ഇന്ത്യയിൽ ഗർഭിണികൾ പൂർണമായും വിശ്രമിക്കണമെന്നും വ്യായാമങ്ങൾ ഒഴിവാക്കണമെന്നുമാണ് പൊതുവെയുള്ള ധാരണയെന്ന് സോഫിയ പറയുന്നു. എന്നാൽ ഗർഭകാലത്തെ ഒരു രോഗമായി കാണാൻ താൻ ആഗ്രഹിക്കുന്നില്ല. യോഗ, നടപ്പ് പോലെയുള്ള കാര്യങ്ങൾ തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്നാണ് അവർ പറയുന്നത്.
ഗർഭിണിയായിരിക്കുന്ന സമയത്ത് സ്ത്രീകൾ കടന്നുപോകുന്ന സന്തോഷകരമായ നിമിഷങ്ങളുണ്ട്. അതുപോലെ തന്നെ, ഒരുപാട് പ്രയാസങ്ങളുമുണ്ട്. ആ സമയത്ത് മറ്റൊരു നാട്ടിലാണ് ജീവിക്കുന്നതെങ്കിൽ വേറെയുമുണ്ടാകും പ്രയാസങ്ങളും വ്യത്യസ്തമായ അനുഭവങ്ങളും. അങ്ങനെ, ഇന്ത്യയിൽ ജീവിക്കുന്ന സോഫിയ എന്ന റഷ്യൻ യുവതി തൻ്റെ അനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
'എൻ്റെ ആദ്യത്തെ ഗർഭകാലം ഇന്ത്യയിലായതിനാൽ ഞാൻ ഭാഗ്യവതിയാണ്. മറ്റൊന്നുമായി താരതമ്യം ചെയ്യാൻ എനിക്ക് അനുഭവങ്ങളില്ല, അതിനാൽ തന്നെ മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ കാര്യങ്ങൾ വേറെ രീതിയിലാകുമായിരുന്നു എന്ന് ഞാൻ ചിന്തിക്കാറില്ല' എന്നാണ് സോഫിയ കുറിച്ചിരിക്കുന്നത്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ചു മാസങ്ങളായി തനിക്ക് തീർത്തും അപരിചിതമായി തോന്നിയ 4 പ്രധാന കാര്യങ്ങളും അവ ഉണ്ടാക്കിയ അസ്വസ്ഥതകളും അവർ പങ്കുവയ്ക്കുന്നുണ്ട്.
വിശ്രമം
ഇന്ത്യയിൽ ഗർഭിണികൾ പൂർണമായും വിശ്രമിക്കണമെന്നും വ്യായാമങ്ങൾ ഒഴിവാക്കണമെന്നുമാണ് പൊതുവെയുള്ള ധാരണയെന്ന് സോഫിയ പറയുന്നു. എന്നാൽ ഗർഭകാലത്തെ ഒരു രോഗമായി കാണാൻ താൻ ആഗ്രഹിക്കുന്നില്ല. യോഗ, നടപ്പ് പോലെയുള്ള കാര്യങ്ങൾ തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്നാണ് അവർ പറയുന്നത്.
വയർ മറച്ചുവെക്കുന്ന രീതി
ഗർഭകാലത്ത് ധരിക്കേണ്ടുന്ന വസ്ത്രത്തെക്കുറിച്ചുള്ള ആളുകളുടെ ചോദ്യങ്ങളാണ് മറ്റൊരു കാര്യം. വയർ കാണുന്ന രീതിയിൽ ക്രോപ്പ് ടോപ്പുകൾ ധരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ധരിക്കുന്നതെന്ന് ആളുകൾ ചോദിക്കാറുണ്ട്. എന്നാൽ തൻ്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ മറച്ചുവെക്കാൻ താൻ ആഗ്രഹിക്കുന്നില്ല, ഈ സമയത്ത് തനിക്ക് ഭംഗിയായി തോന്നുംവിധം വസ്ത്രം ധരിച്ച് സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സോഫിയ പറയുന്നു.
ഭാഷാപരമായ ബുദ്ധിമുട്ടുകൾ
സ്വന്തം മാതൃഭാഷ അല്ലാത്തതിനാൽ പരിശോധനാ റിപ്പോർട്ടുകൾ വായിച്ചു മനസ്സിലാക്കുന്നതും ഡോക്ടർമാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നതും വലിയ വെല്ലുവിളിയാണ്. മെഡിക്കൽ റിപ്പോർട്ടുകൾ വീണ്ടും വായിച്ചു നോക്കേണ്ടി വരുന്നത് പലപ്പോഴും മാനസികമായി തളർത്താറുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെ കാലാവസ്ഥ
ഇന്ത്യയിലെ ചൂടും ഹ്യുമിഡിറ്റിയും നിറഞ്ഞ കാലാവസ്ഥ ഗർഭകാലത്ത് വലിയ പ്രയാസമുണ്ടാക്കുന്നു. പ്രഭാതഭക്ഷണം പാകം ചെയ്യുമ്പോൾ തന്നെ വിയർത്തു കുളിക്കുന്ന അവസ്ഥയാണെന്നും ദിവസം മുഴുവൻ പലതവണ കുളിക്കേണ്ടി വരുന്നുണ്ടെന്നും അവർ പറയുന്നു.
നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പ്രീമച്ച്വർ ബർത്ത് കൂടുതലായത് കൊണ്ടാണ് പലപ്പോഴും വിശ്രമം നിർദ്ദേശിക്കുന്നത് എന്നാണ് ഒരാൾ കമന്റ് നൽകിയത്. അതുപോലെ, നല്ലത് ചിന്തിച്ചാണ് ആളുകൾ ഇത്തരം കമന്റുകൾ ഗർഭിണികളോട് പറയുന്നത് എന്നും പലരും കുറിച്ചു.
