ഋഷികേശിലെ ആ പ്രഭാതത്തില്‍ ആള്‍ത്തിരക്ക് കുറവായിരുന്നു. നവംബറിലെ തണുപ്പില്‍ ഗംഗാനദി അനുസ്യൂതം ഒഴുകികൊണ്ടിരുന്നു. ഗംഗയില്‍ കുളിച്ച് സൂര്യനമസ്‌കാരം ചെയ്യുന്ന ചില സന്യാസിമാരേയും കുറച്ച് തീര്‍ഥാടകരേയും മാത്രമേ അവിടെ കണ്ടുള്ളൂ. ഉയര്‍ന്നുനില്‍ക്കുന്ന പാറയില്‍ ഒരാള്‍ ഉദയസൂര്യനഭിമുഖമായി ധ്യാനനിരതനായിരിക്കുന്നു. റാഫ്റ്റിംഗിനായി റബര്‍ ബോട്ടുകള്‍ കെട്ടിവച്ച വാഹനങ്ങള്‍ സാഹസികരായ സഞ്ചാരികളെ കാത്തുനില്‍ക്കുന്നു. ഗംഗാതീരങ്ങളിലെ ആശ്രമങ്ങള്‍ ആളനക്കങ്ങളോടെ സജീവമാകാനുള്ള തയാറെടുപ്പിലാണ്. ഗംഗയുടെ കരകളില്‍ തീര്‍ഥാടകര്‍ നിറഞ്ഞിട്ടുമില്ല. ഋഷികേശ് ഉണര്‍ന്ന് വരുന്നതേയുള്ളൂ.

താമസിക്കുന്ന ആശ്രമത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ മണിനാദം മുഴങ്ങും. ആശ്രമവാസികള്‍ ഉണര്‍ന്ന് ധ്യാനമുറിയിലേക്ക് എത്താനുള്ള അറിയിപ്പാണത്. ആശ്രമത്തില്‍ താമസിക്കുന്ന സന്യാസിയല്ലാത്തവര്‍ അവിടെ എത്തണമെന്ന് നിര്‍ബന്ധമില്ല. പലപ്പോഴും രാവിലെ ആ ശബ്ദം കേട്ട് ഉണര്‍ന്നാല്‍, ഗംഗയുടെ തീരങ്ങളിലൂടെ നടക്കാനാണ് ഇഷ്ടപ്പെടുക. ആ പ്രഭാത നടത്തം മനസിന് ശാന്തതയും ഊര്‍ജവുമേകുന്ന ഒന്നാണ്.

ഗംഗയിലെ ജലം കൈകുമ്പിളില്‍ കോരി. നല്ല തണുപ്പുണ്ട്. എന്തിനേയും അലിയിച്ചു കളയാന്‍ ശേഷിയുണ്ട് ഗംഗാജലത്തിനെന്ന് പറയാറുണ്ട്. ഓരോ കുമ്പിള്‍ കോരുമ്പോഴും സ്‌നാനം നടത്തുമ്പോഴും ആ ശക്തി അനുഭവപ്പെടാറുമുണ്ട്. ആ വെള്ളത്താല്‍ മുഖം കഴുകി. അരിച്ചിറങ്ങുന്ന തണുപ്പ് മനസിനെയും കീഴടക്കി. ഗംഗയ്ക്ക് കുറുകേയുള്ള ലക്ഷ്മണ്‍ ജൂല, രാമന്‍ ജൂല തൂക്കുപാലങ്ങളിലൂടെ ഇരുകരകളിലേക്കും നടന്നു. സമയം പോയതറിഞ്ഞില്ല. സൂര്യന്‍ പ്രകാശപൂര്‍ണനായി തിളങ്ങിത്തുടങ്ങി. ഉള്‍വഴികളിലെ ഒറ്റപ്പെട്ട ചില സന്യാസികുടീരങ്ങള്‍, വീടുകള്‍, നായ്ക്കള്‍, പശുക്കള്‍.... ഋഷികേശ് കാഴ്ചകളിലൂടെ നടന്നുനീങ്ങി. മുന്നോട്ട് നടക്കുംതോറും ഗംഗയുടെ തീരങ്ങളിലെ വിസ്തൃതമായ മണല്‍തിട്ടകള്‍ കണ്ടുതുടങ്ങി. വിജനമായ അവിടെ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കല്ലുകള്‍ളില്‍ ഒന്നിന്റെ മുകളില്‍ കയറി ഇരുന്നു. കണ്ണുകളടച്ച് ഗംഗയെ സ്‍മരിച്ചു.

