സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് പദ്ധതിയുമായി സര്‍ക്കാര്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് പദ്ധതിയുമായി സര്‍ക്കാര്‍. പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

 'സ്റ്റിയറിങ്' എന്നുപേരിട്ട പദ്ധതിയുടെ ഭാഗമാകാന്‍ 18-നും 35-നും ഇടയില്‍ പ്രായമുള്ള, അംഗീകൃത ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ഉള്ള പട്ടികവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. ചെലവില്‍ ഒരുഭാഗം സര്‍ക്കാര്‍ സഹായമായി നല്‍കും. ബാക്കി തുക പട്ടികജാതി, പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പയായും നല്‍കും. 

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്റ്റിയറിങ് നടപ്പാക്കുക. ഓരോ കേന്ദ്രത്തിലും മുപ്പതുവീതം ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറക്കും.

യാത്രക്കൂലിക്ക് പുറമേ കമ്മിഷന്റെ പകുതിയും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിനും സേവനത്തിനുമായി കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനവും ഒരുക്കും. 

രണ്ടുവര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടച്ച് വാഹനം സ്വന്തമാക്കാനുമാകും. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തെ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍നിന്നും ലഭ്യമാകും.