അഗ്നിശമന സേനാംഗങ്ങൾ യുവതിയുടെ കഴുത്തിനും പൂട്ടിനുമിടയിൽ ഒരു ചെറിയ ടവൽ ചുറ്റുകയും, വയർ കട്ടറുകൾ ഉപയോഗിച്ച് പൂട്ട് നീക്കം ചെയ്യുകയും ചെയ്തു. 

നാല് വയസുള്ള മകൻ കളിക്കിടെ അമ്മയുടെ കഴുത്തിൽ സൈക്കിൾ ചെയിൻ കൊണ്ട് പൂട്ടുകയും, എന്നാൽ അത് ഊരാൻ കഴിയാതെ വരികയും ചെയ്തതിനെ തുടർന്ന് ഒരു അമ്മ കുഴപ്പത്തിലായി. ഒക്ടോബർ 7 -ന് ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഹുവാനിലാണ് സംഭവം. കുട്ടി പൂട്ടുമായി കളിക്കുകയായിരുന്നു. ലോക്ക് പൂട്ടാനും തുറക്കാനും ഒരു കോഡുണ്ട്. അതിന്റെ ഉപയോഗം മനസ്സിലാക്കിയ അവൻ കളിയായി അമ്മയുടെ കഴുത്തിൽ സൈക്കിൾ ചെയിൻ ഇട്ട് പൂട്ടി. ആദ്യം അമ്മയും അതൊരു തമാശയായി മാത്രമേ കണ്ടുള്ളൂ. എന്നാൽ, പൂട്ട് തുറക്കാൻ ശ്രമിച്ചപ്പോഴാണ് കളി കാര്യമായത്. മകൻ പൂട്ടിന്റെ കോഡ് മാറ്റി പുതിയത് സെറ്റ് ചെയ്തിരുന്നു. എന്നാൽ, കഷ്ടകാലത്തിന് അത് എന്തായിരുന്നെന്ന് അവന് ഓർത്തെടുക്കാനും കഴിഞ്ഞില്ല. പൂട്ട് തുറക്കാനുള്ള ശരിയായ കോഡ് ആർക്കും അറിയില്ല എന്ന അവസ്ഥയായി.

ഇതോടെ, പരിഭ്രാന്തയായ അമ്മ സഹായത്തിനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് ഓടി. പക്ഷേ പൊലീസ് ശ്രമിച്ചിട്ടും പൂട്ട് തുറക്കാൻ സാധിച്ചില്ല. ഒടുവിൽ പൂട്ട് നീക്കാൻ അഗ്നിശമന സേന രംഗത്തെത്തി. "ആ സമയത്ത് ഞാൻ ടോയ്‌ലറ്റ് വൃത്തിയാക്കുകയായിരുന്നു, എന്റെ മകൻ സൈക്കിൾ ലോക്ക് ഉപയോഗിച്ച് കളിക്കുകയായിരുന്നു. അവൻ പെട്ടെന്ന് അത് എന്റെ കഴുത്തിൽ ചുറ്റി. ഞാൻ സെറ്റ് ചെയ്ത കോഡ് ഉപയോഗിച്ച് എനിക്ക് അത് അൺലോക്ക് ചെയ്യാൻ കഴിഞ്ഞില്ല. കാരണം അവൻ പലതവണ അത് മാറ്റിയിരുന്നു. ഞാൻ ആകെ പരിഭ്രമിച്ചു” അമ്മ ഫയർഫോഴ്സിനോട് പറഞ്ഞുവെന്ന് ഏഷ്യാവൺ റിപ്പോർട്ട് ചെയ്യുന്നു.

അഗ്നിശമന സേനാംഗങ്ങൾ യുവതിയുടെ കഴുത്തിനും പൂട്ടിനുമിടയിൽ ഒരു ചെറിയ ടവൽ ചുറ്റുകയും, വയർ കട്ടറുകൾ ഉപയോഗിച്ച് പൂട്ട് നീക്കം ചെയ്യുകയും ചെയ്തു. മകനെ ഇവിടെ കൊണ്ടുവന്നാൽ, അവനെ ശരിയായ രീതിയിൽ ലോക്ക് ഇടാൻ പഠിപ്പിക്കാമെന്ന് ഒരു അഗ്നിശമനസേനക്കാരൻ സ്ത്രീയോട് പറഞ്ഞു. അവന്റെ കുറുമ്പിന് താൻ അവനെ തല്ലിയെന്നും, അവൻ ഇപ്പോൾ വീട്ടിൽ ഉറങ്ങുകയാണെന്നും യുവതി മറുപടിയും നൽകി. സ്ത്രീയുടെ കഴുത്തിലെ പൂട്ട് അഗ്നിശമനസേന നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാണ്.

YouTube video player