ഓട്ടോ ഡ്രൈവര്‍ക്ക് ഓട്ടോക്കൂലി അയച്ചപ്പോള്‍ പരാജയപ്പെട്ടു പോയി. ഇക്കാര്യമറിയിച്ച് ഹിന്ദിയില്‍ മെസ്സേജയച്ചു. തിരികെ വന്ന മറുപടി കണ്ട് അമ്പരന്ന് യുവതി.
ഓട്ടോ ഡ്രൈവറുടെ ‘കോർപ്പറേറ്റ്’ രീതിയിലുള്ള മെസ്സേജ് കണ്ട് അമ്പരന്ന ഒരു യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിഷിത ഷെട്ടി എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാലും, ഈ ഡ്രൈവറുടെ പ്രൊഫഷണലിസം കൊള്ളാമല്ലോ എന്നാണിപ്പോൾ നെറ്റിസൺസ് പറയുന്നത്. താൻ ജോലിസ്ഥലത്തേക്ക് പോയ ഓട്ടോയുടെ ഡ്രൈവർക്ക് ഗൂഗിൾ പേ വഴിയാണ് നിഷ്ത പണം നൽകിയത്. എന്നാൽ, പിന്നീട് പെയ്മെന്റ് ഐഡിയുടെ പ്രശ്നം കാരണം പേയ്മെന്റ് ഫെയിലായിപ്പോവുകയായിരുന്നു. തുടർന്ന് നിഷിത ഡ്രൈവർക്ക് ഹിന്ദിയിൽ മെസ്സേജ് അയച്ച് കാര്യം പറഞ്ഞു.
'പേയ്മെന്റ് പരാജയപ്പെട്ടു, ഐഡിയുടെ എന്തോ പ്രശ്നം കാരണം പണം അയക്കാനായില്ല' എന്നാണ് താൻ ഹിന്ദിയിൽ മെസ്സേജ് അയച്ചതെന്ന് നിഷിത വീഡിയോയിൽ പറയുന്നു. എന്നാൽ, ഇതിന് ഡ്രൈവർ നൽകിയ മറുപടി തന്നെ അമ്പരപ്പിച്ചു കളഞ്ഞെന്നും അതോടെ തനിക്ക് ഇംഗ്ലീഷിൽ മെസ്സേജ് അയക്കേണ്ടി വന്നെന്നും പോസ്റ്റിൽ പറയുന്നു.
ഡ്രൈവറുടെ മറുപടി ഇങ്ങനെയായിരുന്നു: 'നിങ്ങൾ ഓട്ടോയിൽ തന്നെയാണ് തിരികെ വരാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ഞാൻ വന്ന് നിങ്ങളെ കൂട്ടാം. തിരിച്ചു വരുമ്പോൾ പണം തന്നാൽ മതി, അത് മതിയോ? അതല്ലെങ്കിൽ ഞാൻ നിങ്ങളെ ഇറക്കിവിട്ട സ്ഥലത്തേക്ക് വരാം, കൈയിൽ കാശുണ്ടെങ്കിൽ അവിടെ വച്ച് വാങ്ങാം'. ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്‍റെ മെസ്സേജ്.
ഈ സന്ദേശം വായിച്ച നിഷ്ത ചോദിക്കുന്നത്, 'ഇദ്ദേഹം എന്തിനാണ് ഒരു ഒഫീഷ്യൽ ഇമെയിലിന് മറുപടി നൽകുന്നത് പോലെ സംസാരിക്കുന്നത്?' എന്നാണ്. ഡ്രൈവറുടെ മറുപടി കണ്ട് താൻ പെട്ടെന്ന് ഭയന്നുപോയെന്നും ഉടൻ തന്നെ ഇംഗ്ലീഷിൽ 'തിരികെ പോകുമ്പോൾ വൈകുന്നേരം 6 മണിക്ക് വരൂ' എന്ന് മറുപടി നൽകിയതായും അവർ പറഞ്ഞു. ഇതിന് ഡ്രൈവർ നൽകിയ മറുപടിയാകട്ടെ തികച്ചും കോർപ്പറേറ്റ് ശൈലിയിലുള്ള ഒരൊറ്റ വാക്കായിരുന്നു—‘Noted’.
താൻ കൂടെ ജോലി ചെയ്തിരുന്ന പല ആളുകളേക്കാളും മികച്ച രീതിയിലാണ് അദ്ദേഹം സംസാരിച്ചത് എന്നാണ് എന്ന് നിഷിത തമാശയായി പറയുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. 'ഈ ഓട്ടോ ഡ്രൈവർക്ക് ഒരു ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ആവശ്യമുണ്ട്' എന്നാണ് ഒരാൾ കുറിച്ചത്. 'അവസാനത്തെ ആ ‘Noted’ ആണ് യഥാർത്ഥ കോർപ്പറേറ്റ് ശൈലി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
