Asianet News MalayalamAsianet News Malayalam

Arunachaleswarar Temple : അന്ധകാരം നീക്കും അഗ്‌നിസ്വരൂപമായി അരുണാചലം

മലയടിവാരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന ആദ്യ ദര്‍ശനത്തില്‍ത്തന്നെ മനം കവര്‍ന്ന്, ചിന്തകളെ ഇല്ലാതാക്കി ആ മഹാമേരു, അരുണാചലം മുന്നില്‍.. ദുര്‍ഗ മനോജ് എഴുതുന്നു

Travelogue to Thiruvannamalai Arunachaleswarar temple
Author
Trivandrum, First Published Dec 4, 2021, 10:10 AM IST
  • Facebook
  • Twitter
  • Whatsapp

ഴയുടെ മന്ദാരപ്പെയ്ത്തില്‍ കുളിച്ച നീണ്ട രാത്രിയാത്രയ്ക്ക് ശേഷം, കാത്തിരുന്ന കാഴ്‍ച ഇതാ മുന്നില്‍! മഴ ആവേശിച്ച, പച്ചപ്പു കൊണ്ട് ഈറനുടുത്ത്, മഴ മേഘങ്ങള്‍ കൊണ്ടു നീണ്ട ഭസ്‍മക്കുറി പൂശിയ തിരുവണ്ണാമലയിലെ (Thiruvannamalai) അരുണാചലം (Arunachalesvara Temple)! ആ മേരു ശൃംഗത്തിലേക്ക്, ആകാശത്ത് പൊടുന്നനെ വെളിപ്പെട്ട സൂര്യവെളിച്ചം സ്വര്‍ണ്ണവര്‍ണ്ണം വിതറി വീണ്ടും കാര്‍മേഘക്കൂട്ടത്തിനു വഴിമാറുന്നു! ഇതെന്തൊരു കാഴ്‍ച! ഇതിനു വേണ്ടി മാത്രമാണു അനിശ്ചിതത്വങ്ങള്‍ മാത്രം നിറഞ്ഞ ഈ യാത്രക്കു തയ്യാറായത്. മലയടിവാരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന ആദ്യ ദര്‍ശനത്തില്‍ത്തന്നെ മനം കവര്‍ന്ന്, ചിന്തകളെ ഇല്ലാതാക്കി ആ മഹാമേരു, അരുണാചലം മുന്നില്‍. ശ്വാസമടക്കി കണ്ട്, ഈശ്വരാ എന്നു മനസില്‍ പറഞ്ഞ് താമസസ്ഥലത്തേക്ക്.

