''നിങ്ങള്‍ മലയാളികളും ദക്ഷിണേന്ത്യക്കാരും സുഖിച്ചു ജീവിക്കുന്നവരാണ്. നിങ്ങള്‍ക്ക് ഈ കഷ്‍ടപ്പാടൊന്നുമില്ലല്ലോ. എത്ര സമാധാനപരമാണ് നിങ്ങളുടെ ജീവിതം. കഷ്‍ടപ്പെടുന്നതോ ഞങ്ങള്‍ മാത്രമല്ലേ. എന്നിട്ട് നിങ്ങളുടെ രാഷ്ട്രീയക്കാര്‍ എന്തൊക്കെയാണ് ഞങ്ങളെക്കുറിച്ച് പറയുന്നത്. അവര്‍ വെറുതേ രാഷ്ട്രീയം കളിക്കുകയാണ്.''  അയാളുടെ സംസാരം കൂടുതല്‍ ശബ്‍ദത്തിലും വിദ്വേഷത്തോടെയുമുള്ളതായി. ബാധകയറിയ ഒരാളെപോലെ അയാള്‍ രാഷ്ട്രീയക്കാരോടുള്ള തന്റെ വെറുപ്പ് മുഴുവന്‍ പ്രകടിപ്പിക്കുകയാണ്. ദേഷ്യപ്പെട്ട് അയാളെങ്ങാനും തല്ലുമോ. മനസില്‍ ഭയമേറി. തൊണ്ടവരണ്ടു. ശരീരം വിറയ്ക്കാന്‍ തുടങ്ങി.  

2014-ലെ മഞ്ഞുകാലം. കാര്‍ഗിലിനെ തണുപ്പ് പുതച്ചുതുടങ്ങിക്കഴിഞ്ഞു. സഞ്ചാരികള്‍ അപൂര്‍വമായി. താപനില രാത്രിയില്‍ മൈനസിലേക്ക് താഴ്ന്നുതുടങ്ങിക്കഴിഞ്ഞു. ആ യാത്രയില്‍ അന്ന് പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു. കാര്‍ഗില്‍ ഒന്ന് ചുറ്റിക്കറങ്ങുകതന്നെ. ഹോട്ടല്‍ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങി. രാവിലെ ഏഴ് മണിയായെങ്കിലും റോഡുകള്‍ ശൂന്യം. വിജനമായ കാര്‍ഗിലിലെ വഴികളിലൂടെ നടക്കുന്നതിനിടെയാണ് അയാളുടെ മുന്നില്‍ ചെന്ന് പെട്ടത്.

''എന്നെ മനസിലായോ?''

കമ്പിളികുപ്പായമിട്ട ദീര്‍ഘകായനായ അയാള്‍ ചോദിച്ചു.

''ഇല്ല.''

ആ മറുപടി അത്ര ഇഷ്‍ടപ്പെട്ടില്ലെന്ന് അയാളുടെ മുഖഭാവത്തില്‍നിന്ന് മനസിലായി.

''ഇത്രപെട്ടെന്ന് എന്നെ മറന്നുപോയോ?''

''ഇല്ല, ഓര്‍ക്കുന്നില്ല.''

അയാള്‍ക്ക് വിടാന്‍ ഭാവമില്ല.

''ശരി, ഇന്നലെ രാത്രി ഒരു പോലീസുകാരനോട് നിങ്ങള്‍ താമസിക്കാന്‍ ഹോട്ടല്‍ അന്വേഷിച്ചില്ലേ?''

''ഉവ്വ്''

''അയാള്‍ ഞാനാണ്.''

ശരിയാണ്. ഇന്നലെ സോനാമാര്‍ഗില്‍നിന്ന് കാര്‍ഗിലില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. അപ്പോള്‍, റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോടാണ് താമസിക്കാനുള്ള സൗകര്യം എവിടെ കിട്ടുമെന്ന് അന്വേഷിച്ചത്.

''സോറി. സാധാരണ വേക്ഷത്തില്‍ നിങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.''

''സോറിയൊക്കെ അവിടെ നില്‍ക്കട്ടെ. നമുക്ക് ഒരോ ചായയും കാര്‍ഗില്‍ ദോശയും കഴിക്കാം.''

''ദോശയോ?''

അയാള്‍ ചിരിച്ചുകൊണ്ട് മറുപടിനല്‍കി.

''അതേ, നിങ്ങള്‍ സൗത്തിന്ത്യനല്ലേ. രാവിലെ നിങ്ങള്‍ ദോശയല്ലേ കഴിക്കുന്നത്. ഇത് കാര്‍ഗിലുകാരുടെ ദോശയാണ്.''

അയാള്‍ എന്ന സമീപത്തെ കടയിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ രാത്രിയിലെ തണുപ്പിന്റെ കാഠിന്യം വെളിപ്പെടുത്തിക്കൊണ്ട് കടയുടെമുന്നില്‍ പുറത്തുവച്ച പാത്രത്തിലെ വെള്ളം തണുത്തുറഞ്ഞ് ഐസായിരിക്കുന്നത് കാണാമായിരുന്നു. ചെറിയൊരു കട. പൊലീസുകാരന്റെ സുഹൃത്താണ് കടക്കാരന്‍. അയാള്‍ ഞങ്ങള്‍ക്ക് മുന്നിലേക്ക് ചായയും 'കാര്‍ഗില്‍ ദോശ'യും കൊണ്ടുവന്നുവച്ചു. ദോശയുടെ വലുപ്പത്തിലുള്ള ബ്രഡാണ് അയാള്‍ പറയുന്ന കാര്‍ഗില്‍ ദോശ. കശ്‍മീരികളുടെ പ്രഭാതഭക്ഷണത്തിലെ പ്രധാനിയാണ് ഈ ബ്രഡ്. അതീവരുചികരമാണ് ഈ ബ്രഡ്.

ചായകുടിച്ചുകൊണ്ടിരിക്കേ പൊലീസുകാരന്‍ വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്. മലയാളിയാണെന്നറിഞ്ഞപ്പോള്‍ കേരളത്തെക്കുറിച്ചും അവിടെത്തെ കാലാവസ്ഥയെക്കുറിച്ചും കായലുകളെക്കുറിച്ചും അയാള്‍ക്ക് ചോദിച്ചുതുടങ്ങി. കേരളത്തെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ അയാള്‍ക്ക് അറിയാം. ഹൗസ്‌ബോട്ടില്‍ യാത്രചെയ്യണമെന്ന ആഗ്രഹവും അയാള്‍ പങ്കുവച്ചു. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് അയാള്‍ പറയുന്നത്. കാരണം, യുദ്ധമോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും അനുഭവിക്കേണ്ടല്ലോ. മലയാളികള്‍ മാത്രമല്ല, തമിഴരും കന്നടക്കാരും, ആന്ധ്രക്കാരും തെലുങ്കരുമൊക്കെയുള്‍പ്പെടുന്ന ദക്ഷിണേന്ത്യക്കാരെല്ലാം സുരക്ഷിതരാണ്. ശത്രുരാജ്യത്തിന്റെ തോക്കിന്‍ മുനയിലാണ് തങ്ങളുടെ ജീവിതമെന്നും രാജ്യത്തെ സംരക്ഷിക്കുന്നവരാണ് തങ്ങളെന്നും അയാള്‍ പറഞ്ഞു.

തെക്കേഇന്ത്യക്കാര്‍ക്ക് ഇതൊന്നും അറിയുകയുമില്ല, അവര്‍ക്ക് ഇക്കാര്യങ്ങള്‍ മനസിലാവുകയുമില്ല. വാര്‍ത്തകള്‍ മാത്രമേ അവര്‍ വായിക്കുന്നുള്ളൂ. രാജ്യസുരക്ഷയോ, തീവ്രവാദമോ, ശത്രുരാജ്യഭീക്ഷണിയോ അവര്‍ക്ക് അനുഭവപ്പെടുന്നില്ലല്ലോ. പൊലീസുകാരന്റെ ശബ്ദം വികാരപരമായി ഉയര്‍ന്നു. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയക്കാര്‍ വെറുതേ ഉച്ചവച്ചും രാഷ്ട്രീയം കളിച്ചും നടക്കുകയാണ്. ഇവിടെ അതിര്‍ത്തിയില്‍ തങ്ങള്‍ കൊടുതണുപ്പത്ത്; രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വന്തം ജീവന്‍പോലും അവഗണിച്ച് കാവല്‍ നില്‍ക്കുകയാണ്; രാജ്യസംരക്ഷണത്തിനായി. രാഷ്‍ട്രീയം കളിക്കുന്ന ദക്ഷിണേന്ത്യന്‍ നേതാക്കന്മാരോടുള്ള തന്റെ വെറുപ്പ് മുഴുവന്‍ ആ പൊലീസുകാരന്‍ പുറത്തെടുത്തു.

വികാരപരമായ ശബ്‍ദത്തോടൊപ്പം അതിയായ ദേഷ്യത്തോടെ കൈകളും ശരീരവും ഇളക്കി, പിശാചുബാധിച്ച ഒരാളെപോലെയാണ് അയാള്‍ സംസാരിക്കുന്നത്. ഈശ്വരാ... എങ്ങനെ ഇയാളില്‍നിന്ന് രക്ഷപെടും. അദ്ദേഹത്തിന്റെ വികാരപ്രകടനങ്ങള്‍ മനസിലാക്കാനാവും പക്ഷേ, ദേഷ്യം മൂര്‍ച്ഛിച്ച് അയാള്‍ മര്‍ദിച്ചാലോ? മനസില്‍ പേടിവര്‍ധിച്ചു.

ഇതിനിടെ ഞങ്ങള്‍ ചായകുടിച്ചുകഴിഞ്ഞിരുന്നു.

