'അന്ന് അവർ ഞങ്ങളെ നടക്കാൻ പഠിപ്പിച്ചു, ഇന്ന് അവരെ പറക്കാൻ പഠിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയാണ്' എന്നാണ് നിധി കുറിച്ചത്.

പലരെയും സംബന്ധിച്ചും ഒരു സാധാരണ അനുഭവമായിരിക്കാം വിമാനയാത്ര. എന്നാൽ, എല്ലാവർക്കും അത് അങ്ങനെയാവണം എന്നില്ല. പ്രത്യേകിച്ചും സാധാരണക്കാർക്ക്. ഇപ്പോഴിതാ, തന്റെ മാതാപിതാക്കളെ ആദ്യമായി വിമാനത്തിൽ കയറ്റാൻ 21 വർഷത്തെ കാത്തിരിപ്പ് വേണ്ടി വന്ന ഒരു യുവതിയുടെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നിധി സിംഗ് എന്ന യുവതി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഈ ഹൃദയസ്പർശിയായ നിമിഷം ഇതിനോടകം നിരവധി പേരുടെ ശ്രദ്ധനേടിക്കഴിഞ്ഞു.

ജീവിതത്തിൽ പലതും യാദൃച്ഛികമായി സംഭവിക്കുന്നുണ്ടാകാം. എന്നാൽ, ചിലരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു യാത്രയാണ് നിധി സിംഗ് തന്റെ മാതാപിതാക്കൾക്കൊപ്പം സാധ്യമാക്കിയത്.

'ഈ ദിവസത്തിനായി ഞാൻ 21 വർഷം കാത്തിരുന്നു' എന്ന കുറിപ്പോടെയാണ് നിധി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തങ്ങൾ വളർന്നുവരുമ്പോൾ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നതും കൈപിടിച്ചു നടത്താൻ പഠിപ്പിച്ചതും വീഡിയോയുടെ അടിക്കുറിപ്പിൽ നിധി ഓർമപ്പെടുത്തുന്നു. 'അന്ന് അവർ ഞങ്ങളെ നടക്കാൻ പഠിപ്പിച്ചു, ഇന്ന് അവരെ പറക്കാൻ പഠിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയാണ്' എന്നാണ് അവൾ കുറിച്ചത്.

നിധിയുടെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'അഭിമാനകരമായ നിമിഷം' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

View post on Instagram
 

'ഇതുപോലൊരു അനുഭവം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന് മറ്റൊരാൾ ആശംസിച്ചു. 'വളരെ വികാരനിർഭരമായ നിമിഷം' എന്നാണ് മറ്റ് പലരും കമന്റ് നൽകിയിരിക്കുന്നത്. മാതാപിതാക്കളുടെ സന്തോഷത്തിനായി വർഷങ്ങളോളം കഷ്ടപ്പെട്ട് ആ സ്വപ്നം യാഥാർത്ഥ്യമാക്കിയ നിധി സിംഗിന്റെ ഈ യാത്ര, പലരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.