വിവാഹച്ചടങ്ങിനിടെ സിന്ദൂരം എടുക്കാൻ മറന്നുപോയ ദമ്പതികൾക്ക് മിനിറ്റുകൾക്കുള്ളിൽ അത് എത്തിച്ചുനൽകി ബ്ലിങ്കിറ്റ്. പൂജ, ഹൃഷി എന്നിവരുടെ വിവാഹത്തിനിടെ നടന്ന ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വിവാഹം എന്നാൽ അല്പം പരിഭ്രമമുണ്ടാകുന്ന ചടങ്ങാണ്. വരനും വധുവിനും ബന്ധുക്കൾക്കുമെല്ലാം ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങളാണെങ്കിലും എല്ലാ കാര്യവും വേണ്ടതുപോലെ ചെയ്യാനുള്ള തത്രപ്പാട് എന്തായാലും കാണും. അതിനിടയിൽ ചില കാര്യങ്ങളൊക്കെ മറന്നു പോകുന്നത് സാധാരണമാണ്. എന്നാൽ, വിവാഹച്ചടങ്ങിനിടെ ധരിക്കേണ്ടുന്ന സിന്ദൂരം തന്നെ മറന്നുപോയാൽ എന്തായിരിക്കും അവസ്ഥ? അതാണ് ഈ ദമ്പതികൾക്കും സംഭവിച്ചത്. എന്നാൽ, ആരും പ്രതീക്ഷിക്കാത്ത ഒരു സഹായി അവർക്ക് അവിടെയുണ്ടായി. ചടങ്ങിനിടയിൽ മറന്നുപോയ സിന്ദൂരം എത്തിച്ച് ദമ്പതികൾക്ക് തുണയായത് ബ്ലിങ്കിറ്റാണ്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇത് ഒരു പരസ്യം അല്ലെന്നും ശരിക്കും നടന്ന സംഭവമാണ് എന്നും പറഞ്ഞുകൊണ്ട് തന്നെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നെ കാണിക്കുന്നത് വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നതാണ്. അടുത്തതായി സിന്ദൂരമണിയുന്ന ചടങ്ങാണ്. എന്നാൽ, അപ്പോഴാണ് സിന്ദൂരം എടുക്കാൻ മറന്നത് എല്ലാവരും ശ്രദ്ധിക്കുന്നത്. പിന്നാലെ, വരനും വധുവും കാത്തിരിക്കുന്നതും ബന്ധുക്കൾ ബ്ലിങ്കിറ്റിൽ സിന്ദൂരം ഓർഡർ ചെയ്യുന്നതുമാണ് കാണുന്നത്. മിനിട്ടുകൾക്കുള്ളിൽ സിന്ദൂരവുമായി ബ്ലിങ്കിറ്റെത്തി. പിന്നാലെ, വരൻ വധുവിന് സിന്ദൂരം ചാർത്തുന്നതും ചടങ്ങുകൾ തുടരുന്നതും കാണാം.

View post on Instagram

പൂജ, ഹൃഷി എന്നിവരുടെ വിവാഹത്തിനിടയിലാണ് ഈ സംഭവം നടന്നത്. ബ്ലിങ്കിറ്റാണ് പൂജയുടെയും ഹൃഷിയുടെയും രക്ഷയ്ക്കെത്തിയത്, ആധുനിക കാലത്തെ പ്രണയം സംഭവിക്കുന്നത് റൊമാൻസിനൊപ്പം മാത്രമല്ല, അതേ ദിവസത്തെ തന്നെ ഡെലിവറിക്കൊപ്പം കൂടിയാണ് എന്ന് വീഡിയോയുടെ ക്യാപ്ഷനിലും പറഞ്ഞിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. എന്നാൽ, ഈ വിവാഹത്തിന് മാത്രമല്ല ബ്ലിങ്കിറ്റ് ഇതുപോലെ രക്ഷയ്ക്കെത്തിയത് എന്ന് വീഡിയോയുടെ കമന്റ് ബോക്സ് കാണുമ്പോൾ മനസിലാവും. വേറെയും ആളുകൾ തങ്ങളുടെ ബന്ധുക്കളുടെ വിവാഹത്തിന് എങ്ങനെയാണ് ബ്ലിങ്കിറ്റ് ഡെലിവറി രക്ഷയായത് എന്ന് കുറിച്ചിട്ടുണ്ട്.