മധ്യപ്രദേശിലെ ഗ്വാളിയോർ-ദബ്ര ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഒരു കാറിനെ വലിച്ചിഴച്ചത് ഒന്നര കിലോമീറ്ററോളം ദൂരം. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 

മധ്യപ്രദേശിലെ ഗ്വാളിയോർ-ദബ്ര ദേശീയപാതയിൽ അമിത വേഗത്തിലെത്തിയ ട്രക്ക് കാറിനെ ഒന്നര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി. ഞായറാഴ്ച രാവിലെ നടന്ന ഈ ഭയാനകമായ അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഗ്വാളിയോർ-ദബ്ര ഹൈവേയിൽ ബജേര ഗ്രാമത്തിന് സമീപം വെച്ചാണ് സംഭവം. ട്രക്ക്, ഒരു ടാറ്റ നെക്സോൺ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിന്റെ മുൻഭാഗത്ത് കുടുങ്ങിപ്പോയി. എന്നാൽ ട്രക്ക് ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ട് ഓടിച്ചു. കാറിലുണ്ടായിരുന്നവർ ബഹളം വെക്കുകയും ട്രക്ക് ഡ്രൈവറോട് വാഹനം നിർത്താൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ അമിത വേ​ഗതയിലായിരുന്ന ട്രക്ക് ഒന്നര കിലോമീറ്ററോളം മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് സെബു ഗുർജാർ എന്ന പ്രദേശവാസി തന്റെ മോട്ടോർ സൈക്കിളിൽ ട്രക്കിനെ പിന്തുടരുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തതിന് ശേഷമാണ് ട്രക്ക് നിർത്തിയത്.

കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരും അത്ഭുതകരമായാണ് ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. യാത്രക്കാരിൽ ഒരാൾ സ്പെഷ്യൽ ആംഡ് ഫോഴ്സ് ഓഫീസർ ആണെന്ന് സൂചനയുണ്ട്. ഇവർ ഓർഛയിൽ നിന്ന് മടങ്ങുകയായിരുന്നു. ഏകദേശം 1.5 കിലോമീറ്ററോളം കാറിനെ വലിച്ചിഴച്ച ശേഷം, ഡ്രൈവർ കാറിനെ റോഡരികിലെ കുഴിയിലേക്ക് തള്ളിയിടുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർ ബിലാവ പ്രദേശത്ത് വെച്ച് ട്രക്ക് തടഞ്ഞു നിർത്തി. പോലീസെത്തുന്നതിന് മുമ്പ് രോഷാകുലരായ നാട്ടുകാർ ഡ്രൈവറെ കൈകാര്യം ചെയ്തു.

Scroll to load tweet…

അന്ത്രി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗീതേഷ് ശർമ്മ പറയുന്നതനുസരിച്ച്, ഇതുവരെ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ല. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാൽ കേസെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനായി ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.