തുടർന്ന് ആദിത്യയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അവർ പരമ്പരാഗത ജാപ്പനീസ് ശൈലിയിലുള്ള കിടപ്പുമുറി കാണിച്ചു കൊടുക്കുന്നു. പുല്ലുകൊണ്ട് നിർമ്മിച്ച 'താതാമി' തറയാണ് ഈ മുറിയുടെ പ്രത്യേകത.

40 വർഷം പഴക്കമുള്ള ഒരു ജാപ്പനീസ് വീടിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാം യൂസറായ ആദിത്യ സാഹു പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പരമ്പരാഗതമായ തറകൾ, മൺചുവരകൾ, മനോഹരമായ പൂന്തോട്ടം, ജാപ്പനീസ് ശൈലിയിലുള്ള കുളിമുറി എന്നിവയാണ് ഈ വീടിന്റെ പ്രധാന പ്രത്യേകതകൾ.

വീടിന്റെ ഗേറ്റും പ്രവേശന കവാടവും കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. വീടിന് 40 വർഷം പഴക്കമുണ്ടെന്ന് വീട്ടുടമയായ സ്ത്രീ വ്യക്തമാക്കുന്നു. 'ഡോറമോൻ' ലെ വീടിനോട് ഈ വീടിന് സാമ്യമുണ്ടല്ലോ എന്നാണ് ആദിത്യ അത്ഭുതത്തോടെ ചോദിക്കുന്നത്. 'അതെ, കൃത്യമായി പറഞ്ഞാൽ അങ്ങനെ തന്നെ' എന്ന് വീട്ടിലെ യുവതിയും ചിരിച്ചുകൊണ്ട് മറുപടി നൽകുന്നു.

തുടർന്ന് ആദിത്യയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അവർ പരമ്പരാഗത ജാപ്പനീസ് ശൈലിയിലുള്ള കിടപ്പുമുറി കാണിച്ചു കൊടുക്കുന്നു. പുല്ലുകൊണ്ട് നിർമ്മിച്ച 'താതാമി' തറയാണ് ഈ മുറിയുടെ പ്രത്യേകത. സ്വീകരണമുറിയിൽ താനും ഭർത്താവും വൈകുന്നേരങ്ങളിൽ ഇരുന്ന് ടെലിവിഷൻ കാണാറുണ്ടെന്നും അവർ പറയുന്നു. പൂന്തോട്ടവും അടുക്കളയും ഗോവണിയും കടന്ന് പോകുമ്പോൾ ആദിത്യ അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം.

View post on Instagram

വീട്ടിൽ നിങ്ങൾ തനിച്ചാണോ താമസമെന്ന് ആദിത്യ ചോദിക്കുമ്പോൾ, 'അല്ല, എനിക്ക് മാത്രം ഈ വീട് വലുതാണ്, അതുകൊണ്ട് ഭർത്താവുമുണ്ട്' എന്നാണ് അവർ തമാശയായി മറുപടി നൽകുന്നത്. തുടർന്ന് ഭർത്താവ് യൂസുകെയെയും അവർ ക്യാമറയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു. ദമ്പതികളുടെ സ്നേഹവും എളിമയും നിറഞ്ഞ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ജാപ്പനീസ് ദമ്പതികളുടെ ആതിഥ്യമര്യാദയും പക്വതയും ചർച്ചയായിട്ടുണ്ട്.