യാത്ര പറയുന്നതിന് മുൻപ് സുഹൃത്തിനൊപ്പം ഒരു സെൽഫി എടുക്കുന്നതിനിടയിലാണ് സ്കൂട്ടറിലിരിക്കുന്ന ജിതേഷിന്റെ തലയിലേക്ക് എസിയുടെ ഒരു ഭാഗം വന്ന് വീഴുന്നത്

ദില്ലി: ദില്ലിയിൽ എസി തലയിൽ വീണ് 18 വയസുകാരന് ദാരുണാന്ത്യം. ദില്ലി ഡോറിവാലയിലാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സുഹൃത്തിനെ കണ്ട ശേഷം തിരികെ പോകാനൊരുങ്ങി സ്കൂട്ടറിൽ കയറി സംസാരിച്ച് നിൽക്കുമ്പോഴാണ് രണ്ടാം നിലയിൽ നിന്നും എസി യൂണിറ്റിന്റെ ഒരു ഭാഗം 18കാരന്റെ തലയിലേക്ക് വീഴുന്നത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഡോറിവാലൻ സ്വദേശിയായ ജിതേഷ് എന്ന 18കാരനാണ് കൊല്ലപ്പെട്ടത്. പരിസരത്തുണ്ടായിരുന്നവർ ചേർന്ന് ജിതേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 

18കാരന്റെ സുഹൃത്ത് പ്രാൻഷുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ദില്ലി പട്ടേൽ നഗർ സ്വദേശിയാണ് പ്രാൻഷു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. 18കാരനൊപ്പം പരിക്കേറ്റ പ്രാൻഷുവിന്റെ ചികിത്സ പുരോഗമിക്കുകയാണെന്നും നിലവിൽ അപകടനില തരണം ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. യാത്ര പറയുന്നതിന് മുൻപ് സുഹൃത്തിനൊപ്പം ഒരു സെൽഫി എടുക്കുന്നതിനിടയിലാണ് സ്കൂട്ടറിലിരിക്കുന്ന ജിതേഷിന്റെ തലയിലേക്ക് എസിയുടെ ഒരു ഭാഗം വന്ന് വീഴുന്നത്. സംഭവത്തിൽ ദില്ലി പൊലീസ് ഫൊറൻസിക് വിഭാഗം സംഭവ സ്ഥലം പരിശോധിച്ചു. 

Scroll to load tweet…

ഭാരതീയ ന്യായ സംഹിതയിലെ 125(എ), 106 അടക്കമുള്ള വകുപ്പുകൾ ചേർത്തി സംഭവത്തിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തിയതിനും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. മറ്റൊരു സംഭവത്തിൽ ഫരീദാബാദിൽ ആഘോഷത്തിനായി തയ്യാറാക്കി വച്ച ഭക്ഷണ പാത്രത്തിൽ വീണ് ഒരു പെൺകുട്ടി മരിച്ചിരുന്നു. പച്ചക്കറികൾ കൊണ്ട് തയ്യാറാക്കിയ വിഭവത്തിലേക്കാണ് രണ്ടും ആറും വയസുള്ള കുട്ടികൾ വീണത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം