തന്റെ വീട്ടുകാർക്ക് വേണ്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്ന് ടാനിയോ പറയുന്നു. ഒപ്പം എന്തെങ്കിലും ചെയ്യാൻ പ്രായം ഒരു തടസമല്ല എന്ന് തെളിയിക്കുന്നതിന് കൂടി വേണ്ടിയാണ് താനത് ചെയ്‍തത് എന്നും ടാനിയോ സമ്മതിക്കുന്നുണ്ട്. 

തലയും കുത്തി നില‍്ക്കാൻ (Headstand) ഒരാൾക്ക് എത്രമാത്രം പരിശീലനം വേണ്ടി വരും അല്ലേ? അതും ഏറെനേരം നിൽ‌ക്കാനാണ് എങ്കിൽ പ്രത്യേകിച്ച്. തല നിലത്ത് കുത്തി കാലുകൾ വായുവിലുയർത്തി നിൽക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. യോ​ഗ, ജിംനാസ്റ്റിക്സ്, ഏറോബിക്സ്, ഡാൻസ് തുടങ്ങി പലതിലും ഇങ്ങനെ നിൽക്കാനുള്ള പരിശീലനം കിട്ടാറുണ്ട്. എന്നാൽ, ശരിയാംവിധം പരിശീലനമെടുത്ത് സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ കഴുത്തിനോ തലയ്ക്കോ ഒക്കെ പരിക്കേൽക്കാനുള്ള സാധ്യതയും ഉണ്ട്. 

സാധാരണയായി ചെറുപ്പക്കാരോ ഇതുപോലെ എന്തെങ്കിലും പ്രൊഫഷണലുകളോ ഒക്കെയാണ് ഇങ്ങനെ തലയും കുത്തി നിൽക്കുന്നത് കണ്ടുവരാറുള്ളത്. പക്ഷേ, അറുപതോ എഴുപതോ വയസിന് മുകളിലുള്ളവരൊന്നും ഇങ്ങനെ ഒന്നും ചെയ്‍തുകാണാറില്ല. 

എന്നിരുന്നാലും, കാനഡയിൽ നിന്നുള്ള 75 -കാരനായ ഒരാൾ (75-year-old man from Canada) ഇങ്ങനെ ഹെഡ്‍സ്റ്റാൻഡ് വിജയകരമായി അവതരിപ്പിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് (Guinness World Record ) സ്ഥാപിച്ചു. ടാനിയോ ഹെലോ (Tanio Helou) എന്നാണ് ആളുടെ പേര്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 2021 ഒക്ടോബർ 16 -ന് 75 വയസും 33 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ റെക്കോർഡ് നേടുന്നത്. ടാനിയോ ഇങ്ങനെ ഹെഡ്‌സ്റ്റാൻഡ് ചെയ്യുന്നതായി കാണിക്കുന്ന ഒരു ക്ലിപ്പ് ഗിന്നസ് ഓൺലൈനിൽ ഷെയർ ചെയ്തു. ഇങ്ങനെ തലകുത്തി നിന്ന് റെക്കോർഡ് സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. 

View post on Instagram

തന്റെ വീട്ടുകാർക്ക് വേണ്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്ന് ടാനിയോ പറയുന്നു. ഒപ്പം എന്തെങ്കിലും ചെയ്യാൻ പ്രായം ഒരു തടസമല്ല എന്ന് തെളിയിക്കുന്നതിന് കൂടി വേണ്ടിയാണ് താനത് ചെയ്‍തത് എന്നും ടാനിയോ സമ്മതിക്കുന്നുണ്ട്. തന്റെ കൂട്ടുകാർക്ക് തന്റെ കരുത്തിൽ വിശ്വാസമായിരുന്നു. എന്നാൽ, തനിക്ക് വല്ല അപകടവും പറ്റുമോ എന്ന് വീട്ടുകാർക്ക് പേടിയുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. 

ഏതായാലും റെക്കോർഡ് നേട്ടം സ്വന്തമാക്കിയതോടെ ടാനിയോയുടെ വീട്ടുകാർ അദ്ദേഹത്തെ ചൊല്ലി സന്തോഷത്തിലാണ്.