നഗരം ഉണരുന്നതേ ഉള്ളൂ. കാര്‍ത്തിക ഉത്സവത്തിന്റെ വലിയ തിരക്കുകള്‍ ഒട്ടൊന്ന് അവസാനിച്ചിരിക്കുന്നു. ആ ആശ്വാസം നഗരത്തിലും പ്രതിഫലിക്കുന്നു. അരുണാചലം, അരുണാചലശ്വേര്‍, രമണമഹര്‍ഷി, രമണാശ്രമം, തിരുവണ്ണാമലയെ ലോക ഭൂപടത്തില്‍ ശ്രദ്ധേയമാക്കുന്നവ ഇവയൊക്കെയാണ്. സാധാരണ തമിഴ്‌നാട്ടില്‍ പല വിഖ്യാത ക്ഷേത്രങ്ങളും മലയുടെ മുകളിലായാണ് നിലകൊണ്ട് കണ്ടിട്ടുള്ളത്. പക്ഷേ, ഇവിടെ മലയടിവാരത്തിലാണ് അരുണാചലേശ്വരന്‍ നിലകൊള്ളുന്നത്. അതു മാത്രവുമല്ല അരുണാചലത്തെ ശിവലിംഗമായിക്കണ്ട് ആരാധിക്കുകയും ചെയ്യുന്നു. അഗ്‌നി സ്വരൂപനാണ് ഇവിടെ അരുണാചലേശ്വരന്‍. അജ്ഞാനത്തെ ദഹിപ്പിക്കുന്ന ജ്ഞാനാഗ്‌നിയാണ് അരുണാ ചലേശ്വരന്‍. ഐതിഹ്യങ്ങള്‍ പലതുണ്ട്. അതില്‍ ഒന്ന് പാര്‍വ്വതിയും പരമശിവനുമായി ബന്ധപ്പെട്ട കഥയാണ്. ഒരിക്കല്‍ പാര്‍വ്വതി തമാശയ്ക്ക് ഭഗവാന്റെ കണ്ണുകള്‍ പൊത്തിയത്രേ. ഒരു നിമിഷത്തേക്കായിരുന്നുവെങ്കിലും അതു ഭൂമിയില്‍ അനേക സഹസ്ര വര്‍ഷം നീണ്ട അന്ധകാരത്തിനു കാരണമായി. ഒടുവില്‍ പ്രകാശത്തിന്റെ ഒരു തരി ഇല്ലാതെ വലഞ്ഞ ഭൂമിയുടെ രോദനം തീര്‍ക്കാന്‍ പരമശിവന്‍ തിരുവണ്ണാമലയിലെ അരുണാചലത്തില്‍ അഗ്‌നി സ്വരൂപനായി അവതരിച്ചു എന്നു കഥ. അന്ധകാരമെന്നത് അജ്ഞാനമെന്നു കണക്കാക്കിയാല്‍ അജ്ഞാനാന്ധകാരം തീര്‍ക്കുവാന്‍ വേണ്ടിയുള്ള ജ്ഞാനാവതാരം ആണ് അരുണാചല ശിവനെന്നും പറയാം. അതു പോലെ അരുണാചലത്തിന് അപ്രാപ്യമായ മല എന്നും, അരുണ നിറമാര്‍ന്ന മല എന്നും അര്‍ത്ഥമുണ്ട്.

Travelogue to Thiruvannamalai Arunachaleswarar temple

രാവേറെ നീണ്ട യാത്രയുടെ ക്ഷീണം മറന്നു, ചാറ്റല്‍ മഴ വകവയ്ക്കാതെ, ക്ഷേത്രത്തിലേക്ക്, തിരക്കേറിയ കിഴക്കേ ഗോപുരനടയിലൂടെ അകത്തേക്കു കടന്നു. വലിയ തിരക്കില്ലല്ലോ എന്നു മനസ്സില്‍ പറഞ്ഞു. അതു കേട്ട് അകത്തിരിക്കുന്നയാള്‍ ചിരിച്ചിരിക്കണം. മനുഷ്യരുടെ കണ്ണുകളുടെ, അവന്റെ മനസ്സിലാക്കലുകളുടെ പരിധി തുലോം കുറവാണല്ലോ എന്ന യാഥാര്‍ത്ഥ്യം വൈകിയേ അവനു വെളിപ്പെടൂ എന്ന് ഉള്ളിലുള്ള ആള്‍ക്ക് നിശ്ചയമാണല്ലോ. ഗോപുരം കടന്ന ഉടനെ ഏതൊരാളുടേയും കാഴ്ച ആകര്‍ഷിക്കുക പ്രൗഢഗംഭീരമായ ആ നിര്‍മ്മിതിയല്ല മറിച്ച് ക്ഷേത്രത്തിനു പുറത്ത് നിലകൊള്ളുന്ന, എന്നാല്‍ ദാ തൊട്ടടുത്ത് എന്ന മട്ടില്‍ നിലകൊള്ളുന്ന അരുണാചലത്തിന്റെ കാഴ്ചയാണ്. ക്ഷേത്രാങ്കണത്തില്‍ നിന്നും പടിഞ്ഞാറേക്കു നോക്കുമ്പോള്‍, മേഘങ്ങള്‍ തൊട്ടുരുമ്മി, മഴയാല്‍ ജലധാര കഴിച്ച ശിവലിംഗം പോലെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന അരുണാചലം. അവിടെ നോക്കി ഉള്ളു നിറഞ്ഞ് കണ്ണടച്ച് നില്‍ക്കുമ്പോള്‍ ആരുടെ കണ്ണിലും ആനന്ദാശ്രു പൊഴിയും.

