Asianet News MalayalamAsianet News Malayalam

ഇതാ ഇന്ത്യന്‍ രൂപ ഉപയോഗിച്ച് രാജാവിനെപ്പോലെ സഞ്ചരിക്കാവുന്ന എട്ട് രാജ്യങ്ങള്‍!

കുറഞ്ഞ ചെലവില്‍ ഇന്ത്യക്കാര്‍ക്ക് അടിച്ചുപൊളിക്കാവുന്ന ചില വിദേശ രാജ്യങ്ങളെ പരിചയപ്പെടാം

These eight countries more affordable for Indians to travel
Author
Trivandrum, First Published Oct 27, 2021, 5:36 PM IST

യാത്ര (Travel) ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില  ദേശങ്ങളെ പരിചയപ്പെടാം.

1. ഇന്ത്യോനേഷ്യ (Indonesia)
ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് ഏകദേശം 180 ഇന്ത്യനോഷ്യന്‍ റുപിയ.

These eight countries more affordable for Indians to travel

 

2. ഭൂട്ടാന്‍ (Bhutan)
ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്‍കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്‍റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന്‍ ചരിത്രാന്വേഷികളുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് . ഇന്ത്യക്കാര്‍ക്ക് ഇവിടം സന്ദര്‍ശിക്കുന്നതിന് പാസ്‍പോര്‍ട്ട് നിര്‍ബന്ധമല്ല. ഇലക്ഷന്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ മതി. ഇന്ത്യന്‍ രൂപക്ക് ഏകദേശം അതേ മൂല്യം തന്നെയാണ് ഭൂട്ടാന്‍ കറന്‍സിക്കും.

These eight countries more affordable for Indians to travel

3.  കോസ്റ്റാറിക്ക (Costa Rica)
തിളങ്ങുന്ന കടല്‍ത്തീരങ്ങളും മഴക്കാടുകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങളും തിളച്ചുമറിയുന്ന അഗ്നിപര്‍വതങ്ങളുമൊക്കെയുള്ള നാട്. സാഹസികയാത്ര ഇഷ്ടപെടുന്നവക്കും പാര്‍ട്ടിയും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിക്കാന്‍ തയാറെടുക്കുന്ന സഞ്ചാരികള്‍ക്കും ധൈര്യമായി കോസ്റ്റാറിക്ക തിരഞ്ഞെടുക്കാം. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് കോസ്റ്ററിക്കയുടെ 8.39 റിക്കാന്‍ കോളന്‍.

These eight countries more affordable for Indians to travel

4. സിംബാവേ (Zimbabwe)
സഞ്ചാരികളേ, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മറ്റൊന്നും നോക്കണ്ട. നേരെ സിംബാവേക്ക് പോകാം. വിക്ടോറിയ വെള്ളച്ചാട്ടം, ആഫ്രിക്കന്‍ സിഹം, ആനകള്‍ തുടങ്ങി ഒരുപാട് ദൃശ്യങ്ങള്‍ ഇവിടെ വിരുന്നൊരുക്കും. 4.83095 സിംബാവിയന്‍ ഡോളറിന്  തുല്യമാണ് ഇന്ത്യയുടെ ഒരു രൂപ

These eight countries more affordable for Indians to travel

5. ശ്രീലങ്ക (Sri Lanka)
സഞ്ചാരികളുടെ പ്രിയപ്പെട്ട മരതകദ്വീപ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കയുടെ നിഗൂഡതകളിലേക്ക് സഞ്ചരിക്കാം. റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം എന്നിങ്ങനെ ലക്ഷ്യസ്ഥാനങ്ങള്‍ ഏറെ. വനങ്ങള്‍ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് പോകാം. മനോഹരമായ കടല്‍ തീരങ്ങള്‍, ബുദ്ധ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി മറ്റ് നിരവധി കാഴ്ചകളുമുണ്ട്. മെയ് ജൂണ്‍ മാസങ്ങളില്‍ ഇങ്ങോട്ടുള്ള ടിക്കറ്റുകള്‍ ചുരുങ്ങിയ ചിലവില്‍ ലഭിക്കും. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 2.68 ശ്രീലങ്കന്‍ റുപ്പി.

These eight countries more affordable for Indians to travel

6. നേപ്പാള്‍ (Nepal)
നമ്മുടെ തൊട്ടടുത്ത അയല്‍ രാജ്യം. വിസ ആവശ്യമില്ല. വനത്തിലേക്കൊരു ട്രക്കിങിന് താല്‍പര്യമുള്ള സഞ്ചാരികള്‍ നേരെ നേപ്പാളിനു പോകുക. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളില്‍. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് ലഭിക്കുക.  നേപ്പാളികള്‍ നിങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കും.

These eight countries more affordable for Indians to travel

7. വിയറ്റ്നാം (Vietnam)
ഇവിടെ ബലോങ്  ബേയെന്ന സ്ഥലത്ത് ഒരദ്ഭുതം നിങ്ങളെ കാത്തിരിപ്പുണ്ട്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രം അവതാറിലെ മലനിരകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സ്ഥലം. ഇവിടെ നിന്നും നോക്കിയാല്‍ അനന്തമായ ജലപരവതാനിക്കിടയില്‍ തലയുയര്‍ത്തി പച്ചപ്പോടെ നില്‍ക്കുന്ന അനേകം മലനിരകളെ കാണാം. ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പിയും ഏറ്റവും വലിയ കാപ്പി ഉത്പാദക രാജ്യമായ ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്.  ഒരു ഇന്ത്യന്‍ രൂപക്ക് 303.28 വിയറ്റ്നാം കറന്‍സിയാണ് വിനിമയമൂല്യം.

These eight countries more affordable for Indians to travel

 

8. കംബോഡിയ (Cambodia)
ക്ഷേത്രങ്ങളുടെ നാട്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം 'അങ്കോര്‍ വാറ്റ് ഇവിടെയാണ്. നഗരത്തിരക്ക് ശ്വാസംമുട്ടിക്കുന്നവര്‍ ഇങ്ങോട്ടു പോകുക. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് കംബോഡിയ. ഒരു ഇന്ത്യന്‍ രൂപക്ക് 54.23 കംബോഡിയന്‍ കറന്‍സിയാണ് മൂല്യം.

These eight countries more affordable for Indians to travel

 

Follow Us:
Download App:
  • android
  • ios