''നിങ്ങള്‍ പഞ്ചാബിലെവിടെയാണ്?''

''അതിന് ഞാന്‍ പഞ്ചാബിയല്ലല്ലോ?''

തലപ്പാവ് കെട്ടി, താടിനീട്ടിയ സിഖുകാരനായ അയാളുടെ മറുപടി കേട്ട് അത്ഭുതപ്പെട്ടു. അപ്പോള്‍ സിഖുകാരെല്ലാം പഞ്ചാബികളല്ലേ? മനസിലെ സംശയം വായിച്ചെടുത്തപോലെ അയാള്‍ തന്റെ കഥ പറഞ്ഞു തുടങ്ങി.

2014 നവംബറില്‍ ഷിംല യാത്രക്കിടെയാണ് അയാളെ പരിചയപ്പെടുന്നത്. മണാലിയില്‍നിന്നും ഷിംലയില്‍ എത്തിയപ്പോള്‍ രാത്രിയായിരുന്നു. റൂമെടുത്ത ഹോട്ടലില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ അവര്‍ തന്നെയാണ് സമീപത്തുള്ള ഗുരുദ്വാരയിലെ പാര്‍ക്കിംഗ് ഏരിയ നിര്‍ദേശിച്ചത്. വണ്ടി പാര്‍ക്ക് ചെയ്യാന്‍ എത്തിയപ്പോള്‍ അതിന്റെ ചുമതലക്കാരന്‍ ഒരു സിഖുകാരനാണ്. നാല്‍പതുവയസിലേറെ പ്രായം തോന്നിക്കും അയാള്‍ക്ക്. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ട്. വണ്ടി പാര്‍ക്ക് ചെയ്തതിനുശേഷം സ്ലിപ്പ് വാങ്ങാന്‍ എത്തിയപ്പോള്‍ അയാള്‍ തന്റെ കവാല്‍പ്പുരയിലേക്ക് ക്ഷണിച്ചു. അലൂമിനിയം ഷീറ്റുകൊണ്ടുള്ള ആ കാവല്‍പുരയില്‍ ഒരാള്‍ക്ക് കഷ്‍ടിച്ച് ഇരിക്കാവുന്ന സ്ഥലമേയുള്ളൂ. എങ്കിലും അയാളുടെ നിര്‍ബന്ധത്തിനു വഴിങ്ങി, ആ ഇരിപ്പിടത്തില്‍ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവന്നു.

''പുറത്ത് നല്ല തണുപ്പുണ്ടല്ലേ?''

അയാള്‍ ഹീറ്റര്‍ കാല്‍ച്ചുവട്ടിലേക്ക് നീക്കിവച്ചുകൊണ്ടു സംസാരം ആരംഭിച്ചു.

''നിങ്ങള്‍ ദൂരെനിന്ന് യാത്ര ചെയ്‍ത് വന്നതാണെന്ന് മനസിലായി. പുറത്തെ തണുപ്പുകൊണ്ട് സംസാരിക്കേണ്ടല്ലോ എന്ന് കരുതിയാണ് ഉള്ളിലേക്ക് വരാന്‍ പറഞ്ഞത്.''

ശരിയാണ് പുറത്ത് നല്ല തണുപ്പുണ്ട്. ഷിംലയില്‍ മഞ്ഞുകാലം ശക്തിപ്പെട്ട് തുടങ്ങുന്ന സമയമായിരുന്നു അത്. രാത്രിയില്‍ തണുപ്പ് കൂടും. അയാള്‍ യാത്രയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഹര്‍മീത്ത് സിംഗ് എന്നാണ് അയാളുടെ പേര്. ഷിംലയിലെ ഗുരുദ്വാരയിലെ പാര്‍ക്കിംഗ് സ്ഥലത്തിന്റെ ചുമതലക്കാരനാണ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ടു മണിവരെയാണ് ഡ്യൂട്ടി. തുടര്‍ന്ന് രാത്രി ഗുരുദ്വാരയിലെ കാവല്‍ക്കാരനായും ജോലി ചെയ്യും. അങ്ങിനെ 24 മണിക്കൂറും ജോലി ചെയ്യുന്നയാളാണ് ഹര്‍മീത്ത്. 