മെല്ലെ അകത്തേക്ക്. അവിടെ നിന്നും ഒന്നു ചുറ്റും കണ്ണോടിച്ചു. മഴ ചന്നം പിന്നം ചാറിത്തുടങ്ങിയിരിക്കുന്നു. മുന്നിലെ ക്ഷേത്രഗോപുരം ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളില്‍ ഒന്നാണത്രേ! ഈശ്വരാ ഇങ്ങനെ ഒരു നിര്‍മ്മിതി തന്നെ ആശ്ചര്യമാണിന്നും. ഏതു നൂറ്റാണ്ടില്‍? ഏതായാലും ഏഴാം നൂറ്റാണ്ടില്‍ ശൈവര്‍ കൊത്തുപണി നടത്തിയിരുന്നു ഈ ഗോപുരങ്ങളില്‍ എന്നു ചരിത്രത്താളുകളില്‍ കുറിച്ചിടപ്പെട്ടിട്ടുണ്ടെന്നു വായിച്ച ഓര്‍മ്മ. അങ്ങനെയെങ്കില്‍ നൂറ്റാണ്ടുകള്‍ ഇതെത്ര കടന്നു പോയിരിക്കുന്നു! എത്ര ഭക്തര്‍, എത്ര സാധകര്‍, എത്ര ഊരാണ്‍മക്കാര്‍? ഇനി സാക്ഷാല്‍ അഗ്‌നി സ്വരൂപനെക്കാണണം. അമ്മനെക്കാണണം. അകത്തു കടക്കുമ്പോള്‍ മെല്ലെ മുന്നിലും പിന്നിലും നീണ്ടവരി രൂപപ്പെടുന്നത് അറിഞ്ഞു. ഇത്രയും ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് ഒരു സൂചന പോലും പുറത്തു നില്‍ക്കുമ്പോള്‍ തോന്നിയതേയില്ല. പുറത്തെ തണുപ്പ് അകത്തില്ല. നെയ് വിളക്കുകള്‍ എരിയുന്ന ചൂടിനൊപ്പം ബഹു ശതം ജനങ്ങളുടെ മനസ്സിന്റെ താപവും ഗര്‍ഭഗൃഹത്തിലെ ചൂടു വര്‍ദ്ധിപ്പിക്കുന്നു.

പടികള്‍ കടന്ന് അകത്തേക്കു കടക്കുമ്പോള്‍ ഒന്നു ശ്രദ്ധിച്ചിരുന്നു. അത്, ആയിരം കല്‍മണ്ഡപമാണ്. അതിനു നേരെ എതിര്‍ ഭാഗത്ത് ഒരു വലിയ തീര്‍ത്ഥം, അഗ്‌നി തീര്‍ത്ഥമാണത്. രണ്ടും നിര്‍മ്മിച്ചത് കൃഷ്ണദേവരായരുടെ ഭരണകാലത്താണേ്രത. കോവിഡ് പ്രതിസന്ധി ഒന്ന് അയഞ്ഞതുകൊണ്ടു മാത്രമാണ് ഇത്തരത്തില്‍ ഒരു ദര്‍ശനം സാധ്യമാക്കുന്നത്. പുറത്ത്, കാറ്റിന്റെ സ്വരജതി ഏറ്റുപാടുന്ന ആയിരം കല്‍മണ്ഡപവും പഞ്ചഭൂതങ്ങളില്‍ അഗ്നിയുടെ ജ്വലനലാളനം പോലെ വിളങ്ങുന്ന പാതാളലിംഗ പ്രതിഷ്ഠയും. ആത്മഹര്‍ഷത്തിന്റെ ആത്മീയബോധം ഉള്ളില്‍ അറിയാതെ തിളഞ്ഞു തൂവുന്നു. കനത്തമഴയും കോവിഡും പിന്നെ നൂറായിരം തടസങ്ങളും പിന്നിട്ട് ഇത്ര ദൂരം താണ്ടിവന്ന് ഇവിടെ എത്താനായല്ലോ. കാര്‍ത്തിക വിളക്കു തീരും മുന്‍പ് ഒന്നു വന്നു കാണുവാനായല്ലോ. അരുണാചലമലയുടെ നെറുകിയില്‍ അരുമയോടെ ഒരു വെള്ളിവെളിച്ചം ഒരു മാത്ര തെളിഞ്ഞമര്‍ന്നു. ഏതു നിമിഷവും മഴ മുറുകിയേക്കാം.

