കണ്ണുകെട്ടി അമ്മയെ കടൽതീരത്തേക്ക് മകൻ കൊണ്ടുവരുന്നു. ശേഷം പതിയെ അവരുടെ മുഖത്തെ കെട്ടുകൾ അഴിച്ചു നീക്കുന്നു. സന്തോഷത്താൽ വീർപ്പുമുട്ടിയ ആ അമ്മ മുഖം പൊത്തി കരയുന്നു.

കടൽത്തീരത്ത് പോകുക, വിമാനത്തിൽ കയറുക, അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് അവധിക്കാലം ആഘോഷിക്കുക എന്നിങ്ങനെയുള്ള ചില കാര്യങ്ങൾ നമ്മിൽ പലരും വളരെ നിസ്സാരമായാണ് കാണാറ്. എന്നാൽ ഇവയെല്ലാം വലിയ സ്വപ്നങ്ങളായി ഹൃദയത്തിൽ സൂക്ഷിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ട് എന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ. സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിൽ വൈറലായ ഈ വീഡിയോ ആരുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. തന്റെ 72 -ാം വയസ്സിൽ ആദ്യമായി കടൽ കണ്ട സന്തോഷത്താൽ പൊട്ടിക്കരയുന്ന ഒരു അമ്മയാണ് ഈ വിഡിയോയിൽ ഉള്ളത്. 

കണ്ണുകെട്ടി അമ്മയെ കടൽതീരത്തേക്ക് മകൻ കൊണ്ടുവരുന്നു. ശേഷം പതിയെ അവരുടെ മുഖത്തെ കെട്ടുകൾ അഴിച്ചു നീക്കുന്നു. സന്തോഷത്താൽ വീർപ്പുമുട്ടിയ ആ അമ്മ മുഖം പൊത്തി കരയുന്നു. ഈ സമയം മകൻ അമ്മയെ ചേർത്ത് നിർത്തി മുഖത്ത് നിന്ന് കൈകൾ ബലമായി നീക്കി അവരോട് കൊതീ തീരെ ആ കാഴ്ചകൾ ആസ്വദിക്കാൻ പറയുന്നു. പിന്നീട് സന്തോഷത്തോടെ പൊട്ടിച്ചിരിക്കുന്ന അവർ മകന്റെ കയ്യും പിടിച്ച് ഒരു കൊച്ചുകുട്ടിയെ പോലെ തിരമാലകൾക്ക് അരികിലേക്ക് നീങ്ങുന്നു. തിരമാലകൾ കാലിലടിക്കുമ്പോൾ അവർക്കുണ്ടാകുന്ന ആകാംക്ഷയും കൗതുകവും കണേണ്ടത് തന്നെയാണ്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെയല്ലാതെ ഈ വീഡിയോ ആർക്കും കണ്ടു തീർക്കാൻ ആകില്ല. 

View post on Instagram

ഫെബ്രുവരി എട്ടിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയായിരുന്നു. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന ക്യാപ്ഷൻ പ്രകാരം 10 മക്കളുടെ അമ്മയായ ഇസ എന്ന സ്ത്രീയാണ് ഇത്. ഏതായാലും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു ഈ അമ്മയുടെ സന്തോഷം.