ഓരോ ഒഴിവുകഴിവു പറഞ്ഞ് ജിമ്മില്‍ പോകാനും വ്യായാമം ചെയ്യാനും മടിച്ചിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ ഉറപ്പായും ഈ 61 -കാരിയെ കണ്ടുപഠിക്കണം. വൈറലായി മകന്‍ ഷെയര്‍ ചെയ്ത വീഡിയോ.

ആർക്കും പ്രചോദനമാകുന്ന ഒരു 61 -കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സുഖമില്ലാതെ ക്ലിനിക്കിൽ പോയതിന് തൊട്ടുപിന്നാലെ പോലും ജിമ്മിൽ പോകണമെന്ന് നിർബന്ധം പിടിച്ചയാളാണ് ഈ 61 -കാരി. പൂനെ സ്വദേശിയായ ഹരീഷ് താക്കൂർ എന്ന യുവാവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഹരീഷിന്റെ അമ്മയാണ് വീഡിയോയിലുള്ള ഈ 61 -കാരി. പ്രീ-ഡയബറ്റിക് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അവർ ഭാരം കുറക്കാനുള്ള യാത്രയാരംഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 കിലോയാണ് അവർ കുറച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടക്കത്തിൽ അമ്മയെ വ്യായാമം ചെയ്യാൻ സമ്മതിപ്പിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടായിരുന്നു എന്ന് ഹരീഷ് വീഡിയോയിൽ പറയുന്നു. എന്നാൽ, ജിമ്മിൽ പോകുന്നത് ശീലമാക്കിയതോടെ അവർക്ക് ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞുവെന്ന് മാത്രമല്ല, പ്രീ-ഡയബറ്റിക് അവസ്ഥയെ അവർ തരണം ചെയ്യുകയും ചെയ്തു. വീഡിയോയിലൂടെ ഈ കഥ പങ്കുവെച്ചുകൊണ്ട് ഹരീഷ് പറഞ്ഞത് ഇങ്ങനെയാണ്; 'ഇത് എന്റെ അമ്മയാണ്, അവർക്ക് 61 വയസ്സുണ്ട്. ഞങ്ങൾ ക്ലിനിക്കിലേക്ക് പോകുന്ന വഴിയാണ്, അവർ ജിം ബാഗും കൂടെ കരുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം, അവർ പ്രീ-ഡയബറ്റിക് ഘട്ടത്തിലാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ, ഒരുപാട് നിർബന്ധിച്ച ശേഷമാണ് അവർ എന്നോടൊപ്പം ജിമ്മിൽ വരാൻ തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ 18 കിലോ കുറച്ചതോടെ അവർ ഇപ്പോൾ പ്രീ-ഡയബറ്റിക് അല്ല'.

'ഇന്ന് അവർക്ക് ഒട്ടും സുഖമില്ലായിരുന്നു, ഇന്നലെ മുതൽ ബിപി പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇന്ന് ജിം ഒഴിവാക്കാമെന്ന് ഞാൻ അവരോട് പറഞ്ഞെങ്കിലും, ക്ലിനിക്കിൽ പോയ ശേഷം നമുക്ക് ജിമ്മിൽ പോകാമെന്ന് അവർ നിർബന്ധം പിടിച്ചു. അതിനാൽ അപ്പോയിന്റ്മെന്റിന് ശേഷം ഞങ്ങൾ ജിമ്മിൽ പോവുകയും ഒരു മണിക്കൂർ മുഴുവൻ വർക്കൗട്ട് ചെയ്യുകയും ചെയ്തു. ജിമ്മിൽ പോകുന്നത് അവർക്കൊരു ലഹരിയായി മാറിയെന്ന് തോന്നുന്നു'.

View post on Instagram

നിരവധിപ്പേരാണ് ഹരീഷിന്റെ അമ്മയുടെ ഈ ദൃഢനിശ്ചയത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റുകളുമായി വന്നത്. വ്യായാമം ചെയ്യാതിരിക്കാൻ ഓരോ അടവുകളുമായി ഇറങ്ങുന്ന നമ്മൾ ഈ അമ്മയെ കണ്ടുപഠിക്കണം അല്ലേ?