ഊട്ടി: പ്രസിദ്ധമായ പുഷ്പമേളകാണാന്‍ ഊട്ടിയില്‍ വന്‍ തിരക്ക്. സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് സസ്യോദ്യാനം.  ഇത്തവണ ഒരുലക്ഷത്തോളം പേര്‍ പുഷ്പമേള കാണാനെത്തിയതായി പ്രാഥമിക കണക്കുകള്‍. കഴിഞ്ഞ മൂന്നുദിവസത്തില്‍ രണ്ടുലക്ഷത്തോളം പേര്‍ ഊട്ടി സസ്യോദ്യാനം സന്ദര്‍ശിച്ചു. ബസുകളിലെത്തിയ സഞ്ചാരികള്‍ നഗരത്തിന് പുറത്ത് വാഹനം പാര്‍ക്കുചെയ്ത് സര്‍ക്യൂട്ട് ബസ്സില്‍ സസ്യോദ്യാനത്തില്‍ എത്തുകയായിരുന്നു. 

ഞായറാഴ്ച നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ദൊഡബെട്ട റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്ന ദിവസമാണ് പുഷ്പമേള നടക്കുന്ന ഞായറാഴ്ച. 

123–ാം പുഷ്പമേളയാണ് ഇത്. 1,20,000 കോറണേഷൻ പൂക്കളാൽ നിർമിക്കുന്ന 84 അടി നീളവും 21 അടി വീതിയുമുള്ള പാർലമെന്റ് കെട്ടിടത്തിന്റെ രൂപമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. 55,000 ചെടിച്ചട്ടികളിൽ വിരിഞ്ഞ വിവിധയിനം ലക്ഷക്കണക്കിനു പൂക്കളുമുണ്ട്. ഉദ്യാനത്തിലെ പുൽമൈതാനിയിൽ ഒരുക്കിയ സ്റ്റേജിൽ വിവിധ സാംസ്കാരിക കലാപരിപാടികളും നടക്കുന്നുണ്ട്. പുഷ്പമേള ഇന്ന്  സമാപിക്കും.