11 വർഷത്തെ അമേരിക്കൻ ജീവിതത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി യുവതി. ഡെന്റിസ്റ്റും മോഡലുമായ റൈസിൻ സൈനി എന്ന യുവതിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതിനെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ തിളക്കമാർന്ന ജീവിതവും കരിയറും ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയ റൈസിൻ സൈനി എന്ന യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ന്യൂയോർക്കിലെ 4 വർഷം ഉൾപ്പടെ 11 വർഷം യുഎസിൽ ചിലവഴിച്ച ശേഷമാണ് സൈനിയുടെ ഈ മടക്കയാത്ര. തന്റെ ജീവിതത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട വൈകാരികമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് യുവതി ഇതേക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. അമേരിക്കയിലെ ജീവിതം തന്നെ ഒരുപാട് മാറ്റിമറിച്ചുവെന്ന് സൈനി പറയുന്നു. ഡെന്റൽ മെഡിസിൻ പഠിക്കാനാണ് സൈനി അമേരിക്കയിൽ എത്തിയത്. അവിടെ ഡെന്റിസ്റ്റായി ജോലി നോക്കുന്നതിനിടയിലാണ് ന്യൂയോർക്കിലെ പ്രമുഖ മോഡലിംഗ് ഏജൻസിയുമായി കരാറിലെത്തുന്നതും ഫാഷൻ രംഗത്തേക്ക് ചുവടുവെക്കുന്നതും.
അമേരിക്കൻ ജീവിതം തന്നെ കൂടുതൽ സ്വതന്ത്രയായും അച്ചടക്കമുള്ളവളായും മാറ്റിയെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, പിന്നീടവർ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും മറിച്ച് മാസങ്ങളോളം ചിന്തിച്ച് എടുത്തതാണെന്നും യുവതി വ്യക്തമാക്കുന്നു. സ്വന്തം സംസ്കാരം മനസ്സിലാക്കുന്ന ആളുകൾക്കും കുടുംബത്തിനും ഒപ്പം ജീവിക്കാനുള്ള ആഗ്രഹവും അവരുടെ ഈ മടക്കയാത്രയ്ക്ക് പിന്നിലുണ്ട്.
ഇന്ത്യയിലെ മികച്ച സേവന സൗകര്യങ്ങൾ ജീവിതം എളുപ്പമാക്കുന്നുവെന്നാണ് സൈനിയുടെ അഭിപ്രായം. ബോളിവുഡ്, എന്റർടൈൻമെന്റ്, ഫാഷൻ രംഗങ്ങളിൽ പുതിയ അവസരങ്ങൾ തേടുക എന്നതും ലക്ഷ്യമാണ്. നാട്ടിൽ തിരിച്ചെത്തിയപ്പോൾ ചില കാര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും സൈനി തുറന്നു പറയുന്നു. ന്യൂയോർക്കിൽ വസ്ത്രധാരണത്തിന് വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ, ഇന്ത്യയിൽ ഓരോ സ്ഥലത്തിന് അനുസരിച്ചും മറ്റുള്ളവരുടെ നോട്ടത്തിന് അനുസരിച്ചും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ടി വരുന്നു.
അമേരിക്കയിൽ ജീവിതം വളരെ വേഗത്തിലാണ്. ഇന്ത്യയിൽ കാര്യങ്ങൾ അല്പം സാവധാനമേ നടക്കൂ. ഇത് ചിലപ്പോൾ അസ്വസ്ഥത ഉണ്ടാക്കാറുണ്ടെങ്കിലും ഇന്ത്യയിലെ സാമൂഹിക ബന്ധങ്ങൾ വലിയ ആശ്വാസമാണെന്നും അവർ പറയുന്നു. 'അമേരിക്കയിൽ ജീവിതം ജോലിയെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാൽ, ഇന്ത്യയിൽ കൂടുതൽ സാമൂഹിക ബന്ധങ്ങളും മെല്ലെയുള്ള ജീവിതരീതിയുമാണ്. മുൻഗണനകൾക്ക് അനുസരിച്ചാണ് ജീവിതനിലവാരം മാറുന്നത്' എന്നും സൈനി പറയുന്നു.
