ബെംഗളൂരുവില്‍ കണ്ടന്റ് ക്രിയേറ്റർ ദമ്പതികളുടെ ഒരു വര്‍ഷത്തെ ചെലവ് കേട്ട് അമ്പരന്നിരിക്കയാണ് നെറ്റിസണ്‍സ്. ഇത് ഏകദേശം 47 ലക്ഷം രൂപയാണ്. യാത്രകൾ, വാടകയ്ക്ക്, ഫിറ്റ്നസ്, ഭക്ഷണം, ഷോപ്പിംഗ് തുടങ്ങിയവയ്ക്കായി ചെലവഴിച്ച തുകയാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.
2025 -ൽ നിങ്ങൾ വിവിധ ആവശ്യങ്ങൾക്കായി എത്ര രൂപ ചെലവഴിച്ചുകാണും? ഇതാ ബെംഗളൂരുവിൽ നിന്നുള്ള ഈ ദമ്പതികൾ തങ്ങളുടെ ചെലവുകളെ കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പ്രകൃതി അറോറ, ആശിഷ് കുമാർ ദമ്പതികളാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ കഴിഞ്ഞ ഒരു വർഷം വാടക, യാത്രകൾ, ഫിറ്റ്നസ്, ഷോപ്പിംഗ് എന്നിവയ്ക്കൊക്കെയായി എത്രത്തോളം പണം ചിലവാക്കി എന്നതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.
ബെംഗളൂരുവിലെ ഒരു വാടക ഫ്ലാറ്റിലാണ് തങ്ങൾ താമസിക്കുന്നതെന്നും അതിനായി വർഷം 5 ലക്ഷം രൂപ വാടകയാകുന്നുണ്ടെന്നും ദമ്പതികൾ പറയുന്നു. 2025 -ൽ ഫിറ്റ്നസിനാണ് തങ്ങൾ മുൻഗണന നൽകിയതെന്നും, അതിനാൽ ഒരു പേഴ്സണൽ ട്രെയിനറെ നിയമിക്കുന്നതിനും പൈലേറ്റ്സ് അംഗത്വം പുതുക്കുന്നതിനുമായി 1 ലക്ഷം രൂപ ചെലവായെന്നും വീഡിയോയിൽ ഇവർ പറയുന്നത് കാണാം. ഇതിന്റെ ഭാഗമായി ഗ്രോസറി, സാലഡുകൾ ഓർഡർ ചെയ്യൽ, പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കൽ എന്നിവയ്ക്കായി വർഷം 2.5 ലക്ഷം രൂപ അധികമായി ചെലവായെന്നും ദമ്പതികൾ വ്യക്തമാക്കി.
കൂടാതെ, വീട്ടുജോലിക്കാർ, മെയിന്റനൻസ്, വൈദ്യുതി, വെള്ളം മുതലായവയ്ക്കും, വിവിധ ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾക്കും ഒക്കെയായി 1.5 ലക്ഷം രൂപ ചെലവായെന്നും ഇവർ വെളിപ്പെടുത്തുന്നു. ഗ്രൂമിംഗ് , ടാക്സി യാത്രകൾ തുടങ്ങിയ മറ്റ് ചെലവുകൾക്കായി ഏകദേശം 1.3 ലക്ഷം രൂപയും ഇവർ ചെലവിട്ടു. അവരുടെ ചെലവുകളിൽ ഏറ്റവും വലിയ ഭാഗം യാത്രകൾക്കായിരുന്നു. തങ്ങൾ 63 വിമാനയാത്രകൾ നടത്തിയെന്നും, 6 വൻകരകളിലായി 13 രാജ്യങ്ങൾ സന്ദർശിച്ചെന്നും, ഹോട്ടലുകളിലും എയർബിഎൻബികളിലുമായി 121 രാത്രികൾ ചിലവഴിച്ചെന്നും യാത്രകൾക്ക് മാത്രമായി 29 ലക്ഷം രൂപ ചെലവായെന്ന് ദമ്പതികൾ വെളിപ്പെടുത്തി.
കണ്ടന്റ് ക്രിയേറ്റർമാർ എന്ന നിലയിൽ, കണ്ടന്റ് ടൂളുകൾക്കായി 2.5 ലക്ഷം രൂപ ചിലവാക്കുകയും ചെയ്തു. ഷോപ്പിംഗിനും, 'മാച്ചിംഗ് ലവ് ബാൻഡ്‌സ്' വാങ്ങാനുമായി മറ്റൊരു 4 ലക്ഷം രൂപ കൂടി ചിലവായി. മൊത്തത്തിൽ, 2025-ലെ തങ്ങൾ ആകെ ചെലവാക്കിയ തുക ഏകദേശം 47 ലക്ഷം രൂപ ആണെന്ന് ദമ്പതികൾ പറഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. പലരും ഇത്രയധികം തുക ചെലവഴിച്ചത് കേട്ട് അമ്പരന്നുപോയി.
