Asianet News MalayalamAsianet News Malayalam

24 സെക്കൻഡിൽ 100 മീറ്റർ; ലോക റെക്കോർഡ് സ്വന്തമാക്കി ഓട്ടക്കാരൻ റോബോട്ട്

ബയോ മെക്കാനിക്ക് കാല്‍മുട്ടുകളിലൂടെ ബൈപെഡല്‍ രീതിയിലുള്ള രണ്ടു കാലുകള്‍ ആണ് റോബോയ്ക്ക് നല്‍കിയിരിക്കുന്നത്. ഒട്ടകപ്പക്ഷിയുടെ കാലുകൾക്ക് സമാനമാണ് ഇത്.

100 metre in 24 seconds robot made world record
Author
First Published Sep 29, 2022, 3:17 PM IST

റോബോട്ടുകൾക്കിടയിലെ താരമായി മാറിയിരിക്കുകയാണ് കാസി എന്ന റോബോട്ട്. 100 മീറ്റർ ദൂരം കാസി ഓടി തീർത്തത് വെറും 24 സെക്കൻഡുകൾ കൊണ്ടാണ്. 

ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗും ഒഎസ്‌യു സ്‌പിൻഔട്ട് കമ്പനിയായ എജിലിറ്റി റോബോട്ടിക്‌സും ചേർന്ന് നിർമ്മിച്ച കാസി എന്ന റോബോട്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. തൻ്റെ  നേട്ടത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് കാസി ഇപ്പോൾ.

ഏതാനും മാസങ്ങൾക്കു മുൻപാണ് കാസിം ഈ നേട്ടം സ്വന്തമാക്കിയത്. 2022 മെയ് 11 -നാണ് കാസി 24.7 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയത്. കാസിയുടെ ഓട്ടത്തിന്റെ വീഡിയോ ഒറിഗൺ യൂണിവേഴ്‌സിറ്റി കഴിഞ്ഞദിവസം അവരുടെ വെബ്‌സൈറ്റിൽ പങ്കിട്ടു. താമസിയാതെ, വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കാൻ തുടങ്ങി. അതോടെ കാസി താരവുമായി.

2021 -ൽ നടന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ 53 മിനിറ്റ് കൊണ്ട് 5 കിലോമീറ്റർ കാസി ഓടി തീർത്തിരുന്നു. കായികതാരങ്ങളുടെ ഓട്ടത്തിനൊപ്പം എത്തിയില്ലെങ്കിലും റോബോട്ടിക്സ് എൻജിനീയറിങ് മേഖലയിലെ വലിയൊരു മുന്നേറ്റമാണ് ഇതിനെ കാണുന്നത്. ഈ നേട്ടം കൈവരിച്ചതോടെ മരങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്ന അറ്റ്‌ലസ് റോബോട്ടിനും ലോകത്തിലെ ഏറ്റവും വേഗതകൂടിയ ബൈപെഡല്‍ റോബോട്ടായ മാബെലിന്‍റെയും ഗണത്തിലേക്ക് കാസിയും ചേർക്കപ്പെട്ടിരിക്കുകയാണ്.

ബയോ മെക്കാനിക്ക് കാല്‍മുട്ടുകളിലൂടെ ബൈപെഡല്‍ രീതിയിലുള്ള രണ്ടു കാലുകള്‍ ആണ് റോബോയ്ക്ക് നല്‍കിയിരിക്കുന്നത്. ഒട്ടകപ്പക്ഷിയുടെ കാലുകൾക്ക് സമാനമാണ് ഇത്. അതാണ് ഓട്ടത്തില്‍ വേഗത കൈവരിക്കാന്‍ റോബോട്ടിനെ സഹായിച്ചത്. മെഷിന്‍ ലേണിങ് അല്‍ഗോരിതം വഴിയാണ് റോബോയെ ഓടുന്നതിന് പ്രാപ്തമാക്കിയത്. ഏതായാലും സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഈ ഓട്ടക്കാരൻ റോബോ ഇപ്പോൾ.

Follow Us:
Download App:
  • android
  • ios