നാട്ടില്‍ 40 ഏക്കറോളം കൃഷിയിടമുണ്ട്. അവിടെ കൃഷി ചെയ്‍താല്‍ ഈ ജോലിയേക്കാള്‍ സാമ്പത്തികമായി നല്ല മെച്ചമുണ്ട്. പക്ഷേ, ഒരു കുഴപ്പമുണ്ട്. കൃഷിയുടെ വരുമാനത്തില്‍ സ്ഥിരതയില്ല. ഒരു വര്‍ഷം കൃഷി ലാഭമാണെങ്കില്‍ മറ്റൊരു വര്‍ഷം നഷ്ടമാവും. കാലാവസ്ഥയും ചതിക്കും. വിലക്കുറവും വിളകള്‍ക്കുണ്ടാകുന്ന രോഗങ്ങളും കീടബാധയുമൊക്കെ വെല്ലുവിളികളാണ്. പകലന്തിയോളം കഷ്‍ടപ്പെട്ടാലും കാര്യമായ ലാഭമൊന്നുമുണ്ടാകാറില്ല. പലപ്പോഴും നഷ്ടവുമായിരിക്കും ഫലം. ഈ ജോലിക്കാകുമ്പോള്‍ മാസം കൃത്യമായ ശമ്പളം ലഭിക്കും. കൃഷിയേക്കാള്‍ അതുതന്നെയാണ് ലാഭം. വല്ലപ്പോഴുമേ നാട്ടിലേക്ക് പോകാന്‍ പറ്റുള്ളൂവെങ്കിലും കൃത്യമായി ശമ്പളം ലഭിക്കുമെന്നതിനാല്‍ താന്‍ സന്തോഷവാനാണെന്നാണ് ഹര്‍മീത്ത് പറയുന്നത്.

സംസാരം കുട്ടികളുടെ വിശേഷങ്ങളെക്കുറിച്ചായി. ഹര്‍മീത്തിന് രണ്ടു മക്കളാണ്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. രണ്ടുപേരും ചെറുക്ലാസുകളില്‍ പഠിക്കുന്നവരാണ്. ഇതിനിടെയാണ് ഹര്‍മീത്തിന്റെ നാടിനെക്കുറിച്ച് ചോദിച്ചത്.

''പഞ്ചാബിലെവിടെയാണ്?''

സിഖുകാരനാണല്ലോ, സ്വാഭാവികമായും പഞ്ചാബിയായിരിക്കുമെന്ന് കരുതിയാണ് ചോദിച്ചത്.

''പഞ്ചാബിലല്ല. എന്റെ വീട് ഷിംലയില്‍നിന്ന് കുറച്ച് അകലെയാണ്.''

''അപ്പോള്‍ എങ്ങിനെയാണ് നിങ്ങള്‍ സിഖുകാരനായത്?''

അങ്ങനെയാണ് അയാള്‍ താന്‍ സിഖുകാരനായ കഥ പറയുന്നത്. 

ഹര്‍മീത്തിന്റെ പൂര്‍വികരെല്ലാം ഹിമാചല്‍പ്രദേശുകാരാണ്. ഹിന്ദുവിശ്വാസികളും പരമ്പരാഗത കര്‍ഷകരുമായിരുന്നു അവര്‍. ഹര്‍മീത്തിന്റെ മുത്തശ്ശിക്ക് ഒരാണ്‍ കുഞ്ഞിനെ വേണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, അവര്‍ക്ക് ജനിച്ചതെല്ലാം പെണ്‍കുട്ടികളും. ഒരാണ്‍കുഞ്ഞ് ജനിക്കാന്‍ അവര്‍ നേരാത്ത നേര്‍ച്ചകളില്ല. അവര്‍ പോകാത്ത അമ്പലങ്ങളില്ല. എന്നാല്‍, അവയൊന്നും ഫലം കണ്ടില്ല. അങ്ങിനെ അവരുടെ വിഷമം കണ്ടാണ് ബന്ധുവായ സ്ത്രീ പരിഹാരം നിര്‍ദേശിക്കുന്നത്. ഗുരുദ്വാരയില്‍ പോയി പ്രാര്‍ഥിച്ചാല്‍ ഒരാണ്‍കുഞ്ഞ് ജനിക്കുമെന്ന്. അങ്ങിനെ അവര്‍ പറഞ്ഞ ഗുരുദ്വാരയില്‍ പോയി പ്രാര്‍ഥിച്ചു. അതിനൊപ്പം മുത്തശ്ശി ഒരു നേര്‍ച്ചയും നേര്‍ന്നു. തനിക്ക് ഒരാണ്‍ കുട്ടി ജനിക്കുകയാണെങ്കില്‍ അവനെ സിഖുകാരനാക്കി വളര്‍ത്തുമെന്ന്. അങ്ങിനെ മുത്തശ്ശിയുടെ പ്രാര്‍ഥന ഫലിച്ചു. അവര്‍ വീണ്ടും ഗര്‍ഭം ധരിച്ചു. ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹര്‍മീത്തിന്റെ പിതാവായിരുന്നു ആ കുട്ടി. നേര്‍ച്ചപാലിക്കാന്‍ മുത്തശ്ശി കുട്ടിയെ സിഖുകാരനാക്കി വളര്‍ത്തി. അങ്ങിനെ ഹര്‍മീത്തും സിഖുകാരനായി. ഇപ്പോള്‍ തന്റെ രണ്ടു കുട്ടികളേയും സിഖ് വിശ്വാസത്തിലാണ് ഹര്‍മീത്ത് വളര്‍ത്തുന്നത്.

