കാൽനടപ്പാലങ്ങൾ ഒലിച്ചുപോയതോടെ യാത്രക്കാരുടെയും ട്രെക്കിംഗ് നടത്തുന്നവരുടെയും സഞ്ചാരപാത പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്
അരിസോണ: അമേരിക്കയിലെ അരിസോണയിലുള്ള പ്രശസ്തമായ ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം. 15 പേരെ കാണാതായി, 62 ഓളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. പെട്ടന്നുണ്ടായ പ്രളയത്തിൽ മേഖലയിലെ കാൽ നടപ്പാലങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ബ്രൈറ്റ് എയ്ഞ്ചൽ ക്യാനിയൻ, ഫാന്റം റാഞ്ച് എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കാൽനടപ്പാലങ്ങൾ ഒലിച്ചുപോയതോടെ യാത്രക്കാരുടെയും ട്രെക്കിംഗ് നടത്തുന്നവരുടെയും സഞ്ചാരപാത പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രളയജലം ഒഴുകിയെത്തിയതോടെ അപകടസാധ്യത മനസ്സിലാക്കി നിരവധി യാത്രക്കാരെ ഹെലികോപ്റ്റർ മാർഗ്ഗമാണ് രക്ഷപ്പെടുത്തിയത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ബാക്ക്പാക്കിംഗിനോ ട്രെക്കിംഗിനോ ആയി ഈ പ്രദേശങ്ങളിൽ പോയവരെക്കുറിച്ച് എന്തെങ്കിലും വിവര ലഭ്യതയുള്ളവർ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. മേഖലയിൽ ഇനിയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മണിക്കൂറിൽ ഒരു ഇഞ്ചോളം മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പ്രളയത്തിനും ഉരുൾപൊട്ടലിനും പാറക്കെട്ടുകൾ ഇടിഞ്ഞുവീഴുന്നതിനും സാധ്യതയുണ്ടെന്നാണ് പാർക്ക് അധികൃതരുടെ മുന്നറിയിപ്പ്.