''വാ, കാര്‍ഗില്‍ പൊലീസ് സ്‌റ്റേഷന്‍ കാണിക്കാം.''

അയാള്‍ കൈയില്‍പിടിച്ചു കടയില്‍നിന്ന് ഇറക്കി മുന്നോട്ട് നടത്തിച്ചു. നടക്കുന്നതിനിടെ അയാള്‍ അങ്ങ് ദൂരെ ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു.

''കാര്‍ഗില്‍ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ സൈന്യം ആ മലമുകളില്‍ ഒളിച്ചിരുന്നാണ് ആക്രമിച്ചത്''

ആ നടത്തം അവസാനിച്ചത് കാര്‍ഗിലിലെ പോലീസ് സ്‌റ്റേഷന് മുന്നിലാണ്. രണ്ടാള്‍ പൊക്കത്തിലേറെ ഉയര്‍ന്ന് നില്‍ക്കുന്ന ചുറ്റുമതിലോടുകൂടിയ പൊലീസ് സ്‌റ്റേഷന്‍. ആക്രമണങ്ങളുണ്ടായാല്‍ സ്‌റ്റേഷനിലുള്ളവരുടെ സുരക്ഷയ്ക്കാണിത്.
അയാള്‍ പൊലീസ് സ്‌റ്റേഷന്‍ ചൂണ്ടിക്കാട്ടി പറഞ്ഞു.

''വരൂ, സ്റ്റേഷന്‍ കണാം. അവിടെയുള്ളവരെ പരിചയപ്പെടുത്താം.''

സ്റ്റേഷനില്‍ കയറിയാല്‍ അയാള്‍ തന്റെ ദേഷ്യം തീര്‍ക്കാന്‍ അവിടെവച്ച് മര്‍ദ്ദിച്ചാലോ? നിലവിളിച്ചാല്‍പോലും പുറത്തുള്ളവര്‍ അറിയില്ല. പിന്നെ പുറംലോകം കാണാനാകില്ലെങ്കിലോ.
ഭയം ശരീരമാകെ ഇരച്ചുകയറി.

''വരുന്നില്ല'' എന്ന മറുപടി നല്‍കി.

''ശരി. നിങ്ങള്‍ വരേണ്ട. എന്റെ വീടും താമസവുമെല്ലാം ഇവിടെയാണ്. നിങ്ങള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ സ്വസ്ഥമായി ഉറങ്ങുമ്പോള്‍ ഞാന്‍ ഇവിടെ കൊടുംതണുപ്പില്‍ തോക്കുമായി കാവല്‍ നില്‍ക്കുകയാണ്. എനിക്ക് നിങ്ങളുടെ നാട് സന്ദര്‍ശിക്കണമെന്നുണ്ട്. പക്ഷേ, എനിക്ക് എന്റെ മണ്ണ് വിട്ടുപോരാനാവില്ല. എന്റെ ബാല്യവും കൗമാരവും യൗവനവും ഇനി എന്റെ വാര്‍ദ്ധക്യവും മരണവുമെല്ലാം ഈ മണ്ണിലാണ്.''
അയാള്‍ ഇത് പറഞ്ഞിട്ട് സ്റ്റേഷനിലേക്ക് കയറിപ്പോയി.

ഹാവൂ... രക്ഷപെട്ടു എന്നാണ് മനസില്‍ ആദ്യം തോന്നിയത്. എന്നാല്‍, പിന്നീട് ആലോചിച്ചപ്പോള്‍ അയാളോടുള്ള ഭയം മാറി, അയാള്‍ ശരിയാണെന്ന് തോന്നി. കശ്‍മീരികളെപോലെ യാതൊരു അരക്ഷിതാവസ്ഥയും നമ്മള്‍ അനുഭവിക്കുന്നില്ലല്ലോ. യുദ്ധമോ, തീവ്രവാദമോ, രാഷ്ട്രീയഅനിശ്ചിതത്വമോ ഒന്നും നമ്മളെ അലട്ടുന്നില്ല. അതേ, അയാള്‍ പറഞ്ഞതുപോലെ നമ്മള്‍ ശരിക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ജീവിക്കുന്നത്.

ഇതിനിടെ അയാളുടെ പേരും വിശേഷങ്ങളും ചോദിക്കാന്‍ മറന്നിരുന്നു. ഇനിയെന്നായിരിക്കും വീണ്ടും ഈ വഴി വരാനാവുക. അന്ന് അയാളെ എങ്ങിനെ കണ്ടെത്തും. പേരറിയില്ലല്ലോ. പക്ഷേ, ആ മുഖം മനസില്‍നിന്ന് ഒരിക്കലും മാഞ്ഞിരുന്നില്ല. കശ്‍മീരിനെ കുറിച്ച് നോവുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ ആദ്യം ഓര്‍മവരുക ആ മുഖമാണ്; ഒപ്പം ആ സംഭാഷണവും.