താന്‍ ചെയ്യാത്ത ജോലികളില്ലെന്നാണ് ഹര്‍മീത്ത് പറയുന്നത്. ഗുരുദ്വാരയില്‍ ജോലി ലഭിക്കുന്നതിനു മുമ്പ് തയ്യല്‍ക്കാരന്‍, ഇലക്ട്രീഷന്‍, പംബ്ലര്‍, ഡ്രൈവര്‍ ഇങ്ങനെ എത്രയെത്ര ജോലികള്‍ ചെയ്‍തിരിക്കുന്നു. എന്ത് കാര്യത്തിലും മനസുറപ്പിച്ചാല്‍ അവയെല്ലാം വേഗത്തിലും നന്നായും പഠിച്ചെടുക്കാനാവുമെന്നാണ് ഹര്‍മിന്തിന്റെ പക്ഷം.

താന്‍ വളരെ സംതൃപ്തിയോടെയാണ് ജീവിക്കുന്നതെന്നാണ് ഹര്‍മീത്ത് പറയുന്നത്. യാതൊരു നിരാശയും തനിക്ക് ജീവിതത്തിലില്ലെന്നാണ് അയാള്‍ പറയുന്നത്. അതുകൊണ്ടാണ് അതൃപിയൊന്നുമില്ലാതെ പൂര്‍ണതൃപ്തിയോടെ ഗുരുദ്വാരയില്‍ ജോലി ചെയ്യാനാവുന്നത്. ചെറിയൊരു വിഷമമുള്ളത്്, പുതിയ തലമുറയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്. താനൊക്കെ മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ തലമുറയ്ക്ക് അങ്ങിനെയൊരു ശീലമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അച്ചടക്കമില്ല. ബോയ് ഫ്രണ്ട്‌സും ഗേള്‍ ഫ്രണ്ടുസുമൊക്കെയായി അവര്‍ ജീവിതം അടിച്ചു പൊളിക്കുകയാണ്. പ്രൈമറിസ്‌കൂളില്‍ പഠിക്കുന്ന തന്റെ മോള്‍ക്ക് ബോയ് ഫ്രണ്ട് വേണമെന്ന് തന്നോട് പറഞ്ഞത്രേ.

പുതിയതലമുറയെ ഉള്‍ക്കൊള്ളാനോ, മാറ്റങ്ങളെ മനസിലാക്കാനോ ഹര്‍മീത്തിനാവുന്നില്ല. പക്ഷേ, ഇപ്പോഴും പഴമയും മൂല്യങ്ങളുമൊക്കെ പാലിച്ചാണ് ഹര്‍മീത്തിന്റെ ജീവിതം. സദാപുഞ്ചിരിച്ച് തൃപ്‍തിയോടെ ജീവിക്കുന്ന അയാള്‍ക്കൊപ്പം സംസാരിച്ചിരുന്നപ്പോള്‍ സമയം കടന്നുപോയതറിഞ്ഞില്ല. എട്ടു മണിയായപ്പോള്‍ ഹര്‍മീത്താണ് തനിക്ക് അടുത്ത ഡ്യൂട്ടിക്ക് പ്രവേശിക്കേണ്ട സമയമായെന്ന് ഓര്‍മിപ്പിച്ചത്. വണ്ടിയെടുക്കാന്‍ മടങ്ങിയെത്തുമ്പോള്‍ വീണ്ടും സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പക്ഷേ, മടങ്ങാന്‍ നേരം, ഏറെയൊന്നും ഞങ്ങള്‍ക്ക് സംസാരിക്കാനായില്ല. വീണ്ടും കാണാമെന്ന വാഗ്ദാനം ചെയ്തു യാത്ര തുടര്‍ന്നു. ഇങ്ങനെ പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ് ഓരോ യാത്രകളും. എങ്കിലും, സഞ്ചാരത്തില്‍ പരിചയപ്പെട്ടുന്നവരോട് മറ്റൊന്താണ് പറഞ്ഞ് പരിയാനാവുന്നത്..?