എഞ്ചിനീയറിംഗ് ബിരുദമുണ്ട്. പക്ഷേ, കുറഞ്ഞ ശമ്പളമുള്ള ജോലി ഓഫറുകള്‍ നിരസിച്ച് സ്വന്തമായി കാബ് ബിസിനസ് തുടങ്ങി മുംബൈ സ്വദേശിയായ യുവാവ്. ഇന്ന് മാസം രണ്ട് ലക്ഷം രൂപ വരെയാണ് അദ്ദേഹം വരുമാനം നേടുന്നത്.
കയ്യിലൊരു എഞ്ചിനീയറിംഗ് ബിരുദമുണ്ട്, മാസം 20,000 - 30,000 ശമ്പളം വരുന്ന ജോലി ഓഫറുകൾ കിട്ടി. എന്നാൽ, സ്വന്തമായി ഒരു ചെറുകിട ബിസിനസ് കെട്ടിപ്പടുത്ത് മാസം രണ്ട് ലക്ഷത്തോളം രൂപ വരുമാനം നേടുകയാണ് ഈ മുംബൈ കാബ് ഡ്രൈവർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കനേഡിയൻ കണ്ടന്റ് ക്രിയേറ്ററായ കാലെബ് ഫ്രൈസനുമായി നടത്തിയ സംഭാഷണത്തിലാണ് ഡ്രൈവർ മനസ് തുറക്കുന്നത്. ഒരൊറ്റ വാഹനം വെച്ചാണ് താൻ തന്റെ ബിസിനസ്സ് ആരംഭിച്ചതെന്നും ഈ ഡ്രൈവർ പറയുന്നു.
എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ അദ്ദേഹം പറയുന്നത്, ആദ്യമൊക്കെ തിരിച്ചടികളുണ്ടായേക്കാം, അതിൽ തളർന്ന് മതിയാക്കരുത് എന്നാണ്. എല്ലാ വലിയ ബിസിനസും ചെറിയ ബിസിനസുകളായി തന്നെയാണ് ആദ്യം തുടങ്ങിയത് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. ഒരു ബിസിനസ് ആരംഭിക്കുന്നത് റിസ്കല്ലേ എന്നും ഫ്രൈസൻ ചോദിക്കുന്നുണ്ട്. റിസ്കുകളെടുക്കുക എന്നത് ജീവിതത്തിൽ അത്യാവശ്യമാണ് എന്നാണ് ഡ്രൈവറുടെ മറുപടി. 'ജീവിതത്തിൽ നിങ്ങൾ റിസ്കുകളെടുക്കണം, അല്ലെങ്കിൽ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യേണ്ടി വരും. 60 വയസിന് ശേഷം നിങ്ങൾക്ക് ആരും ജോലി നൽകില്ല' എന്നാണ് ഈ ഡ്രൈവർ പറയുന്നത്.
തനിക്കിപ്പോൾ നാല് കാറുകളുണ്ട്. അതിൽ മൂന്നും മറ്റ് ഡ്രൈവർമാരെ വച്ചാണ് ഓടിക്കുന്നത്. ഒരെണ്ണം താൻ സ്വയം ഓടിക്കുന്നു. ഡ്രൈവർമാർ അവർക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഇദ്ദേഹത്തിന് നൽകുന്നു. ഒരു മാസം താൻ 2 ലക്ഷം രൂപ വരെ സമ്പാദിക്കും. ചില കാറുകൾക്ക് ലോണുണ്ട്. ഇഎംഐ ഒക്കെ കഴിഞ്ഞ ശേഷം 1.7 ലക്ഷം വരെ തന്റെ കയ്യിലിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടും 20,000-30,000 രൂപയ്ക്കാണ് ജോലി ഓഫർ വന്നത്, അതുകൊണ്ടെന്ത് പ്രയോജനം, അതിനാലാണ് ബിസിനസിലേക്ക് വന്നതെന്നും യുവാവ് സമ്മതിക്കുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. യുവാവിന്റെ മനോധൈര്യത്തെയും ആത്മവിശ്വാസത്തെയും ആളുകൾ അഭിനന്ദിച്ചു.
