കൊച്ചി: യൂബറും ഓലയും ഉള്‍പ്പെടെയുള്ള ആഗോള ഭീമന്മാര്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം വരുന്നു. അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോമുമായി എത്തുന്നത് മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ്. പിയു എന്നാണ് ഈ ആപ്പിന്‍റെ പേര്. 

ജി.പി.എസ്. അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രം ഈടാക്കി, പരിസ്ഥിതി നാശം ഒഴിവാക്കുന്ന രീതിയിലുള്ള നൂതന സംവിധാനമാണെന്ന് മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രഥമ സംരംഭമാണ് പിയു എന്നും ഇവര്‍ അവകാശപ്പെടുന്നു. 

മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രം അടച്ചാല്‍ മതിയാകും. പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന്‍ മറ്റ് അഞ്ചു പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താല്‍ ആദ്യ യാത്രികന്‍ ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകളെങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍.പി.എസ്. ആനുകൂല്യത്തിന് അര്‍ഹനാകും. ആര്‍.പി.എസ്. (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്‌കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാരെ സാമ്പത്തിക ആനുകൂല്യം തേടിയെത്തും. 

ഈ ആപ് ഉപയോഗിക്കുന്നവര്‍ സര്‍ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. വാലറ്റ് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. വാലറ്റില്‍ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. കൂടാതെ ഓഫറുകളും ലഭിക്കും. 

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങുക. മഹാരാഷ്ട്ര അടക്കം 10 സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഈ മാസം തന്നെ ആപ്പ് പ്രവര്‍ത്തനം തുടങ്ങും.