‘ചുരുക്കത്തിൽ, ബെംഗളൂരു തീർച്ചയായും മിഡിൽ ക്ലാസിന് അനുയോജ്യമായ ഇടമല്ല. മാസം 3 മുതൽ 4 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് മാത്രമുള്ളതാണ് ബെംഗളൂരു‘ എന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിച്ചത്.
മാസം ഒരുലക്ഷം രൂപയിൽ താഴെ മാത്രം സമ്പാദിക്കുന്നവരാണെങ്കിൽ ബെംഗളൂരുവിലേക്ക് മാറുന്ന കാര്യം നന്നായി ആലോചിച്ചിട്ട് ചെയ്യണമെന്ന് യുവതി. നഗരത്തിലെ കുതിച്ചുയരുന്ന വീടിന്റെ വിലയും ഉയർന്ന വാടകയും ചൂണ്ടിക്കാണിച്ചാണ് അത്രേയ്യ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് വീട് സ്വന്തമാക്കാനുള്ള ബുദ്ധിമുട്ടുകളും നഗരത്തിലെ ഉയർന്ന ജീവിതച്ചെലവുമാണ് വീഡിയോയിൽ പറയുന്നത്.
‘പറയുന്നത് അല്പം വിവാദപരമായി തോന്നാമെങ്കിലും, നിങ്ങൾക്ക് മാസം കുറഞ്ഞത് 1 ലക്ഷം രൂപ വരുമാനമില്ലെങ്കിൽ ബെംഗളൂരുവിലേക്ക് വരരുത്‘ എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. സ്വന്തമായി ഒരു വീട് എന്നത് എല്ലാ മിഡിൽ ക്ലാസ് കുടുംബങ്ങളുടെയും വലിയൊരു സ്വപ്നമാണെന്നും എന്നാൽ, ബെംഗളൂരുവിലെ വില വച്ച് ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നുമാണ് അത്രേയ്യ പറയുന്നത്. ‘എല്ലാ മിഡിൽക്ലാസുകാർക്കും സ്വന്തമായി ഒരു വീട് വേണമെന്ന ചെറിയ സ്വപ്നമുണ്ട്. ബെംഗളൂരുവിൽ വീട് വാങ്ങാൻ ഇറങ്ങിയാൽ കുറഞ്ഞ വില 2 കോടി രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്‘ അവർ പറയുന്നു. നല്ല പ്രദേശങ്ങളിലെയും സൊസൈറ്റികളിലെയും ഫ്ലാറ്റുകൾക്ക് 3 കോടി മുതൽ 4 കോടി രൂപ വരെ വില വരുമെന്നും അവർ കൂട്ടിച്ചേർത്തു.
ഫ്ലാറ്റ് വാങ്ങാതെ വാടകയ്ക്ക് താമസിക്കുന്നവർക്കും അവസ്ഥ വ്യത്യസ്തമല്ല. ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ 2BHK അപ്പാർട്ട്മെന്റിന് പ്രതിമാസം 40,000 മുതൽ 45,000 രൂപ വരെ വാടക വരുമെന്ന് അവർ അവകാശപ്പെടുന്നു. ഗേറ്റഡ് സൊസൈറ്റിക്ക് പുറത്തുള്ള ഒറ്റപ്പെട്ട വീടുകൾക്ക് പോലും കുറഞ്ഞത് 30,000 രൂപയെങ്കിലും വാടക നൽകേണ്ടി വരുന്നുണ്ട്.
‘ചുരുക്കത്തിൽ, ബെംഗളൂരു തീർച്ചയായും മിഡിൽ ക്ലാസിന് അനുയോജ്യമായ ഇടമല്ല. മാസം 3 മുതൽ 4 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് മാത്രമുള്ളതാണ് ബെംഗളൂരു‘ എന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിച്ചത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ‘ബെംഗളൂരുവിലെ വാടക കൈവിട്ടുപോവുകയാണ്‘ എന്ന് ഒരാൾ എഴുതി. എന്നാൽ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരും കുറവല്ല. ‘ബെംഗളൂരു ചെലവേറിയതാണ്, പക്ഷേ ജീവിക്കാൻ 1 ലക്ഷം രൂപ നിർബന്ധമായും വേണമെന്ന് പറയാനാവില്ല‘ എന്നാണ് ഒരാൾ കമന്റ് നൽകിയത്.