Travelogue to Thiruvannamalai Arunachaleswarar temple

സ്‌പെഷ്യല്‍ ടിക്കറ്റ് എടുത്തിട്ടും ക്യൂവില്‍ തിരക്കിനു കുറവില്ല. എങ്കിലും ഏറെ വൈകാതെ അഗ്‌നി സ്വരൂപനു മുന്നില്‍. രണ്ടു മൂന്നു നിമിഷം! അതിലേറെ സമയം കിട്ടില്ല ആര്‍ക്കും. ഒന്നു തൊഴുതു മാറി പ്രദക്ഷിണവഴിയിലൂടെ നേരെ ഉണ്ണാമലൈഅമ്മനടുത്തേക്ക്. ഈശ്വരിയെ വണങ്ങി ഒരു നുള്ളു കുങ്കുമവുമായി പുറത്തേക്ക്. ശരിക്കും അമ്മനെ വണങ്ങി വേണമത്രേ അരുണാചലേശ്വരനെ വണങ്ങാന്‍. അതു പറഞ്ഞു തന്നതു ക്യൂവില്‍ നിന്ന ഒരു പാട്ടി. കൊറോണാ നിയന്ത്രണങ്ങള്‍ പലതും മാറ്റിമറിച്ചിരിക്കുന്നു.

തൊഴുതു കഴിഞ്ഞ്, ഇടനാഴിയില്‍ കുറേ പേര്‍ നിലത്തിരുന്ന് വിശ്രമിക്കുന്നതു കണ്ട്, ഒരു ഭാഗത്ത് ഞാനും ചെന്നിരുന്നു. ഇരിക്കുന്നവരില്‍ ചിലര്‍ ധ്യാനത്തിലാണ്. ചിലര്‍ ക്യൂവില്‍ നിന്ന തളര്‍ച്ച മാറ്റുന്നവരാണ്. ശിവനാമം ഉരുവിട്ടു തീര്‍ന്നതും അല്പം മാറി എനിക്കു മുന്നില്‍ നിന്ന പാട്ടി ഇരിക്കുന്നതും കണ്ടു. അവരെ നോക്കിച്ചിരിച്ചു. അടുത്തു ചെന്നിരുന്നു. തമിഴ് കേട്ടാല്‍ മനസ്സിലാകും. പ്രായമുള്ളവര്‍ക്കു പറയാന്‍ ഏറെക്കഥകളുണ്ടാവും. അതു സത്യമായി. ഗിരി വലം വച്ചിരിക്കാ? ഇല്ല എന്ന് ഉത്തരം പറഞ്ഞപ്പോള്‍ ആ പാട്ടി പറഞ്ഞു, അകത്തിരിക്കുന്ന അതേ അഗ്‌നി സ്വരൂപനാണ് പുറത്ത് മലയായിക്കാണുന്നതും. അതിനാല്‍ എല്ലാ പൗര്‍ണ്ണമിക്കും ജനസഹസ്രങ്ങള്‍ തിരുവണ്ണാമലയിലെത്തുന്നു. അവര്‍ മലയെ പ്രദിക്ഷണം ചെയ്യുന്നു. ചെറു ദൂരമല്ല. ഏതാണ്ടു പതിനാലു കിലോമീറ്റര്‍ ദൂരം പഞ്ചാക്ഷരി മന്ത്രമുച്ചരിച്ചു നഗ്‌നപാദരായി നടക്കുന്നമത്രേ ഭക്തസഹ്രസങ്ങള്‍. അതൊരു കാഴ്ചയാണ്!

