'ഞാനൊരു ഷെഫ് ഒന്നുമല്ല, എങ്കിലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

അതിമനോഹരമായ അനേകം വീഡിയോകൾ ദിവസവും പ്രത്യക്ഷപ്പെടുന്ന ഇടം കൂടിയാണ് സോഷ്യൽ മീഡിയ. അതിൽ പലതും നമ്മുടെ മനം കവരാറുണ്ട്. അതുപോലെയിതാ വിരമിക്കുന്ന ക്യാപ്റ്റന് സഹപ്രവർത്തക നൽകിയ മനോഹരമായ വിടവാങ്ങൽ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻഡിഗോ എയർലൈൻസിലെ ഒരു ക്രൂ അംഗമാണ് തന്റെ ക്യാപ്റ്റന്റെ അവസാന സർവീസിൽ സ്വന്തമായി കേക്ക് ഉണ്ടാക്കി ആ യാത്ര അവിസ്മരണീയമാക്കിയത്. അഷു യാദ്വാദേ എന്ന ക്രൂ അംഗമാണ് ഈ മനോഹരമായ നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

'ക്യാപ്റ്റന്റെ അവസാന സർവീസിനായി ഞാൻ കേക്ക് ബേക്ക് ചെയ്തു, എല്ലാവരും അത് ആസ്വദിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു' - എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെക്കിച്ചിരിക്കുന്നത്.

'ഞാനൊരു ഷെഫ് ഒന്നുമല്ല, എങ്കിലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ചോക്ലേറ്റ് ബിസ്കറ്റുകൾ പൊടിച്ചെടുത്ത് അതിലേക്ക് കൊക്കോ മിക്സും പഞ്ചസാരയും ചേർക്കുന്നു. തുടർന്ന് ബട്ടറും പാലും ചേർത്ത് മിക്സ് തയ്യാറാക്കി മുകളിൽ ബദാം വിതറുന്നതും ദൃശ്യങ്ങളിൽ കാണാം. ആദ്യത്തെ കേക്ക് വിജയകരമായതോടെ അവർ രണ്ടാമതൊരു കേക്ക് കൂടി ഉണ്ടാക്കുന്നുണ്ട്. യാത്രയുടെ ഒടുവിൽ ക്യാപ്റ്റന് കേക്ക് സമ്മാനിക്കുകയും, മറ്റ് ജീവനക്കാരുമൊത്ത് ക്യാപ്റ്റൻ കേക്ക് മുറിച്ച് അത് ആഘോഷിക്കുകയും ചെയ്യുന്നു.

View post on Instagram
 

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'എനിക്ക് വിമാനയാത്രകളുടെ പഴയ ഓർമ്മകൾ തിരികെ കിട്ടി', 'വിമാനത്തിൽ ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദിഷ്ടമായ കേക്ക്' എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, വിമാനത്തിനുള്ളിൽ മൂർച്ചയുള്ള വസ്തുക്കൾക്ക് അനുവാദമില്ലാത്തതിനാൽ യാത്രയ്ക്കിടയിൽ ബദാം എങ്ങനെയാണ് അരിഞ്ഞെടുത്തത് എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു.