ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് ചെനാബ് പാലം. 

ദില്ലി: വിനോദസഞ്ചാരികളെയും വിമാനയാത്രക്കാരെയും ഒരുപോലെ ആകര്‍ഷിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ്. ശ്രീനഗറിലെ മനോഹരമായ താഴ്‌വരകൾക്ക് മുകളിലൂടെ പറക്കുന്ന വിമാന യാത്രക്കാർ ചെനാബ് പാലം കണ്ട് ആശ്ചര്യപ്പെടുകയാണെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ചെനാബ് പാലത്തിന് മുകളിലൂടെ പറക്കുമ്പോൾ പൈലറ്റുമാർ യാത്രക്കാര്‍ക്ക് അറിയിപ്പ് നൽകുന്നുണ്ടെന്നും ഇതോടെ യാത്രക്കാര്‍ ഏറെ ആവേശഭരിതരായി ചെനാബിന്റെ ചിത്രങ്ങൾ പകര്‍ത്തുകയും കൈയ്യടിക്കുകയും ചെയ്യുന്നുമുണ്ടെന്നാണ് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'ക്യാബിനിൽ അഭിമാനത്തിന്റെ ഒരു തിരമാല അലയടിച്ചു. യാത്രക്കാർ കയ്യടിക്കുകയും, പുഞ്ചിരിക്കുകയും, ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ വൈഭവത്തെ പ്രശംസിക്കുകയും ചെയ്യുന്നു' റെയിൽവേ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, ജമ്മു കശ്മീരിലെ മനോഹരമായ താഴ്‌വരയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഓരോ വിമാനവും സവിശേഷ നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു. വിമാനം ചെനാബ് താഴ്‌വരയുടെ അടുത്തെത്തുമ്പോൾ 'നിങ്ങളുടെ താഴെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ-ആർച്ച് പാലമായ ചെനാബ് പാലം' എന്ന പൈലറ്റിന്റെ അറിയിപ്പ് യാത്രക്കാരെ ആവേശഭരിതരാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായ ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്. ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരമുള്ള ഈ പാലത്തിന് 1,315 മീറ്റർ നീളമുണ്ട്. ഈഫൽ ടവറിനേക്കാൾ ഉയരത്തിലാണ് ചെനാബ് പാലം തലയുയര്‍ത്തി നിൽക്കുന്നത്. കഠിനമായ ഹിമാലയൻ കാലാവസ്ഥയെയും ഭൂകമ്പങ്ങളെയും നേരിടാൻ കഴിയുന്ന തരത്തിലാണ് ചെനാബ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സായുധ സേനകൾക്ക് ഈ റെയിൽവേ ലൈൻ ഗുണം ചെയ്യും.