Asianet News MalayalamAsianet News Malayalam

യുക്രൈൻ സേനയുടെ ഹെലികോപ്റ്റർ പോകുമ്പോഴെല്ലാം പതാക വീശി ഓടി ബാലൻ; കിടിലൻ സർപ്രൈസുമായി പൈലറ്റ്, വീഡിയോ

കുട്ടി സൈനിക ഹെലികോപ്റ്ററിന്‍റെ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം പുറത്തിറങ്ങി അഭിമാനത്തോടെ യുക്രൈൻ പതാക വീശി ഓടുമായിരുന്നു. അങ്ങനെയാണ് ഹെലികോപ്റ്ററുകളിലൊന്ന് അവന് സമീപം പറന്നിറങ്ങിയത്.

boy always waves at ukraine army helicopters pilot gives a big surprise viral video
Author
First Published Apr 8, 2024, 11:33 AM IST

യുക്രൈൻ സേനയുടെ ഹെലികോപ്റ്റർ പോകുമ്പോഴെല്ലാം ദേശീയ പതാക വീശിക്കാണിച്ചിരുന്ന ബാലന് കിടിലൻ സർപ്രൈസുമായി പൈലറ്റ്.  ഹെലികോപ്റ്റർ താഴെയിറക്കി മിഠായിയും കളിപ്പാട്ടങ്ങളും നൽകിയാണ് പൈലറ്റ് കുട്ടിയെ സന്തോഷിപ്പിച്ചത്. യുക്രൈൻ പ്രതിരോധ വകുപ്പിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൌണ്ടിലാണ് ഹൃദയസ്പർശിയായ കൂടിക്കാഴ്ചയുടെ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.  

യുദ്ധമുഖത്ത് ജീവിക്കുന്ന കുട്ടി, സൈനിക ഹെലികോപ്റ്ററിന്‍റെ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം പുറത്തിറങ്ങി അഭിമാനത്തോടെ യുക്രൈൻ പതാക വീശി ഓടുമായിരുന്നു. അങ്ങനെയാണ് ഹെലികോപ്റ്ററുകളിലൊന്ന് അവന് സമീപം പറന്നിറങ്ങിയത്. പൈലറ്റ് ഓടിച്ചെന്ന് മിഠായിപ്പൊതികളും കളിപ്പാട്ടങ്ങളും അവന് നൽകി. മറ്റൊരു ഹെലികോപ്റ്ററിലിരുന്ന് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

യുക്രൈനികളും അല്ലാത്തവരും വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തി. ചിലർ യുക്രൈൻ സേനയെ വാനോളം പുകഴ്ത്തി കമന്‍റുകളിട്ടു. യുക്രൈൻ ജനതയോടൊപ്പമാണെന്നും നിങ്ങളുടെ മനുഷ്യത്വവും അനുകമ്പയും പോരാട്ട വീര്യവും ഹൃദയംതൊടുന്നുവെന്നും മറ്റൊരാള്‍ കുറിച്ചു. യുക്രൈൻ നീണാൽ വാഴട്ടെ എന്നായിരുന്നു മറ്റൊരു കമന്‍റ്. 

അതിനിടെ യുക്രൈനിലെ റഷ്യൻ ആക്രമണം ഇപ്പോഴും തുടരുകയാണ്. അടുത്തിടെ ഖാർകിവിലെ ഒരു കെട്ടിടത്തിൽ റഷ്യ മിസൈലുകള്‍ വർഷിച്ചു. മൂന്ന് രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു. ഡബിൾ ടാപ്പ് എന്ന തന്ത്രം ഉപയോഗിച്ച് റഷ്യ ഒരേ സ്ഥലത്ത് രണ്ട് തവണ ആക്രമണം നടത്തി. റഷ്യയുടെ ഡ്രോൺ 14 നില കെട്ടിടത്തിൽ പതിച്ച് 69 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു. അതിനിടെ യുക്രൈൻ സൈനികർ റഷ്യയുടെ 20 ഡ്രോണുകളിൽ 11 എണ്ണം ലക്ഷ്യത്തിൽ എത്താതെ തടഞ്ഞു. 

'ഒരിക്കല്‍ പോകണം, ഇതു പോലെ ഒഴുകി....'; അരുവിയിലൂടെ സ്ലീപിംഗ് ബെഡില്‍ ഒഴുകി പോകുന്നവരുടെ വീഡിയോ വൈറല്‍

യുക്രൈനിലെ സാപ്രോഷ്യ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യയോ യുക്രൈനോ ഏറ്റെടുത്തിട്ടില്ല. ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു. ആണവ നിലയത്തിന് കേടുപാടുകൾ ഇല്ലെന്നും ആണവ ചോർച്ചയില്ലെന്നും യുക്രൈൻ വ്യക്തമാക്കി. ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തരുതെന്ന് യുഎൻ ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി.

Follow Us:
Download App:
  • android
  • ios