ആമസോണിൽ ജോലി ചെയ്യവേ പ്രണയത്തിലായ യുവാക്കള്‍. അതാണ് പ്രിയാൻഷിയും രജത്തും. തങ്ങളുടെ വിവാഹത്തിന് വ്യത്യസ്തമായ രീതിയിൽ ഓഫീസിനോട് സ്നേഹം പ്രകടിപ്പിക്കുകയാണിവര്‍. വധുവായ പ്രിയാൻഷി തന്റെ മെഹന്തിയിൽ ആമസോണിന്റെ ലോഗോ ഉൾപ്പെടുത്തുകയായിരുന്നു.

ജോലിസ്ഥലത്തെ സൗഹൃദം പ്രണയമായി മാറുന്ന ഒരുപാട് കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ, തങ്ങളുടെ പ്രണയം പൂവിട്ട ഓഫീസിനോടുള്ള സ്നേഹം വിവാഹ വേദിയിൽ തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. പലതരം വ്യത്യസ്തമായ വിവാഹവും അലങ്കാരങ്ങളും നാം കണ്ടിട്ടുണ്ടാവുമെങ്കിലും ഇത് അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പ്രിയാൻഷിയും രജത് വർമ്മയുമാണ് തങ്ങളുടെ വിവാഹത്തിന് ജോലി ചെയ്യുന്ന ഓഫീസിനോടുള്ള സ്നേഹം വ്യത്യസ്തമായി പ്രകടിപ്പിച്ചത്. ആമസോൺ ഇന്ത്യയിലെ ജീവനക്കാരായ ഇരുവരുടെയും വിവാഹചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

വിവാഹത്തിന്റെ ഭാഗമായുള്ള മെഹന്തിയിലാണ് വധുവായ പ്രിയാൻഷിയുടെ വ്യത്യസ്തമായ പരീക്ഷണം. തന്റെ കൈകളിൽ പരമ്പരാഗത ഡിസൈനുകൾക്കൊപ്പം ആമസോണിന്റെ ലോകപ്രശസ്തമായ 'സ്മൈൽ ലോഗോ' കൂടി പ്രിയാൻഷി ഉൾപ്പെടുത്തിയിരുന്നു. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ഇടത്തോടുള്ള സ്നേഹമാണ് ഈ മെഹന്തിക്ക് പിന്നിൽ. 'ഇൻസൈഡ് ആമസോൺ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ പ്രിയാൻഷിയുടെ ഭർത്താവ് രജത് കുറിച്ച കമന്റ് ഇങ്ങനെയായിരുന്നു: 'എന്റെ പ്രിയാൻഷിയെ എനിക്ക് സമ്മാനിച്ച ആമസോണിനോട് എന്നും കടപ്പാടുണ്ടാകും.'

View post on Instagram

ആമസോൺ ജീവനക്കാരുടെ ജീവിതം, കമ്പനിയിലെ തൊഴിൽ സംസ്കാരം, മറ്റ് വിശേഷങ്ങൾ എന്നിവ പങ്കുവെക്കുന്ന ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ആമസോൺ ഇൻസൈഡ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വരെ പിന്തുടരുന്ന ഈ പേജിലൂടെയാണ് പ്രിയാൻഷിയുടെയും രജത്തിന്റെയും കഥ ലോകമറിഞ്ഞത്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലരും പ്രിയാൻഷിക്കും രജത്തിനും ആശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.