ഇസ്താംബൂളിൽനിന്ന് വാഷിങ്ടണിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഭർത്താവിനൊപ്പം ഇരിക്കാൻ സീറ്റ് ചോദിച്ച യുവതിക്ക് അമേരിക്കൻ ട്രാവൽ ബ്ലോഗർ ടോമിക്കോ ഹാർവി സീറ്റ് നൽകിയില്ല. ഇതിനെത്തുടർന്ന് യുവതി മണിക്കൂറുകളോളം കരഞ്ഞ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ദീർഘദൂര വിമാനയാത്രയ്ക്കിടെ ഭർത്താവിനരികിൽ ഇരിക്കാനായി സീറ്റ് മാറിനൽകണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് സഹയാത്രിക മൂന്ന് മണിക്കൂറോളം കരഞ്ഞതായി അമേരിക്കൻ ട്രാവൽ ബ്ലോഗർ ടോമിക്കോ ഹാർവി. ഇസ്താംബൂളിൽനിന്ന് വാഷിങ്ടൺ ഡിസിയിലേക്കുള്ള 10 മണിക്കൂർ യാത്രയ്ക്കിടെയുണ്ടായ അനുഭവം ഹാർവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്.
ഭർത്താവിന്റെ തോളിൽ തലചായ്ച്ച് ഇരിക്കണം
പിതാവിന്റെ മരണത്തെത്തുടർന്ന് കസാഖിസ്ഥാനിൽനിന്ന് മടങ്ങുകയായിരുന്നു ഹാർവി. യാത്രയ്ക്കിടെ ഭർത്താവിനൊപ്പം ഇരിക്കാനായി സീറ്റ് മാറിനൽകണമെന്ന് ഒരു യാത്രക്കാരി ആവശ്യപ്പെട്ടെങ്കിലും ഹാർവി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് യുവതി ഏറെനേരം കരഞ്ഞതായി ഹാർവി പങ്കുവച്ച വിഡിയോയിൽ പറയുന്നു. യുവതി തുടർച്ചയായി കരയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആരെങ്കിലും മരിച്ചോയെന്ന് താൻ ചോദിച്ചതായി ഹാർവി പറഞ്ഞു. ആരും മരിച്ചിട്ടില്ലെന്നും ഭർത്താവിനെ മിസ് ചെയ്യുന്നതിനാലാണ് കരയുന്നതെന്നും അദ്ദേഹത്തിന്റെ തോളിൽ തലചായ്ച്ച് വിശ്രമിക്കണമെന്നുമായിരുന്നു യുവതിയുടെ മറുപടി.
അധിക പണം നൽകണം
യുവതിയുടെ ഭർത്താവ് രണ്ട് നിര മുന്നിലായി മധ്യസീറ്റിലായിരുന്നു ഇരുന്നിരുന്നതെന്നും യാത്രയുടെ ഭൂരിഭാഗം സമയവും ഇയാൾ ഹെഡ്ഫോൺ ധരിച്ച് ഉറങ്ങുകയായിരുന്നുവെന്നും ഹാർവി പറഞ്ഞു. ദീർഘദൂര വിമാനയാത്രകളിൽ അപരിചിതരോട് സീറ്റ് മാറിനൽകാൻ ആവശ്യപ്പെടുന്നത് ശരിയാണോയെന്ന ചോദ്യവും ഹാർവി ഉയർത്തി. ഒരുമിച്ചിരുന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ നേരത്തേ തന്നെ അടുത്തടുത്ത സീറ്റുകൾ ബുക്ക് ചെയ്യുകയോ സീറ്റ് തെരഞ്ഞെടുക്കുന്നതിനുള്ള അധിക തുക നൽകുകയോ വേണമെന്നാണ് ഹാർവിയുടെ നിലപാട്. വാഷിങ്ടൺ ഡിസിയിൽ വിമാനം ഇറങ്ങിയശേഷം ഭർത്താവിനരികിൽ ഇരിക്കാതെ 10 മണിക്കൂർ യാത്ര പൂർത്തിയാക്കിയതിന് യുവതിയെ പരിഹാസരൂപേണ അഭിനന്ദിച്ചതായും ഹാർവി പറഞ്ഞു.
ഇരുപക്ഷം പിടിച്ച് നെറ്റിസെൺസ്
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ഹാർവിയുടെ തീരുമാനത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. സ്വന്തം ഇഷ്ടപ്രകാരം സീറ്റ് തെരഞ്ഞെടുക്കുകയോ അതിനായി പണം നൽകുകയോ ചെയ്ത യാത്രക്കാർ മറ്റുള്ളവരുടെ ആവശ്യത്തിനായി സീറ്റ് വിട്ടുനൽകാൻ ബാധ്യസ്ഥരല്ലെന്നാണ് ഹാർവിയെ പിന്തുണച്ചവരുടെ വാദം. അതേസമയം, യാത്രയ്ക്കിടെ സീറ്റ് മാറിനൽകുന്നതുമായി ബന്ധപ്പെട്ട മര്യാദകളും സഹയാത്രികരോടുള്ള പരിഗണനയും സംബന്ധിച്ച ചർച്ചകൾക്കും സംഭവം വഴിവച്ചു.


