ഹിമാലയൻ ട്രെക്കിം​ഗിനിടെയുണ്ടായ ദുരനുഭവം വിവരിച്ച് യുവതി. ഇന്ത്യക്കാരുടെ സിവിക് സെൻസ് ഇല്ലായ്മയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ബെം​ഗളൂരുവിൽ നിന്നുള്ള യുവതിയുടെ വീഡിയോ.

എവിടെ ചെന്നാലും ബഹളം വയ്ക്കുന്നവർ, ഈ ഒരു പേര് ഇന്ത്യക്കാർക്കുളളതാണ്. ഇന്ത്യക്കാരുടെ സിവിക് സെൻസിനെ കുറിച്ച് അതിനാൽ തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. ഇന്ത്യക്കകത്താണെങ്കിലും പുറത്താണെങ്കിലും ഇന്ത്യക്കാർ ബഹളക്കാരാണ് എന്നാണ് വെപ്പ്. അതുപോലെ ഒരു വീിഡയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായി തീരുന്നത്. ഹിമാലയൻ ട്രെക്കിംഗിനിടെ ഒരു സംഘം ആളുകൾ ഉച്ചത്തിൽ പാട്ട് വെച്ചതിനെതിരെ അമർഷം പ്രകടിപ്പിച്ച് ബംഗളൂരു സ്വദേശിനിയായ യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സൗപിക എന്ന് പേരുള്ള യുവതി പറയുന്നത്, രണ്ട് മണിക്കൂറോളമായി തുടരുന്ന ഈ ബഹളം തങ്ങളുടെ ട്രെക്കിംഗ് ഗ്രൂപ്പിന് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പർവതനിരകളുടെ പശ്ചാത്തലത്തിൽ സൗപിക നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അതേ വീഡിയോയിൽ തന്നെ ദൂരെ നിന്ന് ഉച്ചത്തിലുള്ള സം​ഗീതവും കേൾക്കാം. 'ഞാൻ മലനിരകളിലാണ്. എന്റെ പിന്നിലേക്ക് നോക്കൂ. ട്രെക്കേഴ്സ് ചെയ്യുന്നത് ഇതാണ്. നിങ്ങൾക്ക് കേൾക്കാമോ?' എന്നും അവർ പറയുന്നു.

'നിങ്ങൾ ഉണ്ടാക്കുന്ന ശബ്ദം വളരെ കൂടുതലാണെന്നും അത് ഞങ്ങളുടെ ഗ്രൂപ്പിനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഞങ്ങൾ അവരോട് പറഞ്ഞിരുന്നു. അവർ എവിടെ നിന്ന് വന്നതാണെന്ന് ഞങ്ങൾക്ക് അറിയില്ല, അതൊരു പ്രൈവറ്റ് ഗ്രൂപ്പാണ്. എന്നാൽ കഴിഞ്ഞ രണ്ട് മണിക്കൂറായി ഹിമാലയൻ മലനിരകളിൽ അവർ ഇത്രയും ഉച്ചത്തിൽ പാട്ട് വെയ്ക്കുകയാണ്. എനിക്ക് കടുത്ത ദേഷ്യം വരുന്നുണ്ട്' എന്നും സൗപിക പറഞ്ഞു.

പ്രകൃതിയെ ബഹുമാനിക്കാൻ അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് ആളുകൾ ഇത്തരം ട്രെക്കിംഗുകൾക്ക് വരുന്നതെന്നും അവർ ചോദിക്കുന്നു. 'നിങ്ങൾക്ക് ഏതെങ്കിലും പബ്ബിൽ പോയി നൃത്തം ചെയ്തുകൂടെ? ഇതിപ്പോൾ രാത്രിയൊന്നുമല്ല, സൂര്യാസ്തമയ സമയമാണ്' എന്നും സൗപിക പറഞ്ഞു. സുഹൃത്തുക്കളുമായി എൻജോയ് ചെയ്യുന്നതൊക്കെ നല്ല കാര്യം തന്നെ എന്നാൽ, പ്രകൃതിയേയും മറ്റുള്ളവരേയും ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് എന്നാണ് സൗപികയുടെ ചോദ്യം.

View post on Instagram

'നമ്മൾ ഇന്ത്യക്കാർ നമ്മുടെ മലനിരകളെപ്പോലും വെറുതെ വിടുന്നില്ല. എന്തിനാണ് ഈ മനുഷ്യർ ട്രെക്കിംഗിന് വരുന്നത്' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. പാട്ടുവച്ച സംഘത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ളതായിരുന്നു കമന്റുകളിൽ ഏറെയും.