ഇതിനിടെയാണ് ''ഭയ്യാ'' എന്ന വിളികേട്ട് ഉണര്‍ന്നത്. ഒരു കുട്ടിയാണ് വിളിക്കുന്നത്. മുന്നില്‍ എട്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. നിറം മങ്ങി, കീറിത്തുടങ്ങിയ വസ്ത്രങ്ങളാണ് അവള്‍ ധരിച്ചിരിക്കുന്നത്. ചീവിയൊതുക്കാത്ത മുടിയും ദയനീയത തോന്നുന്ന മുഖവുമുള്ള അവള്‍ വീണ്ടും വിളിച്ചു.  
''ഭയ്യാ... ദേ ഇത് നോക്കിക്കേ.''
അവളുടെ കൈയിലെ വെള്ളപേപ്പറില്‍ ഒരു പൂവരച്ച് അതില്‍ ചായമടിച്ചിരിക്കുന്നു. സ്‌കൂള്‍ ബുക്കില്‍നിന്നും കീറിയെടുത്ത പേപ്പറില്‍ വരച്ചതാണ് ആ ചിത്രമെന്ന് മനസിലാവും.

''ഭയ്യാ... ഈ ചിത്രം എങ്ങനുണ്ട്?''
''കൊള്ളാം... നന്നായിരിക്കുന്നു.'' എന്ന് മറുപടി നല്‍കി.
''ഭയ്യായ്ക്ക് ഇത് വേണോ?'' അവള്‍ വീണ്ടും ചോദിച്ചു.
ആ ചിത്രം എന്തിന് വാങ്ങണം? ഒരു എട്ടുവയസുകാരിയുടെ കുത്തിവരയ്ക്കപ്പുറം ഒരു പ്രത്യേകതയും ആ ചിത്രത്തിനില്ല. ആ ചിത്രം വാങ്ങാനുള്ള താത്പര്യമില്ല.
''വേണ്ട'' എന്ന് ഉത്തരമേകി. പക്ഷേ, ആ ഉത്തരം അവളെ വിഷമിപ്പിച്ചു.
''അതെന്താ ഭയ്യാ... ഈ പടം വേണ്ടാത്തേ? ഇത് കൊള്ളില്ലേ. ഭയ്യാ തന്നെയല്ലേ പറഞ്ഞത് ഈ പടം നല്ലതാണെന്ന്.''
ആ കുട്ടിയിലെ കച്ചവടക്കാരി ഉണര്‍ന്നു. എത്രയോ ആളുകളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് അവള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.
''ഈ പടം നല്ലതാണ്. പക്ഷേ, എനിക്ക് ഇത് ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ.''
''ഭയ്യായ്ക്ക് ഈ പടം വേണ്ടെങ്കില്‍ ഇതിന്റെ വില തന്നേക്കൂ.'' അങ്ങിനെ വെറുതേ വിടാനുള്ള ഭാവമൊന്നും അവള്‍ക്കില്ല.
''വിലയോ? എന്ത് വില?''
''അമ്പത് രൂപ തന്നാല്‍ മതി.''
''അമ്പത് രൂപയോ? ഇല്ല, പൈസ തരില്ല. എനിക്ക് പടവും വേണ്ട.''
''അമ്പത് വേണ്ട. പത്ത് രൂപയെങ്കിലും താ.''
''പൈസ തരില്ല'' എന്ന് ഉറച്ച ശബ്ദത്തില്‍ മുറപടി നല്‍കി. പാറയില്‍നിന്നുമിറങ്ങി നടന്നു തുടങ്ങി.
ആ കുട്ടി പിന്നാലെ വന്ന് വട്ടംചുറ്റി നടന്ന് പറഞ്ഞ് തുടങ്ങി.
''ചീത്ത ഭയ്യ. നിങ്ങള്‍ ചീത്തയാണ്. കുട്ടികളെ നിങ്ങള്‍ക്ക് ഇഷ്ടമല്ല. ദുഷ്ടനായ നിങ്ങള്‍ക്ക് അവരുടെ വേദനങ്ങള്‍ മനസിലാവില്ല.''
കുട്ടി അവസാനത്തെ അടവെടുത്തു. മാനസികമായി തളര്‍ത്തുക. ഇല്ല, ആ കുട്ടിക്ക് മുന്നില്‍ കീഴടങ്ങില്ല. മനസില്‍ ഉറപ്പിച്ച് മുന്നോട്ട് നടന്നുനീങ്ങി.

