72-ാം വയസ്സിൽ ആത്മവിശ്വാസത്തോടെ കാറോടിച്ച് സോഷ്യൽ മീഡിയയിൽ താരമായി ജമ്മുവില്‍ നിന്നുള്ള 72 -കാരി വിദ്യ കൗർ എന്ന മുത്തശ്ശി. തടസങ്ങളെയെല്ലാം മറികടന്നാണ് അവര്‍ തന്‍റെ സ്വപ്നം നേടിയെടുത്തത്. 

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതുപോലെ, ജമ്മുവിൽ നിന്നുള്ള വിദ്യ കൗർ എന്ന 72 -കാരിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ട്രാഫിക് നിറഞ്ഞ റോ‍ഡിലൂടെ ആത്മവിശ്വാസത്തോടെ കാറോടിക്കുകയാണ് ഈ 72 -കാരി. സ്കൂൾ പ്രിൻസിപ്പലായി 40 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചയാളാണ് വിദ്യ കൗർ. എന്നാൽ, വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്നതിന് പകരം പഴയ ഒരു സ്വപ്നം പൊടിതട്ടിയെടുക്കുകയാണ് അവർ ചെയ്തത്. 19 -ാം വയസ്സിൽ വിവാഹിതയായ വിദ്യയ്ക്ക് അന്ന് സാധിക്കാതെ പോയ ഡ്രൈവിംഗ് എന്ന മോഹം 60 -ാം വയസ്സിലാണ് അവർ പൂർത്തീകരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തുടക്കത്തിൽ ഏറെ തടസങ്ങളുണ്ടായിരുന്നു. ഡ്രൈവിംഗ് പഠിക്കാനായി ഡ്രൈവിം​ഗ് സ്കൂളുകളെ സമീപിച്ചപ്പോൾ ഈ പ്രായത്തിൽ അതൊന്നും ഇനി സാധിക്കില്ല എന്ന പരിഹാസമാണ് കേൾക്കേണ്ടി വന്നത്. എന്നാൽ, പിന്മാറാൻ അവർ തയ്യാറായില്ല. സ്വന്തമായി ഒരു കാർ വാങ്ങിയ വിദ്യ, അയൽവാസിയുടെ സഹായത്തോടെ ഡ്രൈവിംഗ് പഠിച്ചു. കൃത്യമായ പരിശീലനം അവരെ തുണച്ചു. വെറും ഒരു മാസത്തിനുള്ളിൽ തന്നെ വിദ്യ കൗർ മികച്ചൊരു ഡ്രൈവറായി മാറി.

View post on Instagram

വിദ്യയുടെ കൊച്ചുമകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ് ഈ 'ഡ്രൈവർ ദാദി' ശ്രദ്ധിക്കപ്പെടുന്നത്. തിരക്കേറിയ റോഡുകളിലൂടെ പോലും യാതൊരു പരിഭ്രമവുമില്ലാതെ കാറോടിക്കുന്ന ഈ മുത്തശ്ശിയുടെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോയ്ക്ക് കീഴിൽ കമന്റുകളുമായി എത്താറുള്ളത്. അതെല്ലാം തന്നെ അവരുടെ നിശ്ചയദാർഢ്യത്തെയും കഴിവുകളെയും അഭിനന്ദിച്ചു കൊണ്ടുള്ളതാണ്. എന്തായാലും, സ്വന്തം സ്വപ്നം നേടിയെടുക്കാൻ ഒന്നും ഒരു തടസമല്ല എന്ന് തെളിയിക്കുകയാണ് ഈ മാസ്സ് മുത്തശ്ശി.