ഇതുവരെ ഇരുവരും ചേർന്ന് 25 വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 

കൊച്ചി: വിജയൻ ചേട്ടനെയും മോഹനാമ്മയെയും ഓർമയില്ലേ ? നമ്മുടെ കൊച്ചിയിൽ ചായക്കട (tea shop ) നടത്തി സ്വരുക്കൂട്ടുന്ന സമ്പാദ്യം(saving ) കൊണ്ട് ഉലകം ചുറ്റുന്ന രണ്ടു വാലിബരെ ? അവർ ഇതാ തങ്ങളുടെ ഇരുപത്തിയാറാമത്തെ സഞ്ചാരത്തിന്(travel) ഇറങ്ങിപ്പുറപ്പെടുകയായി. രണ്ടുവർഷമായി കൊവിഡ് പ്രമാണിച്ച് മുടങ്ങിക്കിടക്കുകയായിരുന്ന അവരുടെ സഞ്ചാരങ്ങൾ പുനരാരംഭിക്കുകയായി. 

കൊച്ചിയിൽ കഴിഞ്ഞ 27 വർഷമായി ശ്രീബാലാജി കോഫീ ഷോപ്പ് എന്ന പേരിൽ ഒരു ചായക്കട നടത്തുന്ന കെ ആർ വിജയൻ എന്ന എഴുപത്തൊന്നു കാരനും, ഭാര്യ മോഹന എന്ന അറുപത്തൊമ്പതു കാരിയും കൂടി ഇത്തവണ കറങ്ങാൻ പോവുന്നത് റഷ്യയിലേക്കാണ്. ഒക്ടോബർ 21 -ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാനത്തിൽ അവർ റഷ്യക്ക് പറക്കും. ഇതുവരെ ഇരുവരും ചേർന്ന് 25 വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

Scroll to load tweet…

ആദ്യമായി പോകുന്നത് 2007 -ൽ ഇസ്രയേലിലേക്കാണ്. കൊവിഡ് വരുന്നതിനു മുമ്പുളള വർഷം നടന്ന അവരുടെ അവസാനത്തെ ട്രിപ്പ് സ്പോൺസർ ചെയ്തത് ആനന്ദ് മഹീന്ദ്രയായിരുന്നു. അന്ന്, അവർ ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് കണ്ടു വന്നത്. അമേരിക്ക, ബ്രസീൽ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രായേൽ, ജർമനി, എന്നിങ്ങനെ പല രാജ്യങ്ങളും അവർ കണ്ടുവന്നുകഴിഞ്ഞു. 

ഇത്തവണത്തെ യാത്രയിൽ റഷ്യൻ പ്രസിഡന്റ് കോമ്രേഡ് വ്ലാദിമിർ പുടിനെ നേരിൽ സന്ധിക്കാനാവും എന്ന ശുഭ പ്രതീക്ഷയോടെയാണ് ഈ സഞ്ചാരി ദമ്പതികൾ തങ്ങളുടെ ശുഭയാത്രക്ക് ഇറങ്ങിത്തിരിക്കുന്നത്.