 8.30 മണിക്ക് കൊല്ലം ഡിപ്പോയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ഈ ഉല്ലാസ യാത്ര ക്രമീകരിച്ചിരിക്കുന്നത്. !ഇവയെല്ലാം തന്നെ ഒരാള്‍ക്ക് വെറും 600രൂപ മാത്രമെയുള്ളൂ. പ്രകൃതിയെ അറിഞ്ഞ് വെള്ളത്തിന്റെ കുളിര് ആസ്വദിച്ച് കാനന ഭംഗി കണ്ട് പോകാം അല്ലേ. കാലാവസ്ഥയുടെ സാഹചര്യം അനുസരിച്ച് യാത്രകളുടെ തീയതികള്‍ക്ക് മാറ്റം ഉണ്ടാകാം. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും കെ.എസ്.ആര്‍.ടി.സി കൊല്ലം ഫോണ്‍: 0474-2752008/2751053. മൊബൈല്‍ - 9747969768/9496110124.

 കാത്തിരിപ്പിന് അവസാനം, 'കുടിക്കഥ'യുടെ 'കൊറോണ ധവാൻ' ഒടിടിയിൽ 
 

Latest Videos
Follow Us:
Download App:
  • android
  • ios