Travelogue to Thiruvannamalai Arunachaleswarar temple

ഇനി വരുമ്പോള്‍ പൗര്‍ണ്ണമി നാളില്‍ വരൂ. പ്രധാന വീഥി നിറഞ്ഞ് ഭക്തര്‍ നാമമന്ത്രങ്ങളോടെ ഗിരി വലം വയ്ക്കുന്ന കാഴ്ച മനസ്സില്‍ കണ്ടു. വരണം ഒരിക്കല്‍, ഗിരി വലം വയ്ക്കുവാന്‍. പ്രസാദമായി ലഡുവും, മുറുക്കും ഒക്കെ വാങ്ങി വരുമ്പോഴേക്കും ആകാശത്ത് ഇരുള്‍ വീണിരിക്കുന്നു. എന്നാലോ പടിഞ്ഞാറു ദിക്കില്‍ അരുണാചലത്തില്‍ ഗിരിയുടെ മുകളില്‍ ജ്വലിക്കുന്ന കാര്‍ത്തിക ദീപം പ്രകാശമായി നിലകൊള്ളുന്നു. ആ ദീപം ഒരു സാക്ഷ്യമാണ്. ഏതു കടുത്ത അന്ധകാരത്തിലും ജ്ഞാനത്തിന്റെ, പ്രതീക്ഷയുടെ ഒരു കിരണം ആ ഗിരി കന്ദരത്തില്‍ എരിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന സാക്ഷ്യം. അകക്കണ്ണു തുറക്കുക എന്നതു മാത്രമാണ് മനുഷ്യര്‍ ചെയ്യേണ്ടത്. പ്രകാശം, അതു ചുറ്റുമുണ്ട്. അത് കണ്ടെത്തണമെന്നു മാത്രം. തിരുവണ്ണാമലൈ പറഞ്ഞു തരുന്നതും അതാണ്..

അരുണാചലേശ്വരന്‍ ഒരു പ്രതീകമാണ്. അസ്വസ്ഥതകള്‍ക്ക് ശാന്തതയേകുന്നു, അജ്ഞാനം കൊണ്ട് ആത്മബലം നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് ഒരു സാസ്ഥ്യമാണ്. ദൈവീകമായ തീര്‍ത്ഥാടനത്തിനും അപ്പുറത്ത്, അതൊരു തിരിച്ചറിയലാണ്, നാമൊരു കര്‍മ്മകാണ്ഡത്തിന്റെ നടുവിലാണെന്നും നമുക്ക് അനുഷ്ഠിക്കാന്‍ അറിവേറെ ബാക്കിയുണ്ടെന്നുമുള്ള മഹാതിരിച്ചറിവ്. ശംഭോ മഹാദേവ!

തിരികെ മടങ്ങുകയാണ്. മനസ് ശാന്തമാണ്. പുറത്ത് മഴ തിരിമുറിയാതെ പെയ്യുന്നുണ്ട്. പാടങ്ങളും ജലാശയങ്ങളും നിറഞ്ഞിരിക്കുന്നു. തമിഴകം അപ്രതീക്ഷിത മഴയില്‍ കുതിര്‍ന്നു മുന്നില്‍. ഇനി എന്നാണ് വീണ്ടും? യാത്ര അനന്തമാണ്. വീണ്ടും വരും. അത്ര മാത്രം..

Travelogue to Thiruvannamalai Arunachaleswarar temple


(എഴുത്തുകാരിയും യാത്രികയുമാണ് ലേഖിക. വിജയം നിങ്ങളുടേതാണ്, ജയിക്കണം എനിക്ക്, ആകാശത്തിനും ഉയരെ എന്നീ പ്രബോധന ഗ്രന്ഥങ്ങളും വാല്മീകി രാമായണത്തിന് സംക്ഷിപ്‍തവും രചിച്ചിട്ടുണ്ട്. ഉത്തരധ്രുവത്തില്‍ നിന്നൊരു കുഞ്ഞുമേഘം, കുഞ്ഞനിലയും ആല്‍മരവും, സ്‌നേഹക്കൂട് എന്നീ ബാലസാഹിത്യകൃതികളുടെയും രചയിതാവ്) 

Follow Us:
Download App:
  • android
  • ios