മാതാപിതാക്കളെ കഫേയിലേക്ക് ഡേറ്റിന് കൊണ്ടുപോയ മകൻ. ബില്ല് വന്നപ്പോള്‍ അടച്ചത് അച്ഛന്‍. അവര്‍ക്ക് നമ്മളെപ്പോഴും കുട്ടികളാണെന്നും അത് അങ്ങനെ തന്നെയായിരിക്കട്ടെ എന്നും യുവാവ്. മനോഹരം ഈ വീഡിയോ. 

നമ്മുടെ ഹൃദയം കവരുന്ന അനേകം മനോഹരങ്ങളായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡ‍ിയോയാണ് ഇതും. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്, ചായ് സുത്ത ബാറി (Chai Sutta Bar ) -ന്റെ സഹസ്ഥാപകനായ അനുഭവ് ദുബെയാണ്. ദുബെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ഈ കൊച്ചുവീഡിയോ ആളുകളെ വളരെ വൈകാരികമായിട്ടാണ് സ്പർശിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ, ദുബെ തന്റെ മാതാപിതാക്കളെ ഒരു കഫേയിലേക്ക് കൊണ്ടുപോയിരിക്കുന്നത് കാണാം. മാതാപിതാക്കൾക്കൊപ്പമുള്ള ഒരു 'ഡേറ്റാ'യിട്ടാണ് ദുബെ ഇതിനെ വിശേഷിപ്പിക്കുന്നത്.

എന്നാൽ, ആളുകളെ സ്പർശിച്ച കാര്യം സംരംഭകനായ ദുബെയല്ല അദ്ദേഹത്തിന്റെ അച്ഛനാണ് അവിടെ ബില്ലടയ്ക്കുന്നത് എന്നതാണ്. 'ചിലപ്പോഴൊക്കെ നിങ്ങൾ ഒരു ഡേറ്റിനായി നിങ്ങളുടെ മാതാപിതാക്കളെ പുറത്ത് കൊണ്ടുപോകൂ. നിങ്ങൾക്കായി അവർ ഓർഡർ നൽകിയെന്നിരിക്കട്ടെ, അതിന്റെ ബില്ല് നിങ്ങളുടെ അച്ഛൻ അടയ്ക്കട്ടെ. ആ ഒരു വൈകുന്നേരത്തേക്ക്, നിങ്ങൾ സമ്പാദിക്കുന്ന ഒരാളാണ് എന്നത് മറന്നേക്കുക' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.

View post on Instagram

'മാതാപിതാക്കൾക്ക് അവരുടെ മക്കൾ എപ്പോഴും കുട്ടികളാണ് എന്ന് തോന്നിയേക്കാം. നിങ്ങൾ വളർന്നു എന്ന് തോന്നുന്ന ദിവസം അവർക്ക് വയസ്സായിരിക്കുന്നു എന്നും അവർക്ക് തോന്നിയേക്കാം, അതിനാൽ മാതാപിതാക്കളുടെ മുന്നിൽ കുട്ടികളുടെ നിഷ്കളങ്കതയോടെ നിൽക്കുക' എന്നാണ് ദുബെ പറയുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നിരിക്കുന്നത്. ദുബെ മാതാപിതാക്കളോടും തിരികെ അവർ ദുബെയോടും കാണിക്കുന്ന നിഷ്കളങ്കമായ സ്നേഹത്തെ കുറിച്ചും അടുപ്പത്തെ കുറിച്ചുമാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. അച്ഛനമ്മമാരുടെ മുന്നിൽ എപ്പോഴും നമ്മൾ ആ നിഷ്കളങ്കരായ കുട്ടികളായി തന്നെ നിൽക്കുന്നത് മനോഹരമാണ് എന്ന് ദുബെയുടെ വീഡിയോ തെളിയിക്കുന്നു.