തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ സെക്കൻഡ് ക്ലാസ് യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം കുറവുണ്ടായതായി സര്‍വ്വേ. റെയിൽവേയുടെ കൊമേഴ്സ്യൽ വിഭാഗം നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ട്രെയിനിനെക്കാള്‍ ബസുകളോടാണ് ഇപ്പോള്‍ യാത്രികര്‍ക്ക് പ്രിയം എന്നാണ് സര്‍വ്വേ ഫലം നല്‍കുന്ന സൂചന. ട്രെയിനുകൾ കൃത്യസമയം പാലിക്കാത്തതും സമയ ക്രമത്തിലെ പ്രശ്‍നങ്ങളുമൊക്കെയാണ് ട്രെയിനുകളോടുള്ള യാത്രികരുടെ ഇഷ്‍ടക്കേടിന്‍റെ പ്രധാന കാരണമെന്നാണ് സൂചനകള്‍.

സര്‍വ്വേക്കായി 5,000 യാത്രക്കാരിൽ നിന്നാണു വിവരങ്ങൾ ശേഖരിച്ചത്.  പ്രധാന എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളിലെ യാത്രികരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. വിവിധ കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലുമായിരുന്നു സർവ്വേ. ട്രെയിൻ ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും പണമല്ല, സമയമാണ് പ്രധാനമെന്ന് സർവേയിൽ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പറഞ്ഞത്. വൈകിട്ട് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിനുകളൊന്നും കൃത്യസമയം പാലിക്കുന്നില്ലെന്നും ആദ്യം പോകേണ്ട വണ്ടി അവസാനവും അവസാനം പോകേണ്ടവ ആദ്യവും പ്ലാറ്റ്ഫോമിൽ പിടിച്ചിടുന്ന സ്ഥിതി മടുപ്പിക്കുന്നതാണെന്നും പലരും ചൂണ്ടിക്കാട്ടി. 

മിക്ക ഓഫിസുകളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നിലവില്‍ വന്നതോടെ വൈകി ഓഫിസിലെത്താൻ കഴിയാതെ ട്രെയിൻ ഉപേക്ഷിച്ചവരും നിരവധിയുണ്ട്. കൂടുതൽ സ്റ്റോപ്പുകളുളള ട്രെയിനുകൾക്കു പിന്നിൽ സ്റ്റോപ്പ് കുറഞ്ഞ ട്രെയിനുകളിട്ട് ഇഴയിക്കുന്നതായും വൈകി വരുന്ന ട്രെയിനുകൾ കടത്തിവിടുന്നതിനു വേണ്ടി കൃത്യ സമയത്ത് ഓടുന്ന ട്രെയിനുകൾ കൂടി വൈകിക്കുന്നതായും യാത്രികര്‍ പരാതിപ്പെടുന്നു. സമയ പ്രശ്‍നങ്ങള്‍ക്കൊപ്പം വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് അരമണിക്കൂർ ഇടവേളയിൽ കെഎസ്ആർടിസി എസി ബസുകളോടിക്കുന്നതും റെയിൽവേക്ക് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പല യാത്രികരും ഈ ബസ് സര്‍വ്വീസുകളുടെ ആരാധകരായി മാറിയെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. 

സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിക്കുക, കൃത്യസമയം പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുഖ്യമായും യാത്രക്കാർ മുന്നോട്ടു വയ്ക്കുന്നത്. എറണാകുളം– ബെംഗളൂരു ഇന്റർ സിറ്റി കോട്ടയത്തേക്കു നീട്ടുക, പാലരുവി എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം കൂട്ടുക, വേണാട് രാവിലെ 10നു മുൻപ് എറണാകുളത്ത് എത്തിക്കുക, വഞ്ചിനാട് എക്സ്പ്രസിന്റെ യാത്രാസമയം കുറയ്ക്കുക, വൈകിട്ട് ഏഴു മണിയോടെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കു പുതിയ ട്രെയിൻ അനുവദിക്കുക തുടങ്ങിയ വിവിധ നിർദേശങ്ങളും സര്‍വ്വേയില്‍ പങ്കെടുത്ത യാത്രക്കാർ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊമേഴ്സ്യൽ വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് വൈകാതെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കു നല്‍കും.