Asianet News MalayalamAsianet News Malayalam

ഈ സൈക്കിളിൽ വാട്ടർ ടാങ്കും ഫാനും നമ്പർ പ്ലേറ്റ് വരേയും ഉണ്ട്; കാണാം കൊൽക്കത്തയിലെ വെറൈറ്റി കാഴ്ച

വിനോദസഞ്ചാരികളെല്ലാം അയാളോടൊപ്പവും ആ സൈക്കിളിനൊപ്പവും നിന്ന് ചിത്രങ്ങളെടുക്കാറും വീഡിയോ പകർത്താറും ഒക്കെയുണ്ട്. 

bicycle with tool kit water tank fan and number plate video
Author
First Published Apr 14, 2024, 11:00 AM IST | Last Updated Apr 14, 2024, 11:00 AM IST

ചില മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ നമുക്ക് അവിശ്വസനീയമായി തോന്നും. എന്നാൽ, അവരുടെ സന്തോഷം ചിലപ്പോൾ അങ്ങനെയുള്ള കാര്യങ്ങളിലാവാം. അതാണ് കൊൽക്കത്തയിൽ നിന്നുള്ള പ്രദീപ് പൈനിന്റെ കാര്യത്തിലും നടന്നിരിക്കുന്നത്. പ്രദീപിന്റെ സൈക്കിളിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

വളരെ പ്രത്യേകത നിറഞ്ഞ സൈക്കിളാണ് പ്രദീപിന്റേത്. മൊത്തം വെളിച്ചം നിറച്ച് രാത്രിയിലൂടെ അത് സഞ്ചരിക്കുമ്പോൾ ആരായാലും കൗതുകം കൊണ്ട് നോക്കിപ്പോകും. ഈ അലങ്കാരപ്പണികൾ മാത്രമല്ല പ്രദീപിന്റെ സൈക്കിളിനെ വ്യത്യസ്തമാക്കുന്നത്. അതിൽ ടൂൾ കിറ്റ്, വാട്ടർ ടാങ്ക്, ഫാൻ എന്തിനേറെ പറയുന്നു ഈ സൈക്കിളിന് നമ്പർ പ്ലേറ്റ് വരേയും ഉണ്ട്. 

അടുത്തിടെ പ്രദീപിന് സെറിബ്രൽ അറ്റാക്ക് ഉണ്ടായി. അതോടെ ബൈക്ക് ഓടിക്കണ്ട എന്ന് വിദ​ഗ്ദ്ധർ ഉപദേശിച്ചു. ബൈക്ക് ഓടിക്കുന്നത് വളരെ ഇഷ്ടമായിരുന്നു പ്രദീപിന്. അതിനാൽ തന്നെ ബൈക്ക് ഓടിക്കാനാവില്ല എന്ന സത്യം അയാളെ കുറച്ചൊന്ന് വേദനിപ്പിച്ചു. എന്നാൽ അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല. അങ്ങനെയാണ് തന്റെ സൈക്കിൾ അദ്ദേഹം ഇങ്ങനെ രൂപമാറ്റം നടത്തിയെടുക്കുന്നത്. 

ശരിക്കും ബൈക്ക് പോലെ തന്നെയിരിക്കുന്ന നിറയെ വെളിച്ചം ഘടിപ്പിച്ച തന്റെ സൈക്കിളും കൊണ്ട് തെരുവിലേക്കിറങ്ങുന്ന പ്രദീപിനെ ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കും. മിക്കവാറും വിനോദസഞ്ചാരികളെല്ലാം അയാളോടൊപ്പവും ആ സൈക്കിളിനൊപ്പവും നിന്ന് ചിത്രങ്ങളെടുക്കാറും വീഡിയോ പകർത്താറും ഒക്കെയുണ്ട്. 

ഇവിടെ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയിലും ആളുകൾ പ്രദീപിനും സൈക്കിളിനും ഒപ്പം സെൽഫിയെടുക്കുന്നത് കാണാം. ഒപ്പം അയാൾ സൈക്കിളുമായി ഇറങ്ങുമ്പോൾ ആളുകളെല്ലാം നോക്കുന്നതും കാണാം. എന്തായാലും, കൊൽക്കത്തയിൽ മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രദീപിന്റെ ഈ വെറൈറ്റി സൈക്കിൾ ഹിറ്റാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios