ദില്ലിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ മദ്യപിച്ച ഒരു യാത്രക്കാരൻ സഹയാത്രികരുടെ മേൽ മൂത്രമൊഴിച്ചതായി ആരോപണം. ശിവം രാഘവാണ് സംഭവം പുറത്തുവിട്ടത്, സംഭവത്തിൽ എയർ ഇന്ത്യയുടെ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു.
ദില്ലിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസ് ക്യാബിനിനുള്ളിൽ ഒരു യാത്രക്കാരൻ സഹയാത്രികരുടെ മേൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ചതിന് പിന്നാലെ വിമാനത്തിൽ സംഘർഷം. മദ്യപിച്ച ഒരു മധ്യവയസ്‌കനാണ് വിമാനത്തിൽ 'കാര്യം സാധിച്ച'തെന്ന് റിപ്പോർട്ടുകൾ പറയുന്നു. 23 വയസ്സുള്ള കണ്ടന്‍റ് ക്രിയേറ്റർ ശിവം രാഘവ് തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സംഭവം വിശദീകരിച്ചത്. ബിസിനസ് ക്ലാസ് ക്യാബിനിനുള്ളിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു.
ഏറ്റവും മോശം അനുഭവം
'തനിക്കുള്ള ഏറ്റവും മോശം വിമാന അനുഭവങ്ങളിലൊന്ന്' എന്ന കുറിപ്പോടെയാണ് ശിവം തന്‍റെ വീഡിയോ പങ്കുവച്ചത്. ദില്ലി - ബാങ്കോക്ക് റൂട്ടിലാണ് താൻ പതിവായി യാത്ര ചെയ്യുന്നതെന്നും, താൻ സാധാരണയായി ഇഷ്ടപ്പെടുന്ന തായ് എയർവേയ്‌സുമായി താരതമ്യം ചെയ്യാൻ എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതെന്നും ശിവം പറയുന്നു. വിദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന 23 വയസ്സുള്ള ഒരു സോളോ ട്രാവലറാണെന്ന് സ്വയം വിശേഷിപ്പിച്ച ശിവം തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം വിമാന അനുഭവങ്ങളിൽ ഒന്നാണിതെന്നും കൂട്ടിച്ചേർക്കുന്നു. ഒപ്പം സംഭവം കൈകാര്യം ചെയ്ത രീതി തന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസ് ക്ലാസിലെ മൂത്രമൊഴി
മദ്യപിച്ച യാത്രക്കാരൻ ബിസിനസ് ക്ലാസ് ക്യാബിനിൽ വച്ച് സ്വയം നഗ്നനായി മറ്റ് യാത്രക്കാരുടെ മേൽ മൂത്രമൊഴിച്ചെന്ന് ശിവം ആരോപിച്ചു. അതേസമയം ലാൻഡിംഗിന് ശേഷം, അയാൾ യാതൊന്നും സംഭവിക്കാത്ത തരത്തിൽ സാധാരണ പോലെ പുറത്തിറങ്ങിപ്പോയെന്നും ഇത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറയുന്നു. യാത്രക്കാർ ഒരു വൺവേ ടിക്കറ്റിന് ഏകദേശം $1,000 (80,000 രൂപ) ചെലവഴിച്ചതിന് ശേഷം ഇത്തരം സംഭവങ്ങൾ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം തന്‍റെ വീഡിയോയിൽ ചോദിക്കുന്നു.
ബിസിനസ് ക്ലാസ് ക്യാബിനിൽ ആ സമയത്ത് സ്ത്രീ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഇതുപോലൊന്ന് അനുഭവിക്കേണ്ടി വന്നാൽ, അവൾക്ക് എങ്ങനെ വീണ്ടും സുരക്ഷിതത്വം അനുഭവപ്പെടുമെന്നും അദ്ദേഹം ചോദിക്കുന്നു. സംഭവം കൈ കാര്യം ചെയ്ത രീതി ശരിയാണോയെന്ന് ചോദിച്ച് കൊണ്ട് എയർ ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടിൽ അദ്ദേഹം വീഡിയോ ടാഗ് ചെയ്തു. ഒരു യാത്രക്കാരൻ ക്യാബിൻ ക്രൂവിനോട് സംഭത്തെ കുറിച്ച് ചോദിക്കുന്നതും ശിവം സംഭവം വിവരിക്കുന്നതും വീഡിയോയിൽ കാണാം. അയാൾ വിമാനത്തിന്‍റെ തറയിൽ മുഴുവനും മൂത്രമൊഴിച്ചെന്ന് ശിവം ആരോപിക്കുന്നു.
നടപടി വേണമെന്ന് ആവശ്യം
വീഡിയോ പത്ത് ലക്ഷത്തിന് മേലെ ആളുകൾ കണ്ടുകഴിഢ്ഢഞി. നിരവധി പേർ രൂക്ഷമായ പ്രതികരണം രേഖപ്പെടുത്തി. ശക്തമായ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു. പ്രത്യേകിച്ചും ഇന്ത്യക്കാർക്ക് വിമാനത്തിൽ മദ്യം നിരോധിക്കണമെന്നും കൂടുതൽ പണമുള്ളവർക്കാണ് ബിസിനസ് ക്ലാസെന്നും അതിന് പൗരബോധം ഉണ്ടെന്ന് അർത്ഥമില്ലെന്നും മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാട്ടി. അതേസമയം വീഡിയോ ഇത്രയേറെ വൈറലായിട്ടും സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