പക്ഷേ, അവള്‍ വിടാന്‍ ഒരുക്കമല്ലായിരുന്നു. അവള്‍ പിന്നാലെ കൂടി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മനസിനെ മുറവേല്‍പ്പിക്കുമാറ് അവള്‍ തുടര്‍ച്ചയായി ശാപവാക്കുകള്‍ പറയുന്നുണ്ട്. അവളെ പരിഗണിക്കാതെ നടത്തം തുടര്‍ന്നു. എന്നാല്‍, ഈ ഒഴിവാക്കലുകള്‍ക്ക് അവളെ തളര്‍ത്താനായില്ല. അവള്‍ എങ്ങിനേയും പണം വാങ്ങിയെടുക്കുമെന്ന വാശിയോടെ പിന്നാലെ തന്നെയുണ്ട്. മനസ് കൂടുതല്‍ കൂടുതല്‍ മുറിവേറ്റുകൊണ്ടിരുന്നു. വിഷമത്താല്‍ കണ്ണുകള്‍ നിറഞ്ഞുതുടങ്ങി. ഏതുനിമിഷവും കരഞ്ഞുപോകാവുന്ന അവസ്ഥ.

വിജയനമായ ആ മണ്‍തിട്ടയിലൂടെ ചീത്തവിളി കേട്ട് മുന്നോട്ട് നീങ്ങുകയാണ്. ഇതിനിടെയാണ് എതിര്‍ ദിശയില്‍ നടന്നുവരുന്ന വിദേശദമ്പതികളെ കണ്ടത്. അവരെ കണ്ടതും നല്ലൊരു ഇരയെകിട്ടിയ ഭാവത്തോടെ അവള്‍ അവരുടെ പിന്നാലെ കൂടി. അവര്‍ക്ക് ചുറ്റു നടന്ന് തന്റെ ചിത്രവും ഉയര്‍ത്തി അത് വാങ്ങാന്‍ അവള്‍ അവരെ ശല്യപ്പെടുത്തികൊണ്ടിരുന്നു. രക്ഷപെട്ടതിലൂള്ള ആശ്വാസത്താല്‍ വേഗത്തില്‍ നടന്നു നീങ്ങി.

എങ്കിലും അവള്‍ ഏല്‍പ്പിച്ച മുറിവ് മനസിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. ഇത്രമാത്രം ചീത്തകേള്‍ക്കാന്‍ മാത്രം എന്താണ് ചെയ്‍തത്. ഒരു പടം വാങ്ങാത്തതാണോ തെറ്റ്. അതിനാണോ ആ കൊച്ചുകുട്ടി വേദനിപ്പിക്കുമാറ് ചീത്തയും ശാപവും ചൊരിഞ്ഞത്. ആലോചിക്കും തോറും മനസ് അസ്വസ്ഥമായികൊണ്ടിരുന്നു. ഈ വേദനയില്‍നിന്നും എങ്ങിനെ ആശ്വാസം നേടും. എന്തും എന്നിലേക്ക് തന്നോളൂ എന്ന ഭാവത്തില്‍ ഗംഗ മുന്നിലൂടെ ഒഴുകുന്നുണ്ട്. അതിന്റെ ആഴങ്ങളില്‍ ഒളിച്ചിരുന്ന് ശരീരത്തിലും മനസിലും അതിന്റെ തണുപ്പ് ഏറ്റുവാങ്ങി ഈ മുറിവുകളും വിഷമങ്ങളും ആ ഒഴുക്കില്‍ അലിയിച്ചു കളയുകതന്നെ.