താൻ വിദ്യാഭ്യാസമില്ലാത്തയാളാണെന്നും, എന്നാൽ മകൾക്ക് മികച്ച ഒരു ജീവിതം നൽകാനായി അവളെ ഒരു നല്ല സ്കൂളിലാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
തന്റെ ഏക മകൾക്ക് മികച്ച ഭാവി ഉറപ്പാക്കാൻ മാതാപിതാക്കൾ ചെയ്യുന്ന ത്യാഗത്തിന്റെ കഥയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. മാസം 75,000 രൂപ വരുമാനമുള്ള ഒരു ഓട്ടോ ഡ്രൈവർ, മകളുടെ സ്കൂൾ ഫീസിനായി മാത്രം വർഷം തോറും 1.4 ലക്ഷം രൂപയാണ് (മാസം ഏകദേശം 11,000 രൂപയിലധികം) ചിലവഴിക്കുന്നത്. ഒരു ഫിനാൻഷ്യൽ സർവീസസ് കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ഹൃദയസ്പർശിയായ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയിൽ പ്രതിമാസ വരുമാനം എത്രയാണെന്ന ചോദ്യത്തിന് 75,000 രൂപയെന്ന് ഡ്രൈവർ മറുപടി നൽകുന്നത് കാണാം. ഗ്യാസ്, ഓട്ടോ ഇഎംഐ, കുടുംബച്ചെലവുകൾ എന്നിവയാണ് പ്രധാന ചെലവുകൾ. താൻ വിദ്യാഭ്യാസമില്ലാത്തയാളാണെന്നും, എന്നാൽ മകൾക്ക് മികച്ച ഒരു ജീവിതം നൽകാനായി അവളെ ഒരു നല്ല സ്കൂളിലാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, ഈ ഉയർന്ന വിദ്യാഭ്യാസച്ചെലവ് അദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. സമ്പാദ്യം എന്ന് പറയാൻ ഒന്നുമില്ലാത്തതിനാൽ പലപ്പോഴും കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കടം വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'സ്കൂൾ മാറ്റിവെച്ച് മകളുടെ കോളേജ് പഠനത്തിനായി മാസം 5,000 മുതൽ 10,000 രൂപ വരെ നിക്ഷേപിച്ചാൽ ഭാവിയിൽ ഇദ്ദേഹത്തിന് കടം വാങ്ങേണ്ടി വരില്ല' എന്നാണ് ഒരാൾ കുറിച്ചത്. 'എന്റെ പിതാവ് നല്ല രീതിയിൽ സമ്പാദിച്ചിരുന്നെങ്കിലും, പ്രതിവർഷം 10,000 രൂപ മാത്രം ഫീസുള്ള ഒരു സെമി-ഗവൺമെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചത്. ഇന്ന് ഞാൻ ഒരു ഡോക്ടറാണ്. ഉയർന്ന ഫീസുള്ള സ്കൂളുകൾക്ക് പിന്നാലെ പോകുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
'തനിക്ക് ഒരു മകളേ ഉള്ളൂവെന്നും അവൾക്കായി താൽക്കാലികമായി എന്തുചെയ്യാനും തയ്യാറാണെന്ന് അദ്ദേഹം പറയുമ്പോൾ മനസ്സലിഞ്ഞുപോകുന്നു. ഈ മനുഷ്യന് കൂടുതൽ സ്നേഹം ലഭിക്കട്ടെ' എന്ന് മറ്റൊരാൾ കുറിച്